ഫിലാഡൽഫിയയിൽനിന്ന് 80 മൈൽ സഞ്ചരിച്ചാൽ ലങ്കാസ്റ്ററിലെത്താം. കൗതുകകരമായ ചില കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ ഡിജിറ്റൽ- സാങ്കേതിക യുഗത്തിലും അതിന്റെ കൃത്രിമത്വങ്ങളിലൊന്നും മുങ്ങാതെ പ്രകൃതിയോടു ചേർന്നു ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഒരു ജനതയെ ഇവിടെ കാണാം.
വസന്തം വേനലിനു വഴിമാറുന്ന ജൂണിലെ തെളിഞ്ഞ നീലാകാശത്തിനു താഴെ വാഹനത്തിരക്കില്ലാതെ നീണ്ടുപോകുന്ന ഹൈവേ, കൃത്യമായ ട്രാഫിക് അടയാളങ്ങൾ, ഇരുവശവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പുൽത്തകിടികളും വൃക്ഷനിബിഡ വനങ്ങളും. പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ കൗണ്ടിയിലെ സ്ട്രാസ്ബർഗ് വിനോദയാത്രികരുടെ ഇഷ്ടഗ്രാമമാണ്. തനതായ ജീവിതരീതികൾ പിന്തുടരുന്ന ആമിഷ് സമൂഹമെന്നറിയപ്പെടുന്ന ഒരു ക്രിസ്തീയ വിഭാഗമാണ് ഇവിടുത്തെ ജനത. അവരുടെ ജീവിതത്തെ അടുത്തറിയുന്പോൾ ആരും അതിശയിക്കും, ഈ കാലഘട്ടത്തിലും ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുമോ?
കലർപ്പില്ലാത്ത ജീവിതം
ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളും എഐയും സോഷ്യൽ മീഡിയയുമൊക്കെ ആഗോളതലത്തിൽ ജനജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന യുഗത്തിലും പതിനെട്ടാം നൂറ്റാണ്ടിലെ കാർഷിക ജീവിതവ്യവസ്ഥയിൽനിന്ന് അധികമൊന്നും മാറാതെ ജീവിക്കുന്ന ഒരു ജനതയെ ഇവിടെ കാണാം. ഒരു സ്വാശ്രയജീവിത ശൈലിയുള്ള സമൂഹം. ആമിഷുകളുടെ ഈ ഗ്രാമം ഫാം ടൂറിസത്തിന്റെ കേന്ദ്രമാണ്. സ്ട്രാസ്ബർഗിലെത്തുമ്പോൾ വഴിയിൽ ഒരു റെയിൽവേ മ്യൂസിയം കാണാം. ആദ്യ കാല തീവണ്ടികൾ, അതിൽ സഞ്ചരിക്കാനും പറ്റുമെന്നു കേട്ടു. ഈ ചെറിയ സമൂഹം ജീവിക്കുന്നത് മുഖ്യമായും കൃഷിയുത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ടൂറിസം എന്നിവയെ ആശ്രയിച്ചാണ്. എന്നാൽ, ദിവസം തോറും നൂറുകണക്കിനു സന്ദർശകർ ഇവിടേക്ക് എത്തുന്നതിനു പിന്നിൽ മറ്റൊരു കാര്യവും കൂടിയുണ്ട്. ഇവിടെയുള്ള സൈറ്റ് & സൗണ്ട് തീയറ്ററിലെ ബൈബിൾ ആവിഷ്കാരം കാണാനാണത്.
സിനിമ കാണുന്നതുപോലെ
ഗ്രാമത്തിലൂടെ സഞ്ചരിക്കുന്പോൾ പഴയ കാലഘട്ടത്തെക്കുറിച്ചുള്ള ഒരു സിനിമ കാണുകയാണോ നമ്മൾ എന്നു സംശയം തോന്നാം. കാരണം ചുറ്റും തെളിയുന്ന കാഴ്ചകൾ പതിറ്റാണ്ടുകൾ മുന്പുതന്നെ പല നാട്ടിൽനിന്നും പോയി മറഞ്ഞവയാണ്. മറ്റു നാടുകളിലെ പുതുതലമുറകൾക്കു കേട്ടുകേൾവി പോലും ഇല്ലാത്ത കാഴ്ചകൾ.
ഗ്രാമത്തിലൂടെയുള്ള യാത്രയിൽ കർഷക ഭവനങ്ങളെ അടയാളപ്പെടുത്തുന്ന ഗോപുരങ്ങൾ പോലെ ഉയർന്നു നിൽക്കുന്ന പത്തായങ്ങൾ കാണാം. ഇടയ്ക്കിടെ നാട്ടുകാർ സഞ്ചരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിനെ ഓർമിപ്പിക്കുന്ന കുതിരവണ്ടികളും ഒാടിയെത്തും. പുറത്തുനിന്നു വരുന്ന കാറുകളും ബസുകളുമൊക്കെയാണ് ഈ നാട്ടിലെ വീഥികൾക്ക് ഇന്നിന്റെ മുഖം നൽകുന്നത്. പുറത്തുനിന്ന് എത്തുന്ന വാഹനങ്ങൾ പ്രധാനമായും സൈറ്റ് ആൻഡ് സൗണ്ട് തിയറ്ററിന്റെ വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിലേക്കാണ് എത്തുന്നത്. അതീവ ഹൃദ്യമായി ഡിസൈൻ ചെയ്തിരിക്കുന്ന കാമ്പസ്. അതിനു നടുവിൽ വാസ്തുശില്പഭംഗിയുടെ മകുടമായി ഉയർന്നു നില്ക്കുന്ന നാടകശാല. ഈ സീസണിലെ പ്രദർശനം "Daniel'' ആണ്. സന്ദർശകർ കുടുംബങ്ങളായും സമൂഹങ്ങളായും ഒറ്റയ്ക്കുമെത്തിയിട്ടുണ്ട്. മുൻകൂട്ടി സീറ്റുകൾ ബുക്കുചെയ്തവരാണ് എല്ലവരുംതന്നെയെന്നു തോന്നുന്നു. കൗണ്ടറിൽ തിരക്കില്ല.
ശാലയുടെ പ്രവേശനകവാടത്തിലൊരുക്കിയിരിക്കുന്ന വലിയ ശില്പം ഇതിന്റെ പിന്നിലെ ആശയത്തെ സൂചിപ്പിക്കുന്നു. പാറയിടുക്കിൽ ശയിക്കുന്ന ഒരു സിംഹം. സിംഹത്തിന്റെ ഒപ്പം ശാന്തമായി കിടക്കുന്ന ആട്ടിൻകുട്ടി. ഏശയ്യാ പ്രവചനം 11നെ ഓർമിപ്പിക്കുന്ന ആവിഷ്കാരം. സമാനമായ അനേകം ബൈബിൾ വചനാവിഷ്കാരങ്ങൾ തിയറ്ററിന്റെ ലോബിയിലും പുറത്തും വേറെയുണ്ട്. പുസ്തകങ്ങളും മുൻ പ്രദർശനങ്ങളുടെ വീഡിയോ റിക്കാർഡിംഗുകളും കരകൗശല വസ്തുക്കളുമൊക്കെ പലരും വാങ്ങുന്നുണ്ട്. ചൈനീസും യൂറോപ്യൻ ഭാഷകളും ഹിന്ദിയും ഇംഗ്ലീഷും ആഫ്രിക്കൻ ഭാഷകളുമൊക്കെ സംസാരിക്കുന്ന സന്ദർശകസമൂഹം... ആഗോളഗ്രാമം ഇതല്ലേ എന്നോർത്തുപോയി.
വിസ്മയം ഈ തിയറ്റർ
തിയറ്ററിനുള്ളിൽ ബാൽക്കണിയിലും താഴെയുമായി സീറ്റുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. ബഹളമൊന്നുമില്ല. ബ്രോഷർ വായിച്ച് എന്താണ് കാണാൻ പോകുന്നത് എന്നതിനെപ്പറ്റി ഒരു മുൻധാരണ എല്ലവർക്കുമുണ്ട്. പഴയനിയമത്തിലെ പ്രധാന ഗ്രന്ഥമായ ദാനിയേലിന്റെ പുസ്തകത്തിലെ ചരിത്രപശ്ചാത്തലത്തിൽനിന്നും അതിന്റെ പ്രവചന സ്വഭാവത്തിന് ഊന്നൽ നൽകിയുള്ള രണ്ടര മണിക്കൂർ ആവിഷ്കാരമാണ് തുടങ്ങുന്നത്.
3,000 സീറ്റുകളുള്ള നാടകശാലയ്ക്കുള്ളിൽ സദസിന്റെ രണ്ടു വശത്തേയ്ക്കും നീണ്ടതും അർധവൃത്താകൃതിയിലുള്ളതുമായ സ്റ്റേജിന്റെ സജ്ജീകരണങ്ങൾ ഏറ്റവും ആധുനികമായതാണ്. 300 അടി വീതിയും 40 അടി ഉയരവുമുണ്ട് സ്റ്റേജിന്. സദസിന്റെ ശ്രദ്ധ പതറാതെ വേദിയിലെ സംഭവങ്ങളെ മിഴിവോടെ അവതരിപ്പിക്കാനുള്ള പ്രകാശ ക്രമീകരണങ്ങൾ, സൂക്ഷ്മമായ ശബ്ദ നിയന്ത്രണം, ഡിജിറ്റൽ പ്രൊജക്ഷന്റെ സാധ്യതകളെ ഉപയോഗിച്ചുള്ള സ്പെഷൽ ഇഫക്ടുകൾ. നാടകശാല മുഴുവൻ സ്റ്റേജായി മാറുന്നു. തുടക്കത്തിൽത്തന്നെ സ്റ്റേജിനു മുന്നിൽ സദസിന്റെ മുകളിൽകൂടി സഞ്ചരിച്ച് ഉയർന്നു നില്ക്കുന്ന നെബുക്കദ്നെസർ കണ്ട സ്വപ്നത്തിലെ കൂറ്റൻ പ്രതിമ പ്രേക്ഷകരെ സ്തബ്ധരാക്കി. പിന്നാലെ വരുന്ന ഓരോ രംഗവും സാങ്കേതിക മികവും ചടുലമായ രംഗാവിഷ്കാരങ്ങളും കൊണ്ട് നമ്മെ പിടിച്ചിരുത്തും. ഒപ്പം ബൈബിൾ സന്ദേശത്തിന്റെ കാതലിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു.
ദാനിയേലിന്റെ ജറൂസലേമിലെ ബാല്യകാലം, ബാബിലോണിയയിലെ പ്രവാസജീവിതത്തിൽ നേരിട്ട കഠോര പരീക്ഷണങ്ങൾ, പ്രവചനങ്ങളും സ്വപ്നവ്യാഖ്യാനങ്ങളും വഴി സ്വന്തം ജനത്തിന്റെ വഴികാട്ടിയും രാജാവിന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകനുമായി തീരുന്നതും, സാമ്രാജ്യത്തിന്റെ തകർച്ചയും പുതുസാമ്രാജ്യങ്ങളുടെ ഉയർച്ചയും എല്ലാം രണ്ട് അങ്കങ്ങളിൽ വിന്യസിച്ചിട്ടുള്ള 26 രംഗങ്ങളിലൂടെ ആവിഷ്കൃതമാകുന്നു. ജറുസലേം നഗരവും നെബുക്കദ്നസറുടെ ബാബിലോണും, ജറുസലേം ദേവാലയം, രാജകൊട്ടാരം, തെരുവുകൾ, നദികൾ എല്ലാം സിനിമയിലെന്നപോലെ നാടകവേദിയിൽ നിമിഷങ്ങൾകൊണ്ട് മാറിമാറി വരുന്ന സ്റ്റേജ് ക്രാഫ്റ്റ്. മൃഗങ്ങളും മനുഷ്യരും അഭിനയ വേദിയിലുണ്ട്. മൃഗങ്ങൾ സദസിനിടയിൽ കൂടിയാണ് സ്റ്റേജിലേക്കു വരുന്നത്!
ദാനിയേൽ സിംഹക്കൂട്ടിലടയ്ക്കപ്പെടുന്ന രംഗത്ത് ഇറങ്ങിവരുന്ന സിംഹങ്ങൾ വേദിയിൽ വരുമ്പോൾ അവ യാഥാർഥ്യമോയെന്നു തോന്നിപ്പോവുന്ന തന്മയത്വത്തോടെയാണ് പ്രത്യക്ഷമാകുന്നത്. ഓപ്പെറ, ഡിജിറ്റൽ പ്രൊജക്ഷൻ, സംഗീതം, നൃത്തം, കോറസ് ആലാപനങ്ങൾ എല്ലാം ലയിപ്പിച്ചു ചെയ്തിട്ടുള്ള അനന്യമായ നാടകാനുഭവമാണ് ഇവിടെ. 60ൽപരം അഭിനേതാക്കൾ, സംഗീതജ്ഞരടക്കം അത്രത്തോളംതന്നെ പിന്നണി പ്രവർത്തകരും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നിന് വിനോദത്തിനപ്പുറം വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. അവരുടെ മുൻകാല സൃഷ്ടികളും ചേർത്തുവയ്ക്കുമ്പോൾ ഇതു വ്യക്തമാകും. ബൈബിൾ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക. ക്രിസ്തീയ ബൈബിൾ സന്ദേശങ്ങളാണ് ഓരോ സൃഷ്ടിയും സംവഹിക്കുന്നത്. യോനാ, മോസസ്, നോഹ തുടങ്ങിയ കഥകളടക്കം മറ്റനേകം അവതരണങ്ങളും മുമ്പ് വന്നിട്ടുണ്ട്.
നാടകശാലയുടെ കഥ
ലങ്കാസ്റ്റർ കൗണ്ടിയിലെ ഒരു കർഷക കുടുംബത്തിൽ കന്നുകാലി വളർത്തലുമായി കഴിഞ്ഞുവന്ന ഗ്ലെൻ എഷൽമാൻ ഫോട്ടോഗ്രഫിയിലും ദൃശ്യാവിഷ്കാരങ്ങളിലും തത്പരനായിരുന്നു. ചിത്രപ്രദർശനവുമായി നടന്ന ഗ്ലെൻ വിവാഹശേഷം ഭാര്യ ഷേർലിയുമായി ചേർന്ന് തന്റെ ലാൻഡ്സ്കേപ് പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും പ്രദർശിപ്പിച്ചു വരുമാന മാർഗമാക്കി. 1964ൽ ഇതു സൈറ്റ് ആൻഡ് സൗണ്ട് എന്ന പേരിൽ മൾട്ടിമീഡിയയിലേക്കു പരിണമിച്ചു. ഇതു വിജയകരമെന്നു കണ്ട് 1976ൽ അവർ "ലിവിംഗ് വാട്ടേഴ്സ്'' എന്ന പേരിൽ തിയറ്റർ തുടങ്ങി. സ്വന്തമായി തുടങ്ങിയ സ്ഥിരം നാടകവേദിയുടെ ലക്ഷ്യം ബൈബിൾ കഥകളും ആശയങ്ങളും പ്രചരിപ്പിക്കുക എന്നതായിരുന്നു. ഇതു വൻ വിജയമായി ദേശീയ ശ്രദ്ധയാകർഷിച്ചു. എന്നാൽ, 1997ൽ ഒരു തീപിടിത്തം ഉണ്ടായതോടെ താത്കാലികമായി നിർത്തിവയ്ക്കണ്ടി വന്ന തിയേറ്റർ രണ്ടു വർഷം കഴിയും മുമ്പേ കൂടുതൽ സജ്ജീകരണങ്ങളോടെ ഇപ്പോഴിരിക്കുന്ന സ്ട്രാസ്ബർഗിലെ കാമ്പസിൽ പുനഃസ്ഥാപിച്ചു.
2008ൽ ഇതിനു മിസോറിയിൽ ഒരു ശാഖകൂടി സ്ഥാപിക്കപ്പെട്ടു. ഒപ്പംതന്നെ സൈറ്റ് ആൻഡ് സൗണ്ട് ഡിജിറ്റൽ സംപ്രേഷണങ്ങളും തുടങ്ങിവച്ചു. ഇരുപതിലധികം ബൈബിളധിഷ്ഠിത ആവിഷ്കാരങ്ങൾ വേദിയിലെത്തിക്കുക മാത്രമല്ല സിനിമാരൂപത്തിലും ഓൺലൈനായും പ്രേക്ഷകരിലെത്തിച്ചു. ഇന്നു ലങ്കാസ്റ്റർ കൗണ്ടിയിലെ ആമിഷ് ഗ്രാമത്തിലെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടമാകുന്ന അനുഭവമാണ് സൈറ്റ് ആൻഡ് സൗണ്ട് സമ്മാനിക്കുന്നത്.
ആമിഷുകളുടെ കഥ
അമേരിക്കയിലെ യൂറോപ്യൻ കുടിയേറ്റത്തിന്റെ ഭാഗമായി മധ്യ യൂറോപ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, നെതർലൻഡ്, ജർമനി എന്നിവിടങ്ങളിൽനിന്നു പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുടിയേറിയവരുടെ പിൻമുറക്കാർ. പ്രൊട്ടസ്റ്റന്റ് സമൂഹത്തിൽനിന്നു പല കാരണങ്ങളാൽ വിഘടിച്ചു പോയ അനാബാപ്റ്റിസ്റ്റുകളിൽ ഒരു വിഭാഗം മതമർദനവും നിർബന്ധിത സൈനിക സേവനവും ഒഴിവാക്കാനായി 1683ൽതന്നെ യൂറോപ്പ് വിട്ടിരുന്നു. പിന്നീട് പലഘട്ടങ്ങളിലായി സമാനചിന്താഗതിക്കാരായ ചെറിയ ഗ്രൂപ്പുകൾ അമേരിക്കയുടെ പല ഭാഗങ്ങളിലായി ചെന്നു താമസമാക്കി. മതസഹിഷ്ണുതയ്ക്കു പേരുകേട്ട പെൻസിൽവാനിയയായിരുന്നു പലരുടെയും ഇഷ്ട വാസസ്ഥലം. ജർമൻ ഭാഷ സംസാരിക്കുന്ന മെന്നോനൈറ്റുകൾ എന്നറിയപ്പെട്ട ഒരു കൂട്ടരാണ് ലങ്കാസ്റ്റർ കൗണ്ടിയിൽ കുടിയേറിയത്.
കർശനമായ സാമൂഹ്യ അച്ചടക്കം, കഠിനാധ്വാനം, ബൈബിൾ അധിഷ്ഠിത ജീവിതചര്യകൾ... ഇവയൊക്കെയാണ് ഇപ്പോഴും ഇവർ പാലിച്ചുപോരുന്ന ജീവിത ശൈലി. അമേരിക്കൻ ജീവിതത്തിന്റെ മുഖ്യധാരയിൽനിന്നു വിട്ടുജീവിക്കുമ്പോഴും ഇവർ അവിടെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാണ്. ലങ്കാസ്റ്റർ കൂടാതെ ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിലും ആമിഷുകളെ കാണാം. ആധുനിക ജീവിതരീതികളുടെ ഒച്ചപ്പാടുകളില്ലാതെ, പരക്കം പാച്ചിലുകളില്ലാതെ, ഡിജിറ്റൽ പിരിമുറുക്കങ്ങളില്ലാതെ ശാന്തമായി അവർ ജീവിക്കുന്നു.
ജൈവകൃഷിയും ദൈനംദിന അധ്വാനത്തിൽനിന്നുള്ള വരുമാനവുംകൊണ്ട് തികച്ചും പ്രശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ ജീവിച്ചുപോരുന്ന ഈ സമൂഹം പുറംലോകത്തിനു എക്കാലവും വലിയ കൗതുകമാണ്. സ്ട്രാസ്ബർഗിൽനിന്നു മടങ്ങുമ്പോൾ ആരും വിചാരിക്കും, ഇനിയും വരണമിവിടെ...
പ്രഫ. ജിജി കൂട്ടുമ്മേൽ