ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ തനിമയൊത്തു തയാറാക്കുന്ന വിധം സൺഡേ ദീപിക പരിചയപ്പെടുത്തുന്നു. യുവതലമുറയിലെ പ്രമുഖ കൺസട്ടന്റ് ഷെഫ് ആയ റെയ്നോൾഡ് മാത്യു വെള്ളിലക്കാട്ട് ആണ് ഈ പാചകക്കുറിപ്പുകൾ തയാറാക്കിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ബളാൽ സ്വദേശിയാണ്.
ചെറുപയർ പരിപ്പ് പായസം
ചേരുവകൾ
ചെറുപയർ പരിപ്പ് - 1 കപ്പ്
ശർക്കര - 300 ഗ്രാം
തേങ്ങാപാൽ- ഒന്നര മുറി തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെള്ളം - 4 1/2കപ്പ്
തേങ്ങാക്കൊത്ത് - അരക്കപ്പ്
അണ്ടിപ്പരിപ്പ് -10 എണ്ണം
മുന്തിരി- കാൽക്കപ്പ്
നെയ്യ്- 3 ടേബിൾ സ്പൂൺ
ജീരകംപൊടിച്ചത് - കാൽ ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ
ചുക്കുപൊടി - കാൽ ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം: ആദ്യംതന്നെ ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി പാനി ആക്കി അരിച്ചു മാറ്റി വയ്ക്കാം. ചെറുപയർ പരിപ്പ് അല്പം നെയ്യിൽ മൂപ്പിച്ചെടുക്കാം, മൂപ്പിച്ച പരിപ്പ് ഉരുളിയിൽ ചെറിയ തീയിൽ വേവിക്കണം.
വേറൊരു പാത്രത്തിൽ കുറച്ച് നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കണം. ശേഷം ഉരുളിയിൽ അരിച്ചുവച്ച ശർക്കരപ്പാനി ഒഴിച്ചു ചൂടാക്കണം. ചൂടായതിനു ശേഷം ഇതിൽ വേവിച്ച ചെറുപയർ പരിപ്പ് ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിക്കണം. രണ്ടാംപാൽ ചേർത്ത് മേൽ പറഞ്ഞ പൊടികളും ചേർത്തു കൊടുക്കുക.
ഒരു നുള്ള് ഉപ്പ് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം ഒന്നാം പാൽ ചേർത്ത് ഇളക്കി വറുത്തുവച്ച തേങ്ങാക്കൊത്തും അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം. നല്ല മറയൂർ ശർക്കര ചേർത്താൽ പായസത്തിന്റെ രുചി കൂടും. ഉരുളി ഇല്ലാത്തവർ ചുവടു കട്ടി ഉള്ള പാത്രത്തിൽ പായസം തയാറാക്കുക.
പാൽപ്പായസം
പാൽ -1 ലിറ്റർ
പുഴുക്കലരി- 1/4 കപ്പ്
പഞ്ചസാര --ആവശ്യത്തിന്
ഏലക്ക പൊടിച്ചത് - 1 സ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി - ഒരു പിടി
നെയ്യ് - 3/4 സ്പൂൺ
തയാറാക്കുന്ന വിധം:
ഒരു ഉരുളിയിൽ 1/2 ലിറ്റർ പാൽ ഒഴിച്ചു പഞ്ചസാര ഇട്ടു തിളപ്പിക്കുക. കഴുകിവൃത്തിയാക്കിയ പുഴുക്കലരി പാലിൽ ഇട്ടു തിളപ്പിക്കുക. ശേഷം ഏലക്കാപ്പൊടി ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക. ശേഷം മറ്റൊരു പാനിൽ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറത്തെടുക്കുക. തുടർന്ന് എല്ലാം കൂടെ ഉരുളിയിലേക്കിട്ട് അരി വെന്തു വരുമ്പോൾ 1/2 ലിറ്റർ പാൽ കൂടെ ഒഴിച്ചു ചെറിയ തീയിൽ അല്പം സമയം വച്ച് ഒന്നു കുറുകി വരുമ്പോൾ തീ കെടുത്താം. ഇഷ്ടാനുസരണം വറത്തു വച്ച അണ്ടിപ്പരിപ്പ്, മുന്തിരി അവസാനം ചേർത്തു ഗാർണിഷ് ചെയ്യാം. സ്വാദിഷ്ടമായ പാൽപ്പായസം റെഡി!
പൈനാപ്പിൾ പ്രഥമൻ
ചേരുവകൾ: പൈനാപ്പിൾ തൊലികളഞ്ഞു
വൃത്തിയാക്കിയത് - 200 ഗ്രാം
ശർക്കര പൊടിച്ചത്- അരക്കപ്പ്
വെള്ളം - അരക്കപ്പ്
തേങ്ങാപ്പാൽ - ഒന്നാം പാൽ ഒരു കപ്പ്
രണ്ടാം പാൽ ഒരു കപ്പ്
ഏലക്ക (പൊടിച്ചത്)- അര ടേബിൾ സ്പൂൺ
കശുവണ്ടി - ഒരു പിടി
ഉണക്കമുന്തിരി - ഒരു പിടി
നെയ്യ് - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന രീതി: ഒരു പാനിൽ നെയ്യ് ചൂടാക്കി ചെറുതായി നുറുക്കിയ പൈനാപ്പിൾ ചേർത്തു നന്നായി വഴറ്റി എടുക്കുക. ശേഷം ശർക്കര ചേർക്കാം. അരക്കപ്പ് വെള്ളവും ചേർത്തു ചെറിയ തീയിൽ നന്നായി തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ചു ശർക്കരയും പൈനാപ്പിളും നന്നായി യോജിച്ചു വരുമ്പോൾ ഏലക്കാപ്പൊടി ചേർക്കാം. രണ്ടാം പാൽ ചേർത്തു ചെറിയ തീയിൽ അടച്ചുവച്ച് അഞ്ചു മിനിറ്റിനു ശേഷം ഒന്നാം പാൽ ചേർത്തു ഫിനിഷ് ചെയ്യാം. കശുവണ്ടിയും മുന്തിരിയും അല്പം നെയ്യിൽ വറത്തു ഗാർണിഷ് ചെയ്യാം. പൈനാപ്പിൾ പ്രഥമൻ തയാർ.
ചുക്കുപൊടിയും ജീരകപ്പൊടിയും വേണമെങ്കിൽ പ്രാദേശിക രുചി അനുസരിച്ചു ചേർക്കാം.
റെയ്നോൾഡ് മാത്യു
(Consultant Chef, Kasaragod)