ഇന്ത്യയുടെ നൊബേൽ സമ്മാനമാണ് ഭാരതരത്നം. വിശിഷ്ട സേവനത്തിനു രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ പുരസ്കാരം. 1954ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ഇതു ഭാരതരത്നത്തിന്റെ സപ്തതി വർഷമാണ്.
പ്രഥമ പുരസ്കാരം നേടിയവർ
1954ൽ പ്രഥമമായി ഭാരതരത്നം നേടിയത് സർവേപ്പള്ളി രാധാകൃഷ്ണൻ, സി. രാജഗോപാലാചാരി, സി.വി. രാമൻ എന്നിവരായിരുന്നു.
മരണാനന്തര ബഹുമതി
ഭാരതരത്നം അവാർഡ് ഏർപ്പെടുത്തുന്പോൾ, 1954ൽ മരണാനന്തരം നൽകാൻ തീരുമാനിച്ചിരുന്നില്ല. 1966 ജനുവരിയിലെ ഓർഡിനൻസ് പ്രകാരമാണ് ഈ പുരസ്കാരം മരണാനന്തരവും നൽകാൻ തീരുമാനിച്ചത്. ഇതിനോടകം പതിനെട്ടു പേർക്കു മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയിട്ടുണ്ട്.
മഹിതകൾ അഞ്ചുപേർ
ഭാരതരത്നം നേടിയ അന്പത്തിമൂന്നു പേരിൽ മഹിതകൾ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയാണ് ഈ പുരസ്കാരം നേടിയ ആദ്യ വനിത. പിന്നീട് മദർ തെരേസ, അരുണ ആസിഫ് അലി, സുബ്ബലക്ഷ്മി, ലതാ മങ്കേഷ്കർ എന്നിവരാണ് ആദരിക്കപ്പെട്ടത്.
സുഭാഷ് ചന്ദ്രബോസ്
മരണാനന്തര ബഹുമതിയായി സുഭാഷ് ചന്ദ്രബോസിന് ഭാരതരത്നം നൽകാൻ പരിഗണനയ്ക്കു വന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബം അതിനെ എതിർത്തിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ മരണം ഇന്നും ഒരു ചോദ്യച്ചിഹ്നമായതുകൊണ്ട് മരണാനന്തര ബഹുമതി അദ്ദേഹത്തിന് നൽകേണ്ടതില്ലായെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. തുടർന്നു സർക്കാർ തീരുമാനത്തിൽനിന്നു പിൻവലിയുകയായിരുന്നു.
ഇല്ലാതിരുന്ന വർഷങ്ങൾ
സമൂഹത്തിലെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നിർവഹിച്ചവർക്കാണ് ഭാരതരത്നം ശിപാർശ ചെയ്യുക. ഇന്ത്യൻ പ്രധാനമന്ത്രിയാണ് രാഷ്ട്രുപതിക്കു ഭാരതരത്നം അവാർഡിന് അർഹരായവരെ ശിപാർശ ചെയ്യുന്നത്. എല്ലാ വർഷവും പുരസ്കാരം നൽകാമെങ്കിലും ഈ 70 വർഷത്തിനിടെ 27 വർഷം മാത്രമാണ് അവാർഡ് നൽകപ്പെട്ടത്. 1977 മുതൽ 1980ന്റെ ആദ്യംവരെ അവാർഡ് നൽകാനുള്ള ശിപാർശ ഒഴിവാക്കിയിരുന്നു. 1992 അവസാനം മുതൽ 1995 വരെയും ഭാരതരത്നം ശിപാർശ ചെയ്യപ്പെടാത്ത കാലയളവായിരുന്നു. മാറിമാറിവരുന്ന സർക്കാരുകളുടെ തീരുമാനവും കോടതിയിൽ വന്ന ചില വ്യവഹാരങ്ങളുമാണ് ഭാരതരത്ന നിർണയത്തിന് തടസമായത്.
വിദേശികൾ
ഏതു രാജ്യത്തിലുള്ളവർക്കും ഭാരതരത്നം നൽകുന്നതിനു നിയമതടസമില്ല. എന്നാൽ, ഇതിനോടകം രണ്ടു വിദേശികൾ മാത്രമാണ് പുരസ്കാരം നേടിയത്. 1987ൽ പുരസ്കാരം നേടിയ ഖാൻ അബ്ദുൾ ഗഫർഖാൻ, ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച വ്യക്തിയായിരുന്നു. 1890ൽ ജനിച്ച അദ്ദേഹം 1947ൽ മരിക്കുന്നതുവരെ പാക്കിസ്ഥാൻ പൗരനുമായിരുന്നു. മഹാത്മാഗാന്ധിയുടെ ആരാധകനായിരുന്ന ഗഫർഖാനെ അതിർത്തിഗാന്ധി എന്നാണ് വിശേഷിപ്പിക്കുന്നത്. പൂർണ അർഥത്തിൽ ഭാരതരത്നം നേടിയ ഏക വിദേശി നെൽസൺ മണ്ഡേലയാണ്. 1990ലാണ് അദ്ദേഹത്തിന് അവാർഡ് നൽകിയത്. വർണവിവേചനത്തിനെതിരേ ദക്ഷിണാഫ്രിക്കയിൽ അക്രമരഹിത സമരം നയിച്ച വ്യക്തിയാണ് മണ്ഡേല. ദീർഘമായ 27 വർഷം ജയിലിൽ കിടന്നു. 1990ൽ ജയിൽമോചിതനായ വർഷം ഭാരതം അദ്ദേഹത്തിന് ഇന്ത്യയുടെ പരമോന്നത പുരസ്കാരം നൽകി ആദരിക്കുകയായിരുന്നു.
സച്ചിൻ തെണ്ടുൽക്കർ - പ്രായംകുറഞ്ഞ വ്യക്തി
ഭാരതരത്നം സ്വീകരിച്ചവരിൽ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് സച്ചിൻ തെണ്ടുൽക്കർ. 2011ൽ വരുത്തിയ നിയമഭേദഗതിയിൽ ഏതെങ്കിലും പ്രത്യേകരംഗത്തു മികവ് തെളിയിച്ചവർക്കു ഭാരതരത്നം നൽകാമെന്നുള്ള തീരുമാനമുണ്ടായി. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ സച്ചിനെ പരിഗണിച്ചത് കായികമേഖലയിലെ അദ്ദേഹത്തിന്റെ സന്പൂർണ സംഭാവനകൾ വിലയിരുത്തിയാണ്. സച്ചിൻ 2014ൽ ഭാരതരത്ന സ്വീകരിക്കുന്പോൾ അദ്ദേഹത്തിന് 41 വയസ് മാത്രമായിരുന്നു പ്രായം. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ഖ്യാതികൂടി സച്ചിനു സ്വന്തമാണ്.
ഭാരതത്തിന്റെ ആറു മുൻ പ്രസിഡന്റുമാരും ഒന്പത് മുൻ പ്രധാനമന്ത്രിമാരും ഏഴു മുൻ മുഖ്യമന്ത്രിമാരും ഇതിനോടകം ഭാരതരത്നം നേടിയിട്ടുണ്ട്. സി.വി. രാമൻ, അമർത്യാസെൻ, മദർ തെരേസ, നെൽസൺ മണ്ഡേല എന്നിവർ നൊബേൽ സമ്മാന ജേതാക്കൾകൂടിയാണ്.
പുരസ്കാരം - ആനുകൂല്യങ്ങൾ
ഭാരതരത്ന അവാർഡ് ഇന്ത്യയുടെ പരമോന്നത പുരസ്കാരമാണെങ്കിലും നൊബേൽ സമ്മാനം പോലെയുള്ള സാന്പത്തികലബ്ധി, അവാർഡിന്റെ ഭാഗമായി ലഭിക്കില്ല. ആലിലയുടെ ആകൃതിയിൽ തീർത്ത ഒരു മെഡലും രാഷ്ട്രപതി ഒപ്പിട്ട ഒരു സർട്ടിഫിക്കറ്റുമാണ് ജേതാക്കൾക്കു ലഭിക്കുന്നത്. മെഡലിന്റെ പ്രധാനവശത്തു തേജസോടെ പ്രകാശിക്കുന്ന സൂര്യഗോളം ചിത്രീകരിച്ചിരിക്കുന്നു. അതിനടിയിൽ ദേവനാഗരി ലിപിയിൽ ഭാരതരത്ന എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മെഡലിന്റെ മറുവശത്ത് അശോകസ്തംഭവും അതിനു താഴെ സത്യമേവ ജയതേ എന്ന ആപ്തവാക്യവും ചിത്രീകരിച്ചിട്ടുണ്ട്.
ഭാരതരത്ന ജേതാവ്, ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തു സന്ദർശനം നടത്തുന്പോൾ അദ്ദേഹം ആ സംസ്ഥാനത്തിന്റെ അതിഥിയായി പരിഗണിക്കപ്പെടും. വിദേശയാത്രകളിൽ അതതു രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസി, വേണ്ട യാത്രാക്രമീകരണങ്ങളിലും മറ്റും മുന്തിയ പരിഗണന നല്കണമെന്നാണ് ചട്ടം. ഭാരതരത്നം നേടുന്നവർക്കു സർക്കാർ, ഒരു ഡിപ്ലോമാറ്റിക് പാസ്പോർട്ട് കൂടി നൽകി അവരെ ആദരിക്കുന്നു.
അഡ്വ.ഫാ. ജോർജ് ചേന്നപ്പള്ളിൽ