മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞയുടെ 125-ാം ജന്മദിനമാണ് 2024ൽ. ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ 1899 നവംബർ ആറിനാണ് ബനീഞ്ഞയുടെ ജനനം. ഉലഹന്നാനും മറിയാമ്മയും മാതാപിതാക്കൾ. അന്നു ബനീഞ്ഞയല്ല, മേരി.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അധ്യാപക പരിശീലനവും നേടിക്കഴിഞ്ഞ് 1922ൽ മേരി കുറവിലങ്ങാട്ട് കോൺവന്റ് സ്കൂളിൽ അധ്യാപന ജോലി സ്വീകരിച്ചു. ശന്പളത്തിനു വേണ്ടിയല്ല, ഒരു കോൺവന്റിന്റെ അന്തരീക്ഷം തന്റെ ദൈവവിളി ശക്തിപ്പെടാൻ സഹായകമാകും എന്നു കരുതിയാണ് ആ ജോലി സ്വീകരിച്ചതെന്നു പിൽക്കാലത്തെഴുതിയ "വാനന്പാടി' എന്ന ആത്മകഥയിൽ ബനീഞ്ഞ വെളിപ്പെടുത്തിയിട്ടുണ്ട്.
കുറവിലങ്ങാട്ട് സ്കൂളിൽ അധ്യാപികയായിരിക്കെയാണു മേരി ധാരാളമായി കവിതകൾ എഴുതിത്തുടങ്ങിയത്. മേരി ജോൺ തോട്ടം എന്നായിരുന്നു തൂലികാനാമം. അന്നത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മേരി ജോൺ തോട്ടത്തിന്റെ കവിതകൾ തുടരെ പ്രത്യക്ഷപ്പെട്ടു. "മലയാളത്തിൽ ഇതാ ഒരു പുതിയ കവയിത്രി' എന്നു വിശേഷിപ്പിച്ചു കാവ്യാസ്വാദകർ മേരി ജോൺ തോട്ടത്തെ ഉദാരമായി വരവേറ്റു.
മേരിയുടെ വഴി
മേരി ജോൺ തോട്ടത്തിന്റെ ആദ്യ കവിതാസമാഹാരം ഗീതാവലി, മഹാകവി ഉള്ളൂരിന്റെ അവതാരികയോടെ 1928ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതോടെ മേരി ജോൺ തോട്ടമെന്ന പേരു മലയാളി കാവ്യലോകത്ത് സുപരിചിതമായി.
ഇക്കാലമായപ്പോഴേക്കും മേരിക്കു വിവാഹാലോചനകൾ വന്നുതുടങ്ങി. വിദ്യാസന്പന്നയായ യുവതി. സാന്പത്തികശേഷിയുള്ള കുടുംബം. പിന്നെ ജോലിയും. എല്ലാറ്റിനും ഉപരി കവി എന്ന നിലയിലുള്ള പ്രശസ്തിയും. ആ പെൺകുട്ടിയുടെ കൈപിടിക്കാൻ ഏതു യുവാവാണ് ആഗ്രഹിക്കാതിരിക്കുക.
പക്ഷേ, മേരിയുടെ വഴി വ്യത്യസ്തമായിരുന്നു. അവൾ ചെറുപ്പത്തിലേ തന്റെ ഹൃദയം യേശുവെന്ന മണവാളനു സമർപ്പിച്ചുകഴിഞ്ഞിരുന്നു. ഇനി ആരു ശ്രമിച്ചാലും അതവിടെനിന്നു തിരിച്ചെടുക്കാൻ കഴിയില്ല. വീട്ടിൽ വിവാഹാലോചനകളുടെ തിരക്ക്. ഓരോന്നും അകന്നുപോകണേയെന്നു മേരിയുടെ നിരന്തര പ്രാർഥന! അക്കാലത്ത് അവർ അനുഭവിച്ച ആത്മസംഘർഷത്തിന്റെ തീവ്രത അറിയണമെങ്കിൽ ആ ആത്മകഥ വായിച്ചുനോക്കണം. ഒടുവിൽ മേരിതന്നെ വിജയിച്ചു. എല്ലാ എതിർപ്പുകളെയും അതിജീവിച്ച് അവർ സന്യാസജീവിതത്തിലേക്കു പ്രവേശിച്ചു.
അത് 1928 ജൂലൈ 18-നായിരുന്നു. അന്നേ ദിവസം ദീപികയിൽ ഒരു കവിത പ്രസിദ്ധീകൃതമായി - ലോകമേ യാത്ര. ഞാൻ സന്യാസ ജീവിതം സ്വീകരിക്കുന്നു എന്നു ലോകത്തെ അറിയിക്കുന്ന വിജ്ഞാപനം. ഒരു കവിയുടെ കന്യാകാലയ പ്രവേശ വിവരം ഒരു കവിതയിലൂടെ എല്ലാവരും അറിയുക എന്നത് അപൂർവമെങ്കിലും തികച്ചും ഉചിതമായ ഒരു സംഭവം. അടുത്ത ദിവസങ്ങളിൽ കേരള സന്ദേശം, കർമ്മല കുസുമം, സദ്ഗുരു, ചെറുപുഷ്പം എന്നീ മാസികകളിലും കവിത പ്രത്യക്ഷപ്പെട്ടു. അതോടെ "ലോകമേ യാത്ര' സാഹിത്യലോകത്താകെ ചർച്ചാവിഷയമായി.
കവിതകളുടെ പൂക്കാലം
എങ്കിലും കാവ്യാസ്വാദകർ പൊതുവെ സങ്കടത്തിലായിരുന്നു. ഒരു നല്ല കവി മലയാളത്തിനു നഷ്ടപ്പെട്ടുപോയല്ലോ എന്നതായിരുന്നു അവരുടെ ദുഃഖം. പ്രാർഥനയുടെയും പരിത്യാഗത്തിന്റെയും വരണ്ടഭൂമിയിൽ സാഹിത്യപുഷ്പങ്ങൾക്കു വിരിയാനാകില്ലെന്നവർ ഉറപ്പിച്ചു. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് വീണ്ടും ഈ കവി കാവ്യരംഗത്തു പ്രത്യക്ഷപ്പെട്ടു. 1934ൽ ഈശപ്രസാദം എന്ന ഖണ്ഡകാവ്യവുമായി. കവിയുടെ പേരും മാറിപ്പോയിരുന്നു- സിസ്റ്റർ മേരി ബനീഞ്ഞായെന്ന്. ക്രിസ്തുവിന്റെ മണവാട്ടിയായി സന്യസ്തജീവിതത്തിലേക്കു പ്രവേശിച്ചപ്പോൾ സ്വീകരിച്ച ആശ്രമനാമമാണ് മേരി ബെനീഞ്ഞ.
ആശ്രമ ജീവിതത്തിൽ ബനീഞ്ഞയുടെ പേന വിശ്രമമെന്തെന്നറിയാതെ കവിത ചൊരിഞ്ഞുകൊണ്ടിരുന്നു. 1936ൽ ചെറുപുഷ്പത്തിന്റെ കൃതികൾ വായനക്കാരുടെ കൈകളിലെത്തി. തുടർന്ന് ആധ്യാത്മിക ഗീത (1945), മാഗി (1959), മധു മഞ്ജരി (1961), ഭാരത മഹാലക്ഷ്മി (1962), കവനമേള (1965) എന്നീ കൃതികളും മലയാളത്തിനു സമ്മാനിച്ച ബനീഞ്ഞ, പിന്നീട് മഹാകാവ്യരചനയിൽ ശ്രദ്ധിച്ചു. 19 സർഗങ്ങളും 1500ലധികം പദ്യങ്ങളുമുള്ള മാർത്തോമ്മ വിജയം മഹാകാവ്യം 1977ൽ പുറത്തുവന്നു. ബനീഞ്ഞാമ്മയുടെ ജീവിതകാലത്തു പ്രസിദ്ധീകരിച്ച അവസാന രചനയാണ് അമൃതധാര എന്ന കവിതാ സമാഹാരം. ഇതോടെ ബനീഞ്ഞ മലയാളത്തിലെ വലിയ കവികളിലൊരാളായി അംഗീകരിക്കപ്പെട്ടു.
മലയാളത്തിൽ ഏറ്റവുമധികം കോപ്പി വിറ്റഴിഞ്ഞ നാലു കാവ്യകൃതികളിലൊന്നു ബനീഞ്ഞായുടെ "കവിതാരാമ'മായിരുന്നു. മറ്റു മൂന്നു കൃതികൾ കുമാരനാശാന്റെ കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയം, ചങ്ങന്പുഴയുടെ രമണൻ എന്നിവയാണ്. ഈ മൂന്നു കാവ്യങ്ങളും സംഘടിതമായ ഇതിവൃത്തത്തോടുകൂടിയ ഖണ്ഡകാവ്യങ്ങളാണ്. എന്നല്ല, അവ കഥാപ്രസംഗരൂപത്തിൽ ആയിരക്കണക്കിനു വേദികളിൽ അവതരിപ്പിക്കപ്പെട്ടതുവഴി വ്യാപകമായ ജനശ്രദ്ധയിൽ വന്നതുമാണ്. എന്നാൽ, കവിതാരാമത്തിന് ഈ ആനുകൂല്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പരസ്പര ബന്ധമില്ലാത്ത 12 കവിതകളായിരുന്നു ഉള്ളടക്കം. എന്നിട്ടും പ്രമുഖ മഹാകവികളുടെ വിഖ്യാത കാവ്യങ്ങളോടു മത്സരിക്കാൻ കവിതാരാമത്തിനു കഴിഞ്ഞു. അതിന്റെ കാരണം "ലോകമേ യാത്ര' എന്ന കവിതയുടെ സാന്നിധ്യമായിരുന്നു. ഗാനാത്മകമായ പഞ്ചചാമരവൃത്തത്തിലുള്ള 40 പദ്യങ്ങൾ.
കന്യകാലയത്തിലേക്കു പോകുന്ന ഒരു പെൺകുട്ടി ബന്ധുമിത്രാദികളോടു യാത്ര ചോദിക്കുന്നതാണു കാവ്യമെങ്കിലും അതിൽ വായനക്കാർ കേട്ടത് ജീവിതത്തോടുതന്നെ യാത്ര പറയുന്ന ഒരു വ്യക്തിയുടെ വിഷാദഭരിതമായ യാത്രാമൊഴികളാണ്. അതു കവിതയെ കൂടുതൽ വികാരഭരിതമാക്കി. അത്തരത്തിലൊരനുഭവം മലയാളത്തിൽ ആദ്യമായിരുന്നു. ഏതാണ്ട് കാവ്യാസ്വാദകരെല്ലാവരുംതന്നെ ആ നാല്പതു പദ്യങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. കാവ്യാലാപനത്തിന്റെ മാറ്റുരയ്ക്കുന്ന മത്സരവേദികളിലൂടെ ആ കാവ്യം കേരളത്തിലെ വിദ്യാഭ്യാസരംഗം കീഴടക്കുകയും ചെയ്തു. ഒരു കാവ്യം ജനകീയമാകാൻ ഇതിൽപരമെന്തുവേണം?
കാണാതിരുന്നവർ
അമൃതധാരയ്ക്കു ശേഷം ബനീഞ്ഞാമ്മ തൂലിക താഴെവച്ച മട്ടായി. ചുരുക്കംചില ആശംസകളും അനുസ്മരണാപദ്യങ്ങളും മാത്രമേ പിൽക്കാലത്തെഴുതിയതായി കാണുന്നുള്ളു. അതും ആവശ്യക്കാരുടെ നിർബന്ധത്തിനു വഴങ്ങി മാത്രം. ഇതിനിടയിൽ ബനീഞ്ഞാമ്മ തന്റെ ആത്മകഥയും എഴുതി-വാനന്പാടി. മരണാനന്തരമേ അതു പ്രസിദ്ധീകരിച്ചുള്ളൂ.
1936ൽ വെളിയിൽവന്ന "ആത്മാവിന്റെ സ്നേഹഗീത' ബനീഞ്ഞാമ്മയ്ക്കൊരു സവിശേഷപദവി സമ്മാനിച്ചു- മിസ്റ്റിക് കവി. ഇതല്ലാതെ രണ്ടാമതൊരു മിസ്റ്റിക് കാവ്യം മലയാളത്തിലെ ഒരു കവിയിൽനിന്നും നാളിതുവരെ നമുക്കു ലഭിച്ചിട്ടില്ല. ക്രിസ്തുവാകുന്ന മണവാളനെത്തേടിപ്പോകുന്ന ഒരു കന്യകയുടെ ദുർഘടവും സാഹസികവുമായ യാത്രയാണ് കാവ്യത്തിന്റെ ഉള്ളടക്കം. മണവാളഗൃഹത്തിന്റെ പടിവാതിൽക്കലെത്തി മണവാട്ടി മണവാളന്റെ വിളിയും കാത്തുനിൽക്കുന്നിടത്താണു കാവ്യം അവസാനിക്കുന്നത്. ഇതൊന്നും മനസിലാക്കാൻ ശ്രമിക്കാതെ, മലയാളത്തിൽ ഒരു മിസ്റ്റിക് കാവ്യം ഉണ്ടാവില്ല എന്ന മുൻവിധിയുടെ ഇരുട്ടറയിൽ പതുങ്ങിയിരിക്കുകയാണു നമ്മുടെ കാവ്യനിരൂപകർ ഇന്നും!
1971ൽ മാർപാപ്പയിൽനിന്നു ബനീഞ്ഞാമ്മയ്ക്കു "ബെനേ മെരേന്തി' ബഹുമതി ലഭിച്ചു. അതല്ലാതെ മറ്റ് അംഗീകാരങ്ങളൊന്നും അവർക്കു ലഭിച്ചിട്ടില്ല. 1956 മുതൽ കേരള സാഹിത്യ അക്കാദമി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, അവർ ഒരിക്കലും ബനീഞ്ഞാമ്മയെ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. അതിനൊന്നും കാത്തുനിൽക്കാതെ 1985 മേയ് 21ന് ആ പാടുന്ന പൈങ്കിളി തന്റെ പാട്ടുമായി സ്വർഗത്തിലേക്കു പറന്നുപോയി.
ഡോ. കുര്യാസ് കുന്പളക്കുഴി