പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ റഷ്യൻ- പോളണ്ട് അതിർത്തിയിൽ സ്റ്റാലിന്റെ നിർദേശപ്രകാരം അരങ്ങേറിയ കാറ്റീൻ വംശഹത്യയുടെ ഇരകളിലൊരാൾ സ്വന്തം പിതാവായ യാക്കൂബ് വൈദയായിരുന്നു. സംഭവത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കൃത്യമായറിഞ്ഞാലേ കഥയുടെ പ്രസക്തി വെളിവാകൂ. അതു ചുരുക്കത്തിൽ:
1. 1939 ഓഗസ്റ്റ് 23- മോസ്കോയിൽ സ്റ്റാലിൻ- ഹിറ്റ്ലർ (മൊളോട്ടോവ്- റിബൻട്രോപ്) പരസ്പര സൗഹൃദ ഉടന്പടി ഒപ്പുവയ്ക്കുന്നു. യൂറോപ്പിനെ തങ്ങൾക്കിടയിൽ പകുത്തെടുക്കാനുള്ള രഹസ്യധാരണയായിരുന്നു ഈ ഉടന്പടി എന്നതു പിന്നീടു ലോകമറിഞ്ഞു.
2. 1939 സെപ്റ്റംബർ 1- നാസി പട്ടാളം പോളണ്ടിലേക്ക്. ഒരാഴ്ചത്തെ പ്രതിരോധത്തിനു ശേഷം പോളിഷ് സൈന്യം കീഴടങ്ങി.
സെപ്റ്റംബർ 17- പോളണ്ടിന്റെ കിഴക്കേ അതിർത്തി പ്രദേശങ്ങൾ സ്റ്റാലിന്റെ പട്ടാളം പിടിച്ചടക്കുന്നു. തുടർന്നു സൈനികരടക്കം പത്തു ലക്ഷം പോളിഷ് പൗരന്മാർ സോവിയറ്റ് അടിമ ക്യാന്പുകളിലേക്ക്.
3. 1940 മാർച്ച് 5- സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ബെറിയയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച് തടവിൽ പിടിച്ച പോളിഷ് ബുദ്ധിജീവികൾ, ഉന്നത നേതാക്കൾ, സൈനിക മേധാവികൾ എന്നിവരെ വേർതിരിച്ചു കാറ്റീൻ വനപ്രദേശത്തെത്തിച്ചു കൂട്ടക്കൊല നടത്താൻ തുടങ്ങി. ഒരു മാസംകൊണ്ട് 2,20,000 പേർ വധിക്കപ്പെടുകയും പലേടങ്ങളിലായി കുഴിച്ച കൂട്ട ശവക്കുഴികളിൽ മറവുചെയ്യുകയും ചെയ്തു.
4. 1940 ഡിസംബർ- സ്റ്റാലിനെ തകർക്കാനായി ഹിറ്റ്ലർ റഷ്യ ആക്രമിക്കാൻ ഉത്തരവിടുന്നു.
5. 1941 ജൂണ് 22- ജർമനിയുടെ സോവിയറ്റ് യൂണിയനിലേക്കുള്ള മുന്നേറ്റം. ഓപ്പറേഷൻ ബാർബറോസ.
6. 1943 ഏപ്രിൽ 13- കാറ്റീനിലെ കൂട്ട ശവക്കുഴികൾ കണ്ടെത്തിയ നാസികൾ ഇവ പരിശോധിച്ചു വിശദാംശങ്ങളോടെ സോവിയറ്റ് വിരുദ്ധ പ്രചാരണായുധമാക്കി മാറ്റുന്നു.
9. 1945 മേയ് 7- ജർമനി കീഴടങ്ങുന്നു. പോളണ്ടിൽ സ്റ്റാലിനിസ്റ്റ് ആധിപത്യം.
8. 1945-46- പുതിയ കമ്യൂണിസ്റ്റ് പാവ ഭരണകൂടം കാറ്റീൻ കൂട്ടക്കൊലയുടെ യാഥാർഥ്യം മറച്ചുവയ്ക്കാനുള്ള തീവ്രശ്രമങ്ങൾ തുടങ്ങുന്നു. തെളിവുകൾ നശിപ്പിക്കുകയും നിരപരാധികളെ ഇതിന്റെ പേരിൽ ഇരകളാക്കുകയും ചെയ്തു.
ഒളിപ്പിക്കാൻ ശ്രമം
9. 1959: ക്രൂഷ്ചേവ് ഭരണകൂടം വധിക്കപ്പെട്ട സൈനികരെ സംബന്ധിച്ച രേഖകൾ നശിപ്പിക്കുന്നു.
10. 1969. റഷ്യൻ രഹസ്യപ്പോലീസ് (കെജിബി) കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
11. 1985. മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് അധികാരി.
12. 1990. ഏപ്രിൽ 13: കാറ്റിൻ വംശഹത്യ സോവ്യറ്റ് രഹസ്യപ്പോലീസാണ് ചെയ്തതെന്ന് ഔദ്യോഗിക പ്രഖ്യാപനം മോസ്കോയിൽ. ഇതിനോടകം പോളണ്ടിൽ ജനാധിപത്യ ഭരണകൂടം വന്നുകഴിഞ്ഞിരുന്നു.
13. 1990 നവംബർ 3: കാറ്റിൻ വംശഹത്യയെപ്പറ്റി വിശദമായ ഔദ്യോഗിക അന്വേഷണത്തിനു ഗോർബച്ചേവിന്റെ ഉത്തരവ്. ഒരു ചരിത്ര നുണ ഇതോടെ കുഴിച്ചുമൂടപ്പെടുന്നു.
വൈദയെ സംബന്ധിച്ചു കാറ്റിൻ ഒരു ചരിത്രവ്യാഖ്യാനം മാത്രമല്ല. ഒരുപറ്റം സ്ത്രീപുരുഷന്മാരുടെ, അഥവാ കുടുംബങ്ങളുടെയും ഒരു ജനസമൂഹത്തിന്റെതന്നെയും തീവ്രദുരന്തത്തിന്റെ അനുഭവമാണ്.
ഒരു നൂറ്റാണ്ടിനെ മുഴുവൻ ഗ്രസിച്ച പൈശാചികമായ ചില പ്രത്യയശാസ്ത്രങ്ങൾ ഇരയാക്കിയ മനുഷ്യജീവികളുടെ ചോരമണമുള്ള മഹാദുരന്തം. യുദ്ധാരംഭത്തിൽ പോളണ്ട് ചെന്നുപെട്ട വൈതരണി ആദ്യ സീക്വൻസിൽത്തന്നെ നമുക്കു കാണാം.
നദിക്കു കുറുകെയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും കൈയിൽ കിട്ടിയതുമായി പലായനം ചെയ്യുന്ന മനുഷ്യർ. ഒരുവശത്തുനിന്നു നാസികളെ പേടിച്ച്, മറുവശത്തുനിന്ന് കമ്യൂണിസ്റ്റുകളെ ഭയന്ന്. ഈ അഭയാർഥികൂട്ടത്തിൽ അന്നയും മകൾ വേറോനിക്കയും ഉണ്ട്.
റിസർവ് സൈനികനായ ഭർത്താവ് ആൻജ്യേ സോവ്യറ്റ് തടവിലാണ്. ജാഗലോണിയൻ യൂണിവേഴ്സിറ്റിയിൽ പ്രഫസറായ തന്റെ പിതാവും അമ്മയും ആൻജ്യേയുടെ കാര്യത്തിൽ ആകുലചിത്തരാണ്. തന്നെ രക്ഷപ്പെടുത്താനെത്തിയ അന്നയോട്, തനിക്കൊപ്പമുള്ള സ്നേഹിതരെ ഉപേക്ഷിച്ചു തിരിച്ചുപോകാൻ തയാറല്ലെന്നു പറയുന്നു.
കമ്യൂണിസ്റ്റ് അധിനിവേശത്തെ എതിർക്കുന്ന രണ്ടു സ്ത്രീകളെയും കാണാം. ഒരാൾക്ക് ഭർത്താവിനെയും മറ്റേയാൾക്കു സ്വസഹോദരനെയും നഷ്ടപ്പെട്ടു. ആൻജ്യേ തിരികെവരുമെന്ന പ്രതീക്ഷ അന്ന ഉപേക്ഷിക്കുന്നില്ല. പോളിഷ് രാജകുമാരൻ പോനിയറ്റോവ്സ്കിയുടെ പട്ടാള യൂണിറ്റിൽ ക്യാപ്റ്റനാണ് ആൻജ്യേ.
മറ്റുള്ളവർക്കൊപ്പം സോവ്യറ്റ് യൂണിയനിലേക്കു നാടുകടത്തപ്പെടാൻ പോകുന്ന ഭർത്താവിനോടു യാത്രപറഞ്ഞ അന്ന ദയാലുവായ ഒരു സോവ്യറ്റ് ഓഫീസറുടെ സഹായത്താൽ അവിടെനിന്നു മടങ്ങി. ഇതിനിടെ ആൻജ്യേയുടെ പിതാവ് നാസി തടവിൽ കോൺസൻട്രേഷൻ ക്യാന്പിലേക്കു കൊണ്ടുപോകപ്പെടുകയും അവിടെ വധിക്കപ്പെടുകയുമാണ്.
ആളുമാറി വധം
കമ്യൂണിസ്റ്റ് തടവിൽ മരണത്തിലേക്കു നീങ്ങുന്ന ആൻജ്യേ തന്റെ അനുഭവങ്ങൾ ഡയറിയിൽ കുറിക്കുന്നുണ്ട്. കൊടുംതണുപ്പിൽ തനിക്കു ധരിക്കാൻ യെഷ്ഴേ എന്ന സഹ തടവുകാരൻ തന്റെ പേരെഴുതിയിരിക്കുന്ന ഒരു കന്പിളി ജാക്കറ്റ് അദ്ദേഹത്തിനു കൊടുത്തത് വിനയായി. യെഷ്ഴെ എന്നു ധരിച്ചു കൊലയാളികൾ അൻജ്യേയെ തട്ടിക്കൊണ്ടുപോയി.
പിന്നീടു വധിക്കപ്പെട്ടവരുടെ ലിസ്റ്റ് ജർമൻകാർ പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിൽ ആൻജ്യേയുടെ സ്ഥാനത്ത് യെഷ്ഴേയായിരുന്നതിനാൽ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ അന്ന കാത്തിരിക്കുകയാണ്. എന്നാൽ, യുദ്ധശേഷം ആൻജ്യേയുടെ വധം നേരിൽ കണ്ട സൈനികനിൽനിന്ന് അവർ സത്യമറിയുന്നു.
ഇക്കാര്യമറിയുന്ന യെഷ്ഴേ അപ്പോൾ കമ്യൂണിസ്റ്റുകൾക്കു കീഴിൽ സേവനം ചെയ്യുകയാണ്. താൻ മൂലം സംഭവിച്ച ദുരന്തവും തന്റെ അപ്പോഴത്തെ അവസ്ഥയും അയാളിൽ താനൊരു വഞ്ചകനാണെന്ന കുറ്റബോധം ആഴപ്പെടുത്തുന്നു. ഒടുവിൽ ഭാരം താങ്ങാനാവാതെ അയാൾ ജീവിതമവസാനിപ്പിച്ചു.
ഭരണകൂടം കാറ്റീൻ കൂട്ടക്കൊലയെപ്പറ്റി നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്പോഴും യാഥാർഥ്യം പോളണ്ടിൽ സകലരും അറിഞ്ഞിരുന്നു. ആൻജ്യേയുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം നാസികൾ പ്രചാരണത്തിനുപയോഗിച്ച ഫിലിം ഫൂട്ടേജും ഉപയോഗിച്ചാണ് കാറ്റീൻ വശംഹത്യയുടെ പ്രധാന ഭാഗങ്ങൾ അവതരിക്കപ്പെടുന്നത്.
ഭാവനയിൽപോലും നടുക്കവും ബീഭത്സതയുമുണർത്തുന്ന രംഗങ്ങളാണ് നാം കാണുക. ഒരു പ്രത്യയശാസ്ത്രത്തിന്റെ നരബലിയുടെ രംഗങ്ങൾ. ഈ ചിത്രം 80-ാം ഓസ്കർ വേദിയിൽ മികച്ച വിദേശചിത്രമായി നോമിനേഷൻ നേടി.
ജിജി ജോസഫ് കൂട്ടുമ്മേൽ