പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ് പറയുന്നത്. ആ കഥയ്ക്കു പശ്ചാത്തലമൊരുക്കിയത് പരന്പരാഗത പോർച്ചുഗീസ് സംഗീതമാണ്. ഫാദോ എന്നാണ് അതിനുപേര്. ഒട്ടേറെ വികാരങ്ങൾ അനുഭവിപ്പിക്കുന്നതാണ് ആ തനതുസംഗീതം..
ഏതു ശബ്ദത്തിലാണ് ഞാനെന്റെ സങ്കടകരമായ വിധിയെ, ദുഃഖഭരിതമായ ഫാദോയെ, വിലപിക്കുകയും ആലപിക്കുകയും ചെയ്യേണ്ടത്?-പ്രശസ്തമായൊരു പോർച്ചുഗൽ ഫാദോ ഗാനത്തിന്റെ വരികളാണിത്. പൊതുവേ വിലാപഗീതങ്ങളാണ് ഫാദോ.
വിധിയേല്പിക്കുന്ന പ്രഹരങ്ങളുടെ വേദന പാടിമറക്കാൻ ശ്രമിക്കുന്നതാണോയെന്നു തോന്നും കേട്ടാൽ. കടലും കഷ്ടപ്പെടുന്നവരും പാട്ടിൽവരും. പാട്ടുതീരുന്പോൾ കടൽക്കാറ്റേറ്റപോലെ നേരിയൊരാശ്വാസം. മോഹൻലാലിന്റെ ബറോസ് എന്ന സിനിമയിറങ്ങിയപ്പോഴാണ് ഫാദോ വീണ്ടും ചർച്ചയായത്. സിനിമ തുടങ്ങുന്നത് ഒരു ഫാദോ ഗാനത്തിലൂടെയാണ്. കഥയ്ക്കുള്ള പശ്ചാത്തലം ആ ഗാനം ഭംഗിയായി ഒരുക്കിവയ്ക്കുന്നു.
ചരിത്രം ലിസ്ബണിൽനിന്ന്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ പ്രചാരത്തിലായതാണ് ഈ സംഗീതധാര. തലസ്ഥാനമായ ലിസ്ബണിന്റെ ബൊഹീമിയൻ പ്രദേശങ്ങളായ ബൈറോ ആൾട്ടോ, അൽഫമ, മൗറാരിയ തുടങ്ങിയവിടങ്ങളിൽനിന്ന് ഈ ഗീതങ്ങളൊഴുകി. ഒരുപക്ഷേ ആദ്യം പാടിത്തുടങ്ങിയത് മറ്റെവിടെയെങ്കിലുമാവാം. വാമൊഴിതന്നെയായി തലമുറകളിലേക്കു പകരുകയായിരുന്നല്ലോ. 1820കളിലേക്കെത്തും ഈ ചരിത്രസഞ്ചാരം.
വിലാപഗാനങ്ങളാണെങ്കിലും പുതിയകാലത്ത് വിഷയങ്ങളായി എന്തും ഉൾപ്പെടാം. പരന്പരാഗതമായ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുമെന്നുറപ്പ്. പഴയ പോർച്ചുഗീസ് കോളനികളിൽ പ്രചാരത്തിലുണ്ടായിരുന്ന പലതരം സംഗീതധാരകളുമായി ഈ ചട്ടക്കൂടിനു സാമ്യമുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ കേപ് വെർദേയിലെ മോണ എന്ന സംഗീതരൂപത്തിന് ഫാദോയുടെ വലിയ ഛായയുണ്ടെന്നത് അതിനു തെളിവ്. കടൽക്കരയിലുണ്ടായി കടൽവഴി പ്രചരിച്ച പാട്ടുകളിൽ നാവികരെയും ബൊഹീമിയനുകളെയും തൊഴിലാളികളെയും കാണാം. ബ്രസീലിലെ മോദിഞ്ഞ, ഇന്തോനേഷ്യയിലെ ക്രോങ്കോംഗ് തുടങ്ങിയ നാടോടി സംഗീതരൂപങ്ങളും ഇതേ കൂട്ടുകെട്ടിൽപ്പെടും.
ഫാദോയുടെ ഉത്ഭവത്തെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട മറ്റു കേട്ടുകേൾവികളുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രസീലിയൻ പാട്ടുകാരനായ ഡൊമിൻഗോസ് കാൾഡസ് ബാർബോസ പോർച്ചുഗലിലേക്കു കൊണ്ടുവന്നതാണ് ഫാദോ എന്ന് ബ്രസീലിയൻ സംഗീതഗവേഷകനായ ജോസേ റമോസ് പറയുന്നു. മധ്യകാലഘട്ടത്തിലെ കാന്റിഗാസ് ഡെ അമിഗോ, മൂറിഷ് സ്വാധീനമുള്ള സംഗീതം, ആഫ്രിക്കൻ നാവികരുടെ വായ്ത്താരികൾ എന്നിവയ്ക്കും ഫാദോയുമായി ബന്ധം കല്പിക്കുന്നവരുണ്ട്. പല ധാരകളിൽനിന്നു രൂപപ്പെട്ടതാവാം ഈ ഹൃദയഗീതങ്ങളെന്നു കരുതുകയാവും ഉചിതം.
ആവിഷ്കാരം
പത്തൊന്‍പതാം നൂറ്റാണ്ടിൽ പലവിഭാഗം തൊഴിലാളിക്കൂട്ടങ്ങൾ ഫാദോ താളത്തിനൊപ്പം നൃത്തവും ചെയ്യുക പതിവുണ്ട്. നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോൾ നൃത്തം പതിയേ മാഞ്ഞ് പാട്ടുമാത്രമായി. പാട്ടുകാർ ഫാദിസ്റ്റ എന്നാണ് അറിയപ്പെടുന്നത്. മരിയ സെവേറ എന്ന ഗായികയാണ് ഫാദോയ്ക്കു തുടക്കത്തിൽ കൂടുതൽ പ്രചാരമുണ്ടാക്കിയത്. പുതിയകാലത്ത് "ഫാദോയുടെ റാണി' എന്നറിയപ്പെടുന്ന അമാലിയ റോഡ്രിഗസ് ഈ ഗീതങ്ങളെ ലോകമെങ്ങുമെത്തിച്ചു.
നാലു സ്ട്രിംഗ് ഇൻസ്ട്രമെന്റുകളോ അല്ലെങ്കിൽ ഫുൾ ഓർക്കസ്ട്രയോ ഒക്കെ ഇന്നു ഫാദോ ആവിഷ്കാരത്തിന് അകന്പടിയാകുന്നു. പ്രധാനമായും രണ്ടു രീതികളിലാണ് ഫാദോ ആവിഷ്കരിക്കുന്നത്. ലിസ്ബണ്‍, ക്വയിന്പ്ര നഗരങ്ങളാണ് രണ്ടിന്റെയും അടിസ്ഥാനം. അമാലിയ റോഡ്രിഗസിന്റെ ലിസ്ബണ്‍ ശൈലിക്കാണ് പ്രചാരം കൂടുതൽ. ലിസ്ബണിൽ ഒരു ഫാദോ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്.
ആൽഫ്രെഡോ മാഴ്സനീറോ, കാർലോസ് ഡെ കാർമോ, മരീസ, അന്റോണിയോ സംബൂജോ തുടങ്ങിയവരും പ്രശസ്തരായ ഫാദോ ഗായകരാണ്. 2011ൽ യുനെസ്കോ ഫാദോയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിസ്ബണ്‍ തീരത്ത് ഒരു കപ്പൽ വെറുതെയിട്ടാൽ അതു കാറ്റിൽ തനിയേ ഗോവയിൽ വന്നുചേരുമെന്ന് പഴമക്കാർ പറയാറുണ്ടത്രേ. ഗോവയിലും പരിസരത്തുമുള്ള ഏതു പരന്പരാഗത സംഗീതത്തിനാവും ഫാദോയോടു സാമ്യമുണ്ടാകുക!
ഹരിപ്രസാദ്