ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കിയത് 10 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍... വാങ്ങാനുള്ള വരുമാനം എങ്ങനെ ലഭിച്ചു? വായിക്കാം സായൂജ് എസ്. ചന്ദ്രന്റെ കഥ.
കഴിഞ്ഞ ജൂണ്‍ 25ന് വൈകുന്നേരമാണ് രാജപുരം സെന്റ് പയന്‍സ് ടെന്ത് കോളജിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിലെ അസി. പ്രഫസര്‍ സിനോഷ് സ്കറിയാച്ചന്‍ തന്റെ വിദ്യാര്‍ഥിയായ സായൂജ് എസ്. ചന്ദ്രനെ വിളിക്കുന്നത്. മൈക്രോബയോളജി റിക്കാര്‍ഡ് സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു അത്. സായൂജ് ആണെങ്കില്‍ ഇനിയും റിക്കാര്‍ഡ് വച്ചിട്ടില്ല. പഠിക്കാന്‍ മിടുക്കനാണ് സായൂജ്. എന്നുകരുതി ഇത്തരം കാര്യങ്ങളില്‍ ഇളവ് പാടില്ലല്ലോ.
അതിനാല്‍ നാളെത്തന്നെ നിര്‍ബന്ധമായും റിക്കാര്‍ഡ് വയ്ക്കണമെന്ന് സിനോഷ് പറഞ്ഞു. എന്നാല്‍, നാളെ പുതിയ കാര്‍ വാങ്ങാന്‍ പോവുകയാണെന്നും അതിനാല്‍ ക്ലാസില്‍ വരുന്നതിൽനിന്ന് ഒഴിവുനൽകണമെന്നുമായിരുന്നു സായൂജിന്റെ മറുപടി. അച്ഛനും അമ്മയും കാര്‍ വാങ്ങുന്നതിനു നീയെന്തിനു ക്ലാസില്‍ വരാതിരിക്കണം, റിക്കാര്‍ഡ് വയ്ക്കാതിരിക്കാൻ ഇതൊരു കാരണമല്ലെന്നും സിനോഷ് പറഞ്ഞു.
അതിന് സായൂജ് നൽകിയ മറുപടി സിനോഷിനെ അദ്ഭുതപ്പെടുത്തിയെന്നു മാത്രമല്ല, കാസര്‍ഗോഡ് ജില്ലയിലെ ഒരു മലയോരഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് പയസ് കോളജിലെ സെലിബ്രിറ്റിയായി സായൂജിനെ മാറ്റുകയും ചെയ്തു. കാർ വാങ്ങുന്നതു മാതാപിതാക്കളല്ല, താനാണെന്നായിരുന്നു സായൂജിന്റെ മറുപടി. മാത്രമല്ല, താൻ തനിയെ നേടിയ വരുമാനം ഉപയോഗിച്ചാണ് കാർ വാങ്ങുന്നതെന്നുകൂടി പറഞ്ഞതോടെ അധ്യാപകൻ ശരിക്കും ത്രില്ലടിച്ചു. ഒരു രൂപ പോലും വായ്പയെടുക്കാതെ പഠനത്തിനൊപ്പം സ്വന്തമായി സമ്പാദിച്ച രൂപകൊണ്ട് അങ്ങനെ സായൂജിന്റെ വീട്ടിലേക്കു മാരുതി ബെലേനോ കാർ എത്തി!.
ഞാന്‍ പോലും അഞ്ചുലക്ഷം രൂപ വായ്പയെടുത്താണ് കാര്‍ വാങ്ങിയത് -കോളജിലെ മറ്റൊരു അസി. പ്രഫസറായ ഡോ. ഷിനോ പി. ജോസ് ചിരിച്ചുകൊണ്ട് പറയുന്നു.
കാശുണ്ടാക്കുന്ന പഠനം!
ഒരു ബിരുദവിദ്യാര്‍ഥിക്ക് കാര്‍ വാങ്ങാനുള്ള വരുമാനമൊക്കെ എങ്ങനെ കിട്ടിയെന്ന് അറിയാനായിരുന്നു പിന്നീടു പലർക്കും ആകാംക്ഷ. സായൂജ് പറഞ്ഞ കഥ പലരെയും അദ്ഭുതപ്പെടുത്തി. ഐഎഎസ് മോഹവുമായി നടക്കുന്ന സായൂജ് കഴിഞ്ഞ ഒരുവര്‍ഷം മുമ്പ് ആരംഭിച്ച ഐഎഎസ് കോച്ചിംഗ് യൂ ട്യൂബ് ചാനലാണ് പിന്നീടു വഴിത്തിരിവായി മാറിയത്. ""ഞാന്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പഠിച്ചത് മറന്നുപോകാതിരിക്കാനുമാണ് യു ട്യൂബ് ചാനല്‍ തുടങ്ങുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു റിവിഷന്‍ കൂടിയാണ്.’’ -സായൂജ് പറയുന്നു.
2023 ഏപ്രിലിലാണ് ഐഎഎസ് മലയാളം ഹബ് എന്ന യു ട്യൂബ് ചാനലിന് സായൂജ് തുടക്കമിടുന്നത്. 10 പേരായിരുന്നു ആദ്യം ക്ലാസിലുണ്ടായിരുന്നത്. നിലവില്‍ ഐടി പ്രഫഷണലുകള്‍, കോളജ് അധ്യാപകര്‍, എന്‍ജിനിയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥികള്‍...അങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട 93 പേര് ക്ലാസിലുണ്ട്.
ചാനല്‍ ആരംഭിച്ചു വെറും രണ്ടു മാസംകൊണ്ട് 10,000 കാഴ്ചക്കാരെ ലഭിച്ചു. രാത്രി എട്ടിന് തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസ് 10 വരെ നീണ്ടുപോകാറുണ്ട്. പ്രിലിമിനറി പരീക്ഷ പേപ്പറുകളായ ജനറല്‍ സ്റ്റഡീസ്, സിവില്‍ സര്‍വീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സി-സാറ്റ്) എന്നിവയിലും ഹിസ്റ്ററി, ജ്യോഗ്രഫി, കറന്റ് അഫയേഴ്സ് എന്നിവയിലുമാണ് സായൂജ് ക്ലാസെടുക്കുന്നത്.
ആദ്യ സ്വപ്നം ഡോക്ടര്‍
കാസര്‍ഗോഡിനു സമീപം ചെങ്കള എടനീരിലെ വിമുക്തഭടന് പി. ചന്ദ്രന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ സതിയുടെയും മകനാണ്. എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ ആവുക എന്നതായിരുന്നു ആദ്യ സ്വപ്നം.
എന്നാല്‍, നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ആ മോഹം ഉപക്ഷേിച്ചു. ഡിഗ്രിക്കു വൈദ്യശാസ്ത്രവുമായി അടുത്തുനില്ക്കുന്ന ഒരു കോഴ്സ് പഠിക്കാൻ ആഗ്രഹിച്ചു. അതിനാല്‍ മൈക്രോബയോളജി തെരഞ്ഞെടുത്തു. ഡിഗ്രി കോഴ്സായി മൈക്രോബയോളജി ഉള്ള ഏക കോളജ് രാജപുരം സെന്റ് പയസ് ടെന്ത് കോളജായിരുന്നു. വീട്ടില്‍നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള കോളജില്‍ എത്തിച്ചേരാന്‍ മൂന്നു ബസുകള്‍ മാറിക്കയറണം. മാത്രമല്ല മൂന്നു മണിക്കൂറോളം സമയവുമെടുക്കും. എന്നിട്ടും സെന്റ് പയസില്‍ ചേരാന്‍തന്നെ സായൂജ് തീരുമിച്ചു.
പത്രവായനയ്ക്കു തുടക്കം
കോളജില്‍ ചേര്‍ന്നതോടെയാണ് ഐഎഎസ് മോഹം തലയ്ക്കുപിടിക്കുന്നത്. 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടിയ രാജസ്ഥാന് സ്വദേശി അക്ഷത് ജെയിനിന്റെ വിജയമാണ് ഇതിനു പ്രചോദനമായത്. ഇന്റര്‍നെറ്റില്‍നിന്നു സൗജന്യമായി ലഭിക്കുന്ന കണ്ടന്റുകള്‍ മാത്രം ഉപയോഗിച്ച് വെറും ഒരു വര്‍ഷംകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അക്ഷതിന്റെ ജീവിതകഥ സായൂജിനെയും പ്രചോദിപ്പിച്ചു.
സിവില്‍ സര്‍വീസ് തയാറെടുപ്പിന്റെ ഭാഗമായി ആദ്യം ചെയ്തത് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയുടെ ഇ-പേപ്പറുകളുടെ വരിക്കാരനാവുകയായിരുന്നു. അങ്ങനെ ആദ്യമായി പത്രവായന ദിനചര്യയുടെ ഭാഗമായി. അതില്‍നിന്നു കുറിപ്പുകള്‍ തയാറാക്കി. തുടക്കത്തില്‍ ഹിന്ദുവിലെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ബുദ്ധിമുട്ടായി തോന്നി. ഇതിനെ മറികടക്കാന്‍ ഇഗ്ലീഷ് നോവലുകള്‍ വായിക്കാനും ഇംഗ്ലീഷ് സിനിമകള്‍ സബ്ടൈറ്റില്‍ വച്ച് കാണാനും തുടങ്ങി.
കൂടാതെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും ശശി തരൂരിന്റെയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ""ജയശങ്കറിന്റെ പ്രസംഗം എനിക്കു വളരെ ഇഷ്ടമാണ്. സിവില്‍ സര്‍വീസ് നേടാന്‍ അദ്ദേഹത്തെപോലെ ചടുലമായി ഇംഗ്ലീഷ് സംസാരിക്കണമെന്നില്ല. നമ്മള് നന്നായി ആശയവിനിമയം നടത്തണമെന്ന് മാത്രം. കണ്ടന്റില്‍ ആയിരിക്കണം നമ്മുടെ പ്രധാന ശ്രദ്ധ.'-സായൂജ് പറയുന്നു.
എട്ടുമാസംകൊണ്ട് സായൂജ് ഹിസ്റ്ററി, ജ്യോഗ്രഫി, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ജനറല്‍ സ്റ്റഡീസ്, കറണ്ട് അഫയേഴ്സ് എന്നിവ വിശദമായിത്തന്നെ പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞു. മൈക്രോബയോളജി സിവില്‍ സര്‍വീസിന് ഓപ്ഷണല്‍ വിഷയം അല്ലാത്തതിനാല്‍ സോഷ്യോളജിയാണ് സായൂജ് തെരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷയ്ക്കു വരുന്ന 90 ശതമാനത്തോളം ചോദ്യങ്ങളും എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്കുകളെ ആസ്പദമാക്കിയിട്ടുള്ളതായിരിക്കും എന്നതിനാല്‍ ആറു മുതല്‍ 12 വരെയുള്ള എന്‍സിഇആര്‍ടി സിലബസും വിശദമായി കവര്‍ ചെയ്തു.
നോട്ടിന് ആവശ്യക്കാർ
രാത്രി പഠിക്കാനാണ് സായൂജിന് ഇഷ്ടം. പഠനം ചിലപ്പോള്‍ പുലര്‍ച്ചെ മൂന്നുവരെ നീണ്ടുപോകും. എങ്കിലും രാവിലെ ആറിനുതന്നെ എഴുന്നേല്ക്കും. ഏഴിന് കോളജിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഐപാഡിലൂടെയാണ് പത്രം വായന തുടങ്ങുന്നത്. ക്ലാസില്‍ ഒഴിവു സമയങ്ങളിലും പത്രം വായന തുടരും. സ്കൂട്ടറിലാണ് യാത്രയെങ്കില്‍ കോളജിന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ചായക്കടയില്‍ നിര്‍ത്തി, ഒരു ചായ കുടിച്ചുകൊണ്ട് പത്രം വായിക്കും.
വൈകുന്നേരം ഏഴിന് വീട്ടിലെത്തുന്നതിനു മുമ്പായി രണ്ടു പത്രങ്ങളും വായിച്ചുതീര്‍ത്തിരിക്കും. പിന്നീട് ഇതുവച്ച് നോട്സ് തയാറാക്കി വീഡിയോ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യും. ഇതിന്റെ ലിങ്ക് സബ്സ്ക്രൈബ് ചെയ്തവര്‍ക്കു വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും. മലയാളത്തില്‍ വളരെ പതുക്കെയാണ് സായൂജ് ക്ലാസെടുക്കുക. ഇംഗ്ലീഷില്‍ തയാറാക്കുന്ന നോട്സ് ടെലിഗ്രാമിലൂടെ നല്‍കും.
എല്ലാ ആഴ്ചയും പ്രധാന സംഭവങ്ങളുടെ വാരാന്ത്യ അവലോകനവുമുണ്ടാകും. സായൂജിന്റെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നവരായതിനാല്‍ എല്ലാ ദിവസവും പത്രം വായിക്കാനും നോട്ട്സ് തയാറാക്കാനും സാധിക്കാറില്ല. സായൂജിന്റെ നോട്ട്സ് വളരെ മികച്ചതാണെന്നും പണം നല്കാന് തങ്ങള്‍ തയാറാണെന്നും സബ്സ്ക്രൈബർമാർ അറിയിച്ചതിനെതുടര്‍ന്നാണ് ഐഎഎസ് മലയാളം ഹബ് ഒരു പ്രൈവറ്റ് യു ട്യൂബ് ചാനലായി മാറുന്നത്.
പാവപ്പെട്ടവർക്ക് സൗജന്യം
സായൂജിന്റെ ശിഷ്യരില്‍ ഭൂരിഭാഗവും തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ്. തുടക്കത്തില്‍ പ്രതിമാസം 500 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. എന്നാല്‍, പുതിയ വിദ്യാര്‍ഥികള്‍ക്ക് ഇത് 1,000 ആക്കി ഉയര്‍ത്തിയുണ്ട്. ക്ലാസ് കൂടാതെ അവര്‍ക്കു ദിവസവും പരീക്ഷയും മൂല്യനിര്‍ണയവും സായൂജ് നല്‍കും. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും ക്ലാസ് സൗജന്യമാണ്.
സ്വകാര്യ കോച്ചിംഗ് സെന്ററുകളില്‍ വലിയ ഫീസ് കൊടുത്തു പഠിക്കാനുള്ള ശേഷിയില്ലാത്തവര്‍ക്കു വലിയൊരു അനുഗ്രഹമാണ് സായൂജിന്റെ ക്ലാസ്. കെഎഎസ്, പിഎസ്സി പരീക്ഷകള്‍ക്കു പരിശീലനം നടത്തുന്നവരും ഈ ക്ലാസിലുണ്ട്. ഇവിടെ പഠിച്ച ഒരാള്‍ക്ക് അടുത്തിടെ ലാന്‍ഡ് റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചിരുന്നു. തന്റെ യു ട്യൂബ് ചാനല്‍ സംബന്ധിച്ചു വലിയ സ്വപ്നങ്ങളാണ് സായൂജിനുള്ളത്. “സിവില്‍ പരീക്ഷ വിജയിക്കാന്‍ കഴിഞ്ഞാല്‍, പിന്നീട് സൗജന്യമായി ക്ലാസ് നടത്തണമെന്നാണ് എന്റെ ആഗ്രഹം.”-സായൂജ് പറഞ്ഞുനിര്‍ത്തുന്നു.
ഷൈബിന് ജോസഫ്