മലകയറ്റവും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ വയനാട്ടിൽ എത്തിയാൽ ചെന്പ്ര കൊടുമുടി കാണാതെ മടങ്ങരുത്. വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, സമുദ്രനിരപ്പിൽനിന്ന് 2100 മീറ്റർ ഉയരം. മേപ്പാടിക്കു സമീപമുള്ള ഇവിടെനിന്നാൽ വയനാട്, നീലഗിരി, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ഭംഗി ആസ്വദിക്കാം. ഒരു പകലിന്റെ പാതി പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കാം.
ട്രെക്കിംഗ്: ട്രെക്കിംഗ് സൗകര്യമാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, വനംവകുപ്പിന്റെ അനുമതിയോടെ ഗൈഡുകൾക്കൊപ്പമേ ട്രെക്കിംഗ് അനുവദിക്കൂ. പോകുന്ന വഴിയിൽ നിരവധി വിസ്മയ കാഴ്ചകളുണ്ട്.
കാണേണ്ട കാഴ്ച: കൊടുമുടിക്കു മുകളിലേക്കുള്ള പാതിവഴിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു അദ്ഭുതമുണ്ട്. ഹൃദയത്തിന്റെ രൂപത്തിൽ ഒരു തടാകം, ഹൃദയ സരസ്. തടാകം കഴിഞ്ഞാൽ കൊടുംവനത്തിലൂടെ രണ്ടു കിലോമീറ്ററോളം നടക്കണം. മൂന്നു മണിക്കൂറിലേറെ വേണ്ടിവരും മുകളിലെത്താൻ.
യാത്ര: മേപ്പാടി ടൗണിൽനിന്ന് അഞ്ചു കിലോമീറ്റർ തേയിലത്തോട്ടത്തിലൂടെ യാത്ര ചെയ്താൽ ഇവിടേക്ക് എത്താം. പാസ് മേപ്പാടി ഫോറസ്റ്റ് ഒാഫീസിൽ ലഭിക്കും. പ്രവേശന ഫീസ് ഉണ്ട്. ട്രെക്കിംഗ് താത്പര്യമുള്ളവർ ഉച്ചയ്ക്കു മുന്പ് എത്തണം. പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ. സെപ്റ്റംബർ മുതൽ മാർച്ച് വരെ കൂടുതൽ അനുയോജ്യം.