സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് 275 വയസ് തികഞ്ഞു. എന്തിനായിരുന്നു ആ യുദ്ധം?...
പുതിയ തലമുറക്കാർക്കു കേൾക്കുന്പോൾ അതിശയം തോന്നിയേക്കാം. ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? എന്നാൽ, കൂടുതൽ വിവരങ്ങൾ അറിയാൻ മുത്തച്ഛൻമാരോടോ മുത്തശിമാരോടോ ചോദിച്ചേക്കാമെന്നു കരുതിയാലും രക്ഷയില്ല.
കാരണം അവരുടെ മുത്തച്ഛൻമാരുടെ ഒാർമകൾക്കും മുന്പാണിത്. അതായത് കൊല്ലവർഷം 928 ചിങ്ങം 28ന്. ഇംഗ്ലീഷ് തീയതി പറഞ്ഞാൽ കുറച്ചുകൂടി മനസിലാകും. 1749 സെപ്റ്റംബർ 11ന്. രണ്ടേ മുക്കാൽ നൂറ്റാണ്ട് മുന്പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് 275 വയസായെന്നു ചുരുക്കം. ഇനി അടുത്ത ചോദ്യം എന്തിനായിരുന്നു ചങ്ങനാശേരി യുദ്ധം? ആര് ആരോടാണ് യുദ്ധം നടത്തിയതെന്നാണ്.
ചങ്ങനാശേരി പിടിക്കാൻ
തിരുവിതാംകൂർ പട്ടാളം തെക്കുംകൂർ രാജാക്കൻമാരുടെ ആസ്ഥാനമായ ചങ്ങനാശേരി പിടിച്ചടക്കാൻ നടത്തിയ യുദ്ധമാണ് 1749 സെപ്റ്റംബർ 11ന് നടന്ന ചങ്ങനാശേരി യുദ്ധം. യുദ്ധത്തിൽ വാഴപ്പാടത്ത് പണിക്കർ നയിച്ച തെക്കുംകൂർ പടയെ രാമയ്യൻ ദളവ നയിച്ച തിരുവിതാംകൂർ പട്ടാളം പരാജയപ്പെടുത്തി. കോട്ടയും നീരാഴിക്കെട്ട് എന്ന രാജകൊട്ടാരവും പിടിച്ചടക്കി. അങ്ങനെ എഡി 1102 മുതൽ നടന്നിരുന്ന തെക്കുംകൂർ രാജഭരണം അതോടെ അവസാനിച്ചു.
രണ്ടാം കുലശേഖര രാജവംശം 12-ാം നൂറ്റാണ്ടിന്റെ ആദ്യം അവസാനിച്ചപ്പോൾ വേന്പൊളി നാട് എന്ന വലിയ രാജ്യം രണ്ടായി; വടക്കുംകൂറും തെക്കുംകൂറും രാജ്യങ്ങൾ. ചങ്ങനാശേരി, തിരുവല്ല, കോട്ടയം, ഹൈറേഞ്ച്, മീനച്ചിൽ താലൂക്കിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെട്ട തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം ചങ്ങനാശേരി പുഴവാത് ആയിരുന്നു. തെക്കുംകൂർ രാജ്യത്തിന്റെ അവസാനത്തെ രാജാവ് ആദിത്യവർമ മണികണ്ഠൻ പുഴവാത് നീരാഴിക്കൊട്ടാരത്തിൽ വസിച്ചു. അദ്ദേഹത്തിന്റെ സഹാദരൻ ഇളയരാജ ഗോദവർമ മധുരയിൽനിന്നു "രാജ്യഭരണം' എന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവനും ജനസമ്മതനുമായിരുന്നു.
മാർത്താണ്ഡവർമയുടെ വരവ്
അക്കാലത്ത് തിരുവിതാംകൂർ (വേണാട്) ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ (1729-1758) മറ്റു രാജ്യങ്ങളെ കീഴടക്കി മുന്നേറുന്ന കാലം, തെക്കുനിന്ന് നാട്ടുരാജ്യങ്ങൾ ഓരോന്നായി കീഴടക്കി കായംകുളം രാജ്യത്തെ ആക്രമിച്ചു. ഈ യുദ്ധത്തിൽ തെക്കുംകൂർ രാജാവ് ആദിത്യവർമ കായംകുളം രാജാവിനെ സഹായിച്ചു. ആദിത്യവർമയ്ക്കു കൊച്ചി രാജ്യവുമായി സഖ്യത്തിലിരിക്കാനായിരുന്നു താത്പര്യം. എന്നാൽ, ഇളയസഹോദരൻ ഗോദവർമയ്ക്കു തിരുവിതാംകൂറും (വേണാട്) ആയുളള ബന്ധമായിരുന്നു ഇഷ്ടം. ഇതിനൊരു കാരണം കൂടിയുണ്ട്. മധുരയിൽ ഗോദവർമയും മാർത്താണ്ഡ വർമയും സഹപാഠികളും അങ്ങനെ സ്നേഹിതരും ആയിരുന്നു.
അപ്രതീക്ഷിത കൊലപാതകം
ശക്തനായ മാർത്താണ്ഡ വർമ, രാമയ്യൻ ദളവ എന്ന യുദ്ധതന്ത്രജ്ഞനായ സേനാനായകന്റെയും ക്യാപ്റ്റൻ ഡിലനോയ് എന്ന ഡച്ച് മിലട്ടറി ഓഫീസറുടെയും സഹായത്തോടെ കായംകുളവും അതിനു ശേഷം അന്പലപ്പുഴ (ചെന്പകശേരി)യും കീഴടക്കി. അടുത്തത് തെക്കുംകൂർ എന്ന് ഉറപ്പായിരുന്നു. ഈ അവസരത്തിൽ ഗോദവർമ തിരുവനന്തപുരത്തിനു സഹപാഠിയുടെ സഹായത്തിനായി പോകുന്നു. മാർത്താണ്ഡ വർമ സുഹൃത്തിനെ വളരെ സ്നേഹാദരങ്ങളോടെ സ്വീകരിക്കുന്നു.
ഇനിയാണ് ടിസ്റ്റ്; ഗോദവർമയ്ക്കു രോഗിയായ അമ്മയുടെ കത്ത് പുഴവാതുനിന്നു വരുന്നു. ഗോദവർമയോട് എത്രയും പെട്ടെന്നു തിരിച്ചു വരാനായിരുന്നു കത്തിന്റെ ഉള്ളടക്കം. മാർത്താണ്ഡ വർമ സഹപാഠിക്കു സമ്മാനങ്ങളും ഒക്കെ കൊടുത്തു സന്തോഷമായി മടക്കി അയയ്ക്കുന്നു. തെക്കുംകൂറിലെത്തിയ അദ്ദേഹത്തെ വളരെ സന്തോഷത്തോടെ പലേടങ്ങളിലും സ്വീകരിക്കുന്നു.
എന്നാൽ, ഗോദവർമ കൊട്ടാരത്തിൽ എത്തുന്നതിനു മുമ്പു ചതിയിൽ കൊല്ലപ്പെടുന്നു. ഈ കൊലപാതകത്തിനു രണ്ട് ഭാഷ്യം; ഒന്ന് - കത്തെഴുതിയതും ഗോദവർമയെ വധിച്ചതും രാജ്യം വിട്ടുകൊടുക്കാൻ താത്പര്യമില്ലാത്ത ആദിത്യവർമതന്നെ. സഹപാഠിയെ വകവരുത്തിയ ജ്യേഷ്ഠനെ പാഠം പഠിപ്പിക്കാൻ മാർത്താണ്ഡ വർമ ചങ്ങനാശേരി യുദ്ധം നടത്തുന്നു.
രണ്ട്- കത്തെഴുതിയതും കൊലപ്പെടുത്തിയതും മാർത്താണ്ഡ വർമയുടെ ആസൂത്രണം. "സഹപാഠി'യുടെ രാജ്യം ആക്രമിച്ചു എന്ന ദുഷ്പേര് ഒഴിവാക്കാൻ അദ്ദേഹം രാജാവാകുന്നതിന് മുൻപ് കൊലചെയ്യുന്നു. ഇതു ജ്യേഷ്ഠൻ ആദിത്യവർമ ചെയ്തതാണെന്നു പ്രചരിപ്പിച്ചു യുദ്ധം നടത്തുന്നു.
മാർത്താണ്ഡ വർമ മഹാരാജാവിനു രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതിലുളള ത്വരയും അതിനുവേണ്ടി സ്വീകരിക്കുന്ന മാർഗങ്ങളും അറിയാവുന്ന ചരിത്രകാരന്മാർ ചിലരെങ്കിലും രണ്ടാമത്തെ ഭാഷ്യത്തിനു വിശ്വാസ്യത കൂടുതൽ നൽകാറുണ്ട്.
രക്ഷപ്പെടൽ
തിരുവിതാംകൂർ പട ചങ്ങനാശേരിയിൽ എത്തുന്നതിനു മുന്പുതന്നെ ആദിത്യവർമയും കുടുംബവും ശക്തരും പ്രഗല്ഭരും ആയ വാഴപ്പളളി പത്തില്ലത്തിൽ പോറ്റിമാരുടെ സഹായത്തോടെ രാജ്യം വിട്ടിരുന്നു. ശത്രു സൈന്യം പിന്തുടർന്നു പിടികൂടാതിരിക്കാൻ പോറ്റിമാർ രാജാവ് പോയതിനു ശേഷം കണ്ണൻപേരൂർചിറയിലുളള പാലം നശിപ്പിച്ചിരുന്നു.
ആദ്യം കോട്ടയം നട്ടാശേരിയിലേക്കു പാലായനം ചെയ്ത രാജാവും കുടുംബവും പിന്നീട് കോഴിക്കോട് സാമൂതിരിയുടെ പക്കൽ അഭയം തേടി. പോറ്റിമാരുടെ ഇടപെടൽ തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ ചിലരെ നാടുകടത്തുകയും ചിലരെ വധിക്കുകയും അവരുടെ ഇല്ലങ്ങൾ കുളം തോണ്ടുകയും ചെയ്തെന്നു ചരിത്രം പറയുന്നു. തുടർന്നു മാർത്താണ്ഡ വർമയുടെ തിരുവിതാംകൂർ രാജകുടുംബം ഈ നാടിനെ 1949 വരെ ഭരിച്ചു.
നീരാഴി കൊട്ടാരവും ലക്ഷ്മിപുരം കൊട്ടാരവും
പിന്നീട് 1788ലെ ടിപ്പുവിന്റെ ആക്രമണം ഭയന്നു മലപ്പുറത്തുളള പരപ്പനാട് രാജകുടുംബം പലായനം ചെയ്ത് തിരുവിതാംകൂറിൽ വരികയും അപ്പോഴത്തെ രാജാവായ കാർത്തിക തിരുനാൾ രാമവർമ (ധർമരാജ) (1758-1798) അവർക്കു താമസിക്കാൻ നീരാഴികെട്ട് കൊടുക്കുകയും ചെയ്തു. ഇവിടെവച്ചാണ് സ്വാതി തിരുനാൾ രാമവർമയുടെ അച്ഛൻ രാജരാജവർമ കോയിത്തന്പുരാൻ ജനിച്ചത്.
അദ്ദേഹത്തെ പിന്നീട് തിരുവിതാംകൂർ കൊട്ടാരത്തിലെ ആയില്യം തിരുനാൾ ഗൗരിലക്ഷ്മിഭായി തന്പുരാട്ടി വിവാഹം കഴിച്ചു. അവർ തിരുവിതാംകൂറിന്റെ മഹാറാണി (1810-1815) ആയശേഷം ഭർത്താവിനുവേണ്ടി ചങ്ങനാശേരി പുഴവാത് പ്രദേശത്ത് 1811ൽ ഒരു കൊട്ടാരം പണിതു കൊടുക്കുകയും ചെയ്തു. ആ കൊട്ടാരമാണ് ലക്ഷ്മിപുരം കൊട്ടാരം. പല പരിഷ്കാരങ്ങളും വരുത്തി എങ്കിലും ഇന്നും ആ കൊട്ടാരം നിലനിൽക്കുന്നു.
റ്റോം കായിത്ര, ചങ്ങനാശേരി