സംഗീതജ്ഞയെന്ന നിലയിൽ പഴയ മദ്രാസിൽ ഉദിച്ചുയർന്നു നിൽക്കുന്പോഴും ബാംഗളൂർ എന്ന സ്ഥലനാമം സ്വന്തം പേരിൽനിന്നു മാറ്റിയില്ല നാഗരത്നമ്മ. അത് അവരുടെ നിലപാടുകളുടെ സൂചകംപോലെയായിരുന്നു. താൻ ആരാണോ, എന്താണോ അതുപോലെതന്നെ തുടരുമെന്നും, ശക്തമായി പോരാടുമെന്നുമുള്ള നിലപാട്. സംഗീതത്തിൽ, കലയിൽ എന്താണ് പോരാട്ടമെന്നു സംശയിക്കാം. അങ്ങനെയുമുണ്ട്. അതായിരുന്നു ബാംഗളൂർ നാഗരത്നമ്മയുടെ ജീവിതം.
സംഗീതത്തിലെ ഫെമിനിസ്റ്റ്
എങ്ങനെയാണ് സംഗീതത്തിൽ ഫെമിനിസം വേണ്ടിവരുന്നത്? ലളിതമായി പറഞ്ഞാൽ ഒരു വേദിയിൽ പാടാൻ അവസരത്തിനുവേണ്ടിയെന്നാണ് ഉത്തരം. ഏതാണ്ട് ഒന്നരനൂറ്റാണ്ട് പിന്നിലേക്കു പോകണം. 1878- കർണാടകയിലെ നഞ്ചൻഗുഡ്. അവിടെ ദേവദാസിയായ പുട്ടുലക്ഷ്മിക്ക് ഒരു മകൾ ജനിക്കുന്നു. ചെറുപ്പത്തിലേ ആ പെണ്കുട്ടി കലാപരമായി മികവുപുലർത്തി. എന്നാൽ ദേവദാസിപാരന്പര്യം അവൾക്ക് പൊതുവേദികളിൽ വിലക്കുകൾതീർത്തു. നാഗരത്നമ്മ എന്ന ആ പെണ്കുട്ടി പ്രതിഭകൊണ്ടാണ് വിലക്കുകളെ പ്രതിരോധിച്ചത്. അവൾ പാട്ടും സംഗീതവും നൃത്തവും പഠിച്ചു. എതിർത്തവർക്കുമുന്നിൽ തലയുയർത്തിപ്പിടിച്ചു. പതിനഞ്ചാം വയസിൽ രാജകൊട്ടാരത്തിൽ അവൾ അവതരിപ്പിച്ച കച്ചേരി ആദ്യമായി അവളുടെ നിലപാടിന്റെ സ്വരം കേൾപ്പിച്ചു.
തഞ്ചാവൂർ കൊട്ടാരത്തിലെ വിദ്വാനായിരുന്ന മുദ്ദുപളനി പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയ രാധികാസാന്ത്വനം എന്ന സാഹിത്യകൃതി കന്നഡയിലേക്കു വിവർത്തനംചെയ്ത് നാഗരത്നമ്മ അന്നത്തെ ആണമേൽക്കോയ്മയ്ക്കു നേരെ വിരൽചൂണ്ടി. പുസ്തകത്തിന്റെ ഉള്ളടക്കം സഭ്യമല്ലാത്തതാണെന്നും സമൂഹത്തിന്റെ സദാചാരബോധത്തെ തകർക്കുമെന്നും ആരോപിച്ച് പ്രമാണികൾ വാളെടുത്തു. സാഹിത്യവിമർശകർ നാഗരത്നമ്മയുടെ പുസ്തകത്തെ ക്രൂരമായി ആക്രമിച്ചു. പത്രങ്ങളിൽ വാർത്തകൾ നിറഞ്ഞു. പുസ്തകം നിരോധിക്കുന്നതിൽവരെ കാര്യങ്ങളെത്തി. പിടിച്ചെടുക്കാൻ പോലീസ് റെയ്ഡുകൾ നടന്നു.
തോൽക്കാൻ നാഗരത്നമ്മ ഒരുക്കമല്ലായിരുന്നു. ഏറെ വർഷങ്ങൾനീണ്ട നിയമയുദ്ധത്തിൽ അവരുടെ നിലപാടിനായിരുന്നു വിജയം. അതവർക്ക് തുടർന്നുള്ള മുന്നേറ്റത്തിന് ഉൗർജംനൽകി.
അവൾ ചാണകം പെറുക്കട്ടെ!
കർണാടക സംഗീതത്തിലെ ആദ്യ ഫെമിനിസ്റ്റ് എന്ന വിശേഷണം പിന്നീട് നാഗരത്നമ്മയിൽ വന്നുചേർന്നതുപോലും അമ്മ പുട്ടുലക്ഷ്മിയുടെ നിശ്ചയദാർഢ്യംകൊണ്ടാകണം. തീരെച്ചെറുപ്പത്തിൽ അമ്മയ്ക്കും മകൾക്കും അഭയംനൽകിയിരുന്നത് ഗിരിഭട്ട തിമ്മയ്യ ശാസ്ത്രിയെന്ന സംസ്കൃത പണ്ഡിതനായിരുന്നു. മൈസൂർ മഹാരാജാവിന്റെ കൊട്ടാരം സഭയിലെ വിദ്വാനായിരുന്നു അയാൾ. സംസ്കൃതത്തിലും സംഗീതത്തിലും അറിവുനേടാൻ ആ വീട്ടിലെ താമസം സഹായമായെങ്കിലും വൈകാതെ തിമ്മയ്യ ശാസ്ത്രിയുടെ മനസുമാറി. നാഗരത്നമ്മയുടെ വിധി തെരുവുകളിൽനിന്ന് ചാണകം പെറുക്കലാണെന്നു പ്രഖ്യാപിച്ച് അയാൾ അമ്മയെയും മകളെയും പുറത്താക്കി. ദേവദാസികൾക്ക് എതിർക്കാൻ അവകാശമില്ലല്ലോ. എന്നാൽ പുട്ടുലക്ഷ്മി അന്നൊരു തീരുമാനമെടുത്തു- മകളെ സംഗീതജ്ഞയാക്കണം. ആ ലക്ഷ്യം പൂർത്തീകരിക്കാതെ ഇനി മൈസൂരിലേക്കില്ലെന്നുറച്ച് അവർ ബാംഗളൂരിലേക്കു ജീവിതം പറിച്ചുനട്ടു.
സഹോദരനും വയലിനിസ്റ്റുമായ വെങ്കിടേശ്വമപ്പയുടെ വീട്ടിലായിരുന്നു താമസം. മൈസൂർ ലോ കോർട്ടിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് നരഹരി റാവുവിന്റെ പിൻബലത്താലാണ് നാഗരത്നമ്മ പിന്നീടു സംഗീതജീവിതം തുടർന്നത്. പതിനഞ്ചാം വയസിൽ കൊട്ടാരത്തിൽ പാടാൻ മൈസൂർ മഹാരാജാവിന്റെ ക്ഷണംവന്നു. പുട്ടുലക്ഷ്മിയുടെ മധുരപ്രതികാരം! സംഗീതത്തിലും സാഹിത്യത്തിലും നാഗരത്നമ്മ വളർന്നു. എന്പാടും കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി.
നാഗരത്നമ്മയുടെ വലിയ ആരാധകനായി മാറിയ ജസ്റ്റിസ് നരഹരി റാവുതന്നെയാണ് അവർക്ക് മദ്രാസിൽ ജീവിതസാഹചര്യമൊരുക്കിയത്. ആ സംഗീതനഗരം അവർക്ക് പാട്ടിന്റെ പുതുവഴികൾ സമ്മാനിച്ചു. എത്തിപ്പിടിക്കുക അസാധ്യമെന്ന സങ്കല്പമുള്ള നാഗമാണിക്യത്തിനുസമം അവർ തിളങ്ങി.
വേർതിരിവുകൾ
ചുരുങ്ങിയ വാചകങ്ങളിലേക്കു ജീവിതകഥ പറയുന്പോൾ നാഗരത്നമ്മ പേരെടുത്ത സംഗീതജ്ഞയായത് എളുപ്പത്തിലായിരുന്നെന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. മദ്രാസിൽ വേർതിരിവുകളായിരുന്നു ഏറെയും. താൻ ഏറ്റവും ആരാധിച്ച ത്യാഗരാജസ്വാമികളുടെ പേരിലുള്ള സംഗീതോത്സവത്തിൽപ്പോലും പാടാൻ അവർക്ക് അവസരം ലഭിച്ചില്ല. ദേവദാസിക്കൊപ്പം, സ്ത്രീക്കൊപ്പം വേദിപങ്കിടാൻ സംഗീതജ്ഞർ ഒരുക്കമല്ലായിരുന്നു. ഈ വേർതിരിവ് നാഗരത്നമ്മയുടെ ഉള്ളിലെ തീ ആളിക്കത്തിച്ചു. ത്യാഗരാജസ്വാമികളുടെ സമാധിസ്ഥലമായ തിരുവയ്യാറിലെ കാവേരീതീരത്ത് ദേവദാസികളെ അണിനിരത്തി സംഗീതക്കച്ചേരി നടത്തുകയാണ് അവർ ചെയ്തത്. പ്രമാണികൾ സ്വപ്നത്തിൽപ്പോലും കരുതാത്ത സ്ത്രീമുന്നേറ്റമായിരുന്നു അത്. ശേഷം ത്യാഗരാജസംഗീതോത്സവത്തിൽ സ്ത്രീകൾക്കും വേദിലഭിച്ചുതുടങ്ങി, അവർ അർഹിക്കുന്ന ആദരവും.
ആരാധനാനദി
രണ്ടു മക്കളും, പിന്നീടു ദത്തെടുത്ത കുട്ടിയും മരണമടഞ്ഞതോടെ സങ്കടശ്രുതിയിലായി നാഗരത്നമ്മയുടെ അവസാനകാല ജീവിതം. ഭഗവാൻ ശ്രീരാമനോടും ത്യാഗരാജസ്വാമികളോടുമുള്ള പ്രാർഥനയാണ് അവരെ മുന്നോട്ടു നയിച്ചത്. ഒരു രാത്രി സ്വപ്നംകണ്ടത് തിരുവയ്യാറിലെ ത്യാഗരാജ സമാധി. അത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. പിറ്റേന്ന് അവർ തിരുവയ്യാറിലെത്തി. വലിയ ശ്രമഫലമായി അന്ത്യവിശ്രമസ്ഥലം കണ്ടെത്തി. അതിനേക്കാൾ കഠിനശ്രമം നടത്തി അവിടെയൊരു സീതാരാമക്ഷേത്രം പണിതു. തന്റെ സന്പാദ്യമെല്ലാം അതിനായി ചെലവഴിച്ചു- വീടും ആഭരണങ്ങളുമടക്കം എല്ലാം.
1952 മേയ് 19നായിരുന്നു നാഗരത്ന മ്മയുടെ അന്ത്യം. തിരുവയ്യാറിൽ ത്യാഗരാജസ്വാമികളുടെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ഇന്ന് മറ്റൊരു ശിലാശില്പമുണ്ട്. അദ്ദേഹത്തെ വണങ്ങിനിൽക്കുന്ന നാഗരത്നമ്മയുടേത്! കാവേരീനദിക്കരയോരത്ത് ഈ രണ്ടു സമാധിമന്ദിരങ്ങൾക്കിടയിലുള്ള മണൽപ്പരപ്പിലാണ് വർഷംതോറും ത്യാഗരാജ സംഗീതോത്സവം നടക്കുന്നത്. കാവ്യനീതി!!
ഹരി പ്രസാദ്