ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തു രാജ്യത്തെ ജനത ദുരിതങ്ങൾ നേരിട്ടെങ്കിലും അവരുടെ ചില പദ്ധതികൾ രാജ്യത്തിനു ഗുണകരമായിത്തീര്‍ന്നു. റെയില്‍വേ ലൈന്‍തന്നെ ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍, ബ്രിട്ടീഷ് കാലഘട്ടത്തിലേക്ക് നമ്മുടെ മനസിനെ കൊണ്ടുപോകുന്നതില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് അവര്‍ രാജ്യമെമ്പാടും നിര്‍മിച്ച യൂറോപ്യന്‍-ഗോഥിക് ശൈലിയിലുള്ള മന്ദിരങ്ങളാണ്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടതാണ് ഇവയില്‍ അധികവും. കോല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലും തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺ ഹാളുമെല്ലാം ഇതിനുദാഹരണം.
കാലാന്തരത്തില്‍ ഇവയില്‍ പലതിന്റെയും പേരിനു മാറ്റം വന്നു. ഇക്കൂട്ടത്തില്പ്പെട്ട ഏറ്റവും പ്രൗഢഗംഭീരമായ നിര്‍മിതികളിലൊന്നാണ് മുംബൈയിലെ വിക്ടോറിയ ടെര്‍മിനസ് അഥവാ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്(സിഎസ്എംടി). വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ സ്മരണാര്‍ഥം 1887ലാണ് ഈ മനോഹര റെയില്‍വേ ടെര്‍മിനല്‍ പണികഴിപ്പിക്കുന്നത്. ബ്രിട്ടീഷുകാരനായ വില്യം സ്റ്റീവന്‍സായിരുന്നു മുഖ്യശില്പി.
പത്തു വർഷം
വിക്ടോറിയന്‍ ഇറ്റാലിയനേറ്റ് ഗോഥിക് ശൈലിയുടെയും ക്ലാസിക് ഇന്ത്യന്‍ വാസ്തുവിദ്യയുടെയും സമന്വയമാണ് ഈ സുന്ദര നിര്‍മിതി. 2004ല്‍ യുനസ്കോയുടെ പൈതൃകപ്പട്ടികയിലും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് ഇടംപിടിച്ചു. ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ഏകദേശം 10 വര്‍ഷമെടുത്തായിരുന്നു നിര്‍മാണം. 2,50,000 പൗണ്ടാണ് ചെലവായത്. അന്നു നഗരത്തിലെ ഏറ്റവും ചെലവേറിയ മന്ദിരമായിരുന്നു ഇത്. മണല്‍ക്കല്ലും ചുണ്ണാമ്പു കല്ലുമുപയോഗിച്ചായിരുന്നു നിര്‍മാണം. ഇന്ത്യന്‍ കൊട്ടാരങ്ങളുടെ മാതൃകയില്‍ താഴികക്കുടമുള്ളതാണ് പ്രധാന ഭാഗം. ഗോപുരങ്ങളും കൂര്‍ത്ത മേല്‍ക്കൂരയും യൂറോപ്പിലെ കോട്ടകളെയും കത്തീഡ്രലുകളെയും അനുസ്മരിപ്പിക്കുന്നു.
ഇന്ത്യന്‍ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കും വിധം നിരവധി താഴികക്കുടങ്ങളാണ് മേല്‍ക്കൂരയ്ക്കു മുകളിലുള്ളത്. മന്ദിരത്തിന്റെ മധ്യഭാഗത്ത് ക്ലോക്കിനു മുകളിലായാണ് ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ താഴികക്കുടം.
കോണുകളില്‍ സ്ഥിതി ചെയ്യുന്ന ഗോപുരങ്ങള്‍ വിക്ടോറിയന്‍ ഇറ്റാലിയനേറ്റ് ഗോഥിക് വാസ്തുവിദ്യയുടെ ഉജ്വല ബിംബങ്ങളാണ്. ഗോഥിക് ശൈലിയിലും ഇന്ത്യന്‍ വാസ്തുവിദ്യയിലും പൊതുവായി ഉപയോഗിക്കുന്ന ചില നിര്‍മാണരീതികളും ഇവിടെ കാണാം. മെഡല്‍ ആകൃതിയിലുള്ള 10 രൂപങ്ങള്‍ മന്ദിരത്തിന്റെ മുന്‍വശത്തെ ഭിത്തിയിലുണ്ട്.
ഇന്ത്യയില്‍ ആദ്യ റെയില്‍വേ ലൈന്‍ എത്തുന്നതില്‍ പങ്കുവഹിച്ചവരുടെയും ടെര്‍മിനസിന്റെ രൂപകല്പന ചെയ്തവരുടെയും രൂപങ്ങളാണത്. മുഖ്യശില്പിയായ ഫ്രെഡെറിക് വില്യം സ്റ്റീവന്‍സ് ഇന്ത്യന്‍ ശില്പികളുമായി വളരെയധികം കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് മന്ദിരം രൂപകല്പന ചെയ്തത്. കിളിവാതിലുകളും തൂങ്ങുന്ന ബാല്‍ക്കണികളും ഇന്ത്യന്‍ സ്വാധീനത്തിന്റെ അടയാളങ്ങളാണ്.
സിംഹവും കടുവയും
ഛത്രപതി ശിവജി ടെര്‍മിനസിന്റെ രാത്രിക്കാഴ്ച അവര്‍ണനീയമാണ്. സിംഹത്തിന്റെയും കടുവയുടെയും പ്രതിമകള്‍ കാവല്‍ നില്ക്കുന്ന കവാടം കടന്നുവേണം ഉള്ളിലേക്കു പ്രവേശിക്കാന്‍. സിംഹം ബ്രിട്ടനെയും കടുവ ഇന്ത്യയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും വിരിച്ചിരിക്കുന്ന അകത്തളം അതിമനോഹരം. സ്റ്റാര്‍ ചേംബര്‍ എന്നറിയപ്പെടുന്ന മെയിന്‍ ബുക്കിംഗ് ഓഫീസ് ഗ്രൗണ്ട് ഫ്ളോറിലെ നോര്‍ത്ത് വിംഗിലാണുള്ളത്. യാത്രക്കാര്‍ക്കു വിശ്രമിക്കാനായുള്ള ഹാള്‍ അതിവിശാലവും തുറന്നതുമാണ്.
ഗോഥിക് ശൈലിയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ കളങ്ങളെ ഇരുണ്ട തടിയാലുള്ള ആര്ച്ചിനാല് വേര്‍തിരിച്ചിരിക്കുന്ന മച്ചിലേക്ക് ആരുമൊന്നു നോക്കിപ്പോകും. വിവിധ നിറങ്ങളാല്‍ തിളങ്ങുന്ന ചില്ലു ജാലകങ്ങളില്‍ വന്നു പതിക്കുന്ന സൂര്യപ്രകാശം അകത്തളത്തിന്റെ ശോഭ ഇരട്ടിപ്പിക്കുന്നു.
ഒന്നാം നിലയിലുള്ള സ്റ്റാര്‍ ഗാലറി എടുത്തു പറയേണ്ടതാണ്. ഇന്ത്യന്‍ റെയില്‍വേയുടെ വികാസത്തിന്റെ ചരിത്രം പേറുന്ന ചിത്രങ്ങളും രേഖകളും പുസ്തകങ്ങളുമൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ടെര്‍മിനസിന്റെ ത്രിഡി മോഡല്‍, ക്ലോക്കിന്റെ പൂര്‍വരൂപമായ ട്രെയിന്‍ ബെല്ലുകള്‍, ട്രെയിന്‍ മോഡലുകള്‍ എന്നിവയും ഇവിടെ കാണാം. ഇവിടെ അല്പനേരം ചെലവഴിക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം വിശദമായി മനസിലാക്കാം. ബ്രിട്ടീഷ് ശില്പി ഫ്രെഡറിക് വില്യം സ്റ്റീവന്‍സിന്റെ വലിയൊരു ചിത്രവും ഭിത്തിയില്‍ കാണാം. സ്റ്റീവന്‍സ് ടെര്മിനസിനായി വരച്ച സ്കെച്ചുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1996 മാര്‍ച്ചിലാണ് വിക്ടോറിയ ടെര്‍മിനസിന്റെ പേര് ഛത്രപതി ശിവാജി ടെര്‍മിനസ് അഥവാ സിഎസ്ടി എന്നു മാറ്റുന്നത്. 2017 മേയില്‍ വീണ്ടും പേരുമാറ്റമുണ്ടായി. ഇത്തവണ പേര് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് അഥവാ സിഎസ്എംടി എന്നാക്കി.
അജിത് ജി. നായർ