ഫ്രാൻസിസ് പാപ്പയുടെ ജീവിതകഥ മലയാളത്തിൽ
Saturday, December 21, 2024 9:19 PM IST
ഹൃദയത്തിൽ സ്നേഹവായ്പ് നിറഞ്ഞ സാന്നിധ്യം. ഒരു കരത്തിൽ ദൈവത്തെയും മറുകരത്തിൽ മാനവകുലത്തെയും ചേർത്തുപിടിക്കുകയും ചേർത്തുവയ്ക്കുകയും ചെയ്യുന്ന സമാധാനദൂതൻ. എങ്ങനെയാണ് ലോകമെന്പാടുമുള്ള നാനാജാതി മതസ്ഥരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചാൽ ഫ്രാൻസിസ് പാപ്പ നൽകുന്ന ഉത്തരം ശ്രദ്ധേയം.
“ജീവിക്കാൻ പഠിക്കണമെങ്കിൽ ആദ്യം പഠിക്കേണ്ടത് സ്നേഹിക്കാനാണ്''. അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യം, അപ്പോൾ സ്നേഹിക്കാൻ പഠിച്ചതോ? അദ്ദേഹത്തിനു പറയാൻ ഒരു മനുഷ്യായുസ് മുഴുവനും നീണ്ടുകിടക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലമുണ്ട്. യഥാർഥത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം തുടങ്ങുന്നത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തിനും ഏഴരപ്പതിറ്റാണ്ടു മുന്നേയാണ്.
ന്യൂ ജനറേഷന്റെ പോലും മനസുകളെ പിടിച്ചെടുക്കാൻ എങ്ങനെ കഴിയുന്നുവെന്നു ചോദിച്ചാൽ ആ ജീവിതമാണ് മറുപടി. യുദ്ധവും ഭീതിയും മുതൽ അനുഭവങ്ങളുടെ കടലാണ് ആ ജീവിതമെന്ന് ഈ പുസ്തകം സാക്ഷ്യം നൽകുന്നു.
സ്നേഹപ്പൂവായി റോസാ മുത്തശി
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും അമൂല്യവുമായി അദ്ദേഹം പുസ്തകത്തിൽ പറയുന്നത് റോസാ മുത്തശി എന്ന സ്നേഹസാന്നിധ്യമാണ്. പാപ്പയുടെ വാക്കുകളിൽ "അസാധാരണ സ്ത്രീ'. വീട്ടിൽനിന്നു നൂറ്റമ്പത് അടി മാത്രം ദൂരത്തിൽ താമസിച്ചിരുന്ന മുത്തശി പാപ്പായുടെ ബാല്യകൗമാരങ്ങളിൽ നിറഞ്ഞ സാന്നിധ്യം. കുഞ്ഞുമാരിയോയുടെ മനസിൽ മൂല്യങ്ങളുടെ വിത്തുപാകിയതിലും പരിപോഷിപ്പിച്ചതിലും വളർത്തിയതിലും വലിയ പങ്ക് റോസാ മുത്തശിക്കുള്ളതാണ്.
അതിലുപരി യഥാർഥ സന്തോഷമായ ക്രിസ്തുവിനെ പരിചയപ്പെടുത്തിയതും കൂട്ടുകൂടാനും പ്രാർഥിക്കാനും പഠിപ്പിച്ചതുമെല്ലാം ഈ മുത്തശിതന്നെ. പൗരോഹിത്യത്തിലേക്ക് ആകർഷിച്ചതിനു പിന്നിൽ റോസാ മുത്തശിക്കൊപ്പം പ്രാധാന്യമുള്ളയാൾ ആദ്യകുർബാന നൽകിയ സലേഷ്യൻ മിഷനറി വൈദികനും കുടുംബസുഹൃത്തുമായ ഫാ. എൻറിക്കോ പാസോളിനിയാണ്. ഫാ. എൻറിക്കോയ്ക്കു കുടുംബവുമായി ഉണ്ടായ അടുപ്പത്തിന്റെ പിന്നിലെ കഥകളും പുസ്തകം വിവരിക്കുന്നു.
ഭീതിപ്പെടുത്തിയ യുദ്ധം
ബാല്യത്തിലെ ഇരുണ്ട ഭാഗങ്ങൾ ലോകമഹായുദ്ധം സമ്മാനിച്ചതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകളിൽ അർജന്റീനയിലെ ഗ്രാമങ്ങളിൽ ആദ്യമൊന്നും അശാന്തിയോ അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ല. എങ്കിലും, തുടരെയെത്തുന്ന റേഡിയോ സന്ദേശങ്ങളിലൂടെയും ഇറ്റലിയിൽ താമസിച്ചിരുന്ന ബന്ധുക്കൾ അയയ്ക്കുന്ന കത്തിലൂടെയും യുദ്ധത്തിന്റെ ഭീകരതയും ചുറ്റും നടക്കുന്ന അസ്വസ്ഥതകളും അവർ തിരിച്ചറിഞ്ഞു. ഭീതിനിറഞ്ഞ കണ്ണുകളായിരുന്നു കൗമാരക്കാർക്ക്.
പാൽപുഞ്ചിരി കണ്ണീരിൽ മാഞ്ഞുപോയ കുഞ്ഞുങ്ങൾ, പ്രത്യാശയോ പ്രതീക്ഷയോ ബാക്കിയില്ലാത്തവിധം നിരാശ്രയരായി ജീവിതം തള്ളിനീക്കിയിരുന്ന ജനങ്ങൾ. ഓർമകൾ എൺപതു വർഷങ്ങൾക്കു പിന്നിലേക്കു സഞ്ചരിക്കുമ്പോൾ അന്നത്തെ ഓരോ സംഭവത്തിന്റെയും ആഴവും വ്യാപ്തിയും അതേപടി വാക്കുകളിൽ നിറയുന്നു. ഒരു നേരം പോലും സമാധാന അന്തരീക്ഷം അനുഭവിക്കാത്ത സഹജീവികളെക്കുറിച്ചു പറയവേ ഇപ്പോഴും ഉള്ളു പിടയുന്നത് അതുകൊണ്ടാണ്.
ഇന്നും എവിടെയെങ്കിലും യുദ്ധവും അക്രമവും നടക്കുമ്പോൾ സമാധാനത്തിനു വേണ്ടി ആഹ്വാനം ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പയെ പ്രേരിപ്പിക്കുന്നത് ഏതൊരു യുദ്ധത്തിനും ഒടുവിൽ ബാക്കിയാകുന്ന അശാന്തിയും അനിശ്ചിതത്വവും നിരാശയും അദ്ദേഹം തിരിച്ചറിഞ്ഞതുകൊണ്ടാണ്.ഹിറ്റ്ലറിനെക്കുറിച്ച് അറിഞ്ഞതും ആ മുഖം കുഞ്ഞുമനസിനെ പേടിപ്പെടുത്തിയതും മറ്റൊരോർമ. ഒരിക്കൽ ആത്മരോഷത്തിൽ അമ്മ നടത്തിയ പ്രസ്താവനയിലൂടെയാണ് ഹിറ്റ്ലറെക്കുറിച്ച് ആദ്യം കേൾക്കുന്നത്.
“സ്വയം ദൈവമാണെന്നാണ് അയാൾ കരുതുന്നത്, ഒരു ഭീകരജന്തു തന്നെ'' അമ്മയുടെ ഈ വാക്കുകൾ കാലങ്ങൾക്കിപ്പുറവും കാതിൽ മുഴങ്ങുന്നു. അതുകൊണ്ടുതന്നെ അതിക്രമങ്ങളെയും ഫാസിസത്തെയും വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം എതിർക്കുന്നു.
ചലച്ചിത്രം എന്ന അത്ഭുതലോകം
ബാല്യത്തിന്റെ നിറമുള്ള മറ്റൊരോർമ ദൃശ്യശ്രാവ്യ മാധ്യമങ്ങളോടുള്ള അടുപ്പമാണ്. അമ്മയുടെ സ്വാധീനമാണ് റേഡിയോ ഒാപ്പറകളോടു താല്പര്യം ജനിപ്പിച്ചത്. യുദ്ധം തകർത്തെറിഞ്ഞ ചുറ്റുപാടുകളുടെ യഥാർഥ ആഴം മനസിലാക്കാൻ സിനിമ സഹായിച്ചു. അന്നു കണ്ട സിനിമകളും അതുവഴി മനസിൽ പതിഞ്ഞ കാര്യങ്ങളും സാമൂഹ്യ ചുറ്റുപാടിനെക്കുറിച്ചു നല്ലൊരു ധാരണ നൽകി.
വിക്ടോറിയ ഡെസിക്കയുടെ ചിൽഡ്രൻ ആർ വാച്ചിംഗ് അസ്, ഫ്രഡറിക്കിക്കോ ഫെല്ലിനിയുടെ ല സ്ട്രാദ (ദി റോഡ്) എന്നീ ചിത്രങ്ങൾ വലിയ സ്വാധീനം ചെലുത്തി. മാതാപിതാക്കളോടൊപ്പം സിനിമാശാലയിൽ പോയ ചലച്ചിത്രനേരങ്ങൾ ഒരിക്കലും മായാത്ത രസനിമിഷങ്ങളായി ഇപ്പോഴും ഉള്ളിലുണ്ട്.
സിനിമാസ്റ്റൈലിൽ ചന്ദ്രനിൽ
സെമിനാരിക്കാലത്താണ് മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ചരിത്രസംഭവം അരങ്ങേറിയത്. അതിന്റെ ദൃശ്യങ്ങൾ കൂട്ടുകാർക്കും ഗുരുക്കന്മാർക്കും ഒപ്പം ആവേശപൂർവമാണ് കണ്ടത്. ആ ദിവസം തന്നെ ചിന്തിപ്പിച്ച രണ്ടു കാര്യങ്ങളുമുണ്ടായി. ഒന്നാമത്തേത് കൂട്ടുകാരിലൊരാൾ നടത്തിയ പരാമർശമാണ് “ചന്ദ്രനിൽ കാലുകുത്തിയ രംഗം വെറും സിനിമാറ്റിക് ആണ്.'' അതുല്യമായ സാങ്കേതിക നേട്ടത്തെ ഉൾക്കൊള്ളാൻ മടിക്കുന്ന പ്രസ്താവന.
അതേസമയം, സാങ്കേതികവിദ്യ വളർന്നപ്പോൾ വിശ്വസനീയമായ വിധം തെറ്റായ വാർത്തകൾ തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ പ്രവണതയെ ആ പ്രസ്താവനയുടെ പശ്ചാത്തലത്തോടു ചേർത്ത് എങ്ങനെ വായിക്കണം എന്നുകൂടി പറയുന്നു. രണ്ടാമത്തേത് പോൾ ആറാമൻ മാർപാപ്പ ബഹിരാകാശ ശാസ്ത്രസംഘത്തിനു നേർന്ന ആശംസാ സന്ദേശമാണ്.
“ഉറക്കമിളച്ച രാത്രികൾക്കും കഠിനപരിശ്രമത്തിനുമൊടുവിൽ അപ്രാപ്യമെന്നു കരുതിയ ഈ യജ്ഞത്തിൽ വിജയക്കൊടി നാട്ടിയ നിങ്ങൾക്ക് എല്ലാ നന്മയും ആശംസകളും. ഉള്ളിൽ തിരതല്ലുന്ന ആനന്ദത്തോടെ സ്രഷ്ടാവായ ദൈവത്തിനു നന്ദിയും സ്തുതിഗീതികളും ആലപിച്ചു സുരക്ഷിതരായി മടങ്ങി വരിക''. ഹൃദ്യം, ലളിതം, ദീപ്തം ആ വാക്കുകൾ!
സസ്പെൻസ് ബാക്കി
വായനക്കാരിൽ കൗതുകമുണ്ടാക്കുന്ന മറ്റൊരു വിവരണം മാർപാപ്പയുടെ അതിഥിയായി ഫുട്ബോൾ ഇതിഹാസം മാറഡോണ എത്തുന്നതാവണം. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സമാധാനമുൾപ്പെടെയുള്ള വിഷയങ്ങൾ കടന്നുവന്നു.
ഫുട്ബോൾ മൈതാനം പോലെ വിശാലമായ മനസിൽ ലോകകുടുംബത്തെ പുണർന്നിരിക്കുന്ന മാർപാപ്പ മറഡോണയ്ക്കു വേണ്ടി മാത്രം കരുതിയ ഒരു ചോദ്യമുണ്ട്, അതിങ്ങനെ: "1986ലെ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ അർജന്റീനയ്ക്കായി നിമിത്തമായ "ദൈവത്തിന്റെ കൈ'' പിന്നീട് ലോകം ഏറ്റെടുത്തതാണ്.
സംഭാഷണത്തിനൊടുവിൽ ഞാൻ അദ്ദേഹത്തോടു തമാശയായി ചോദിച്ചു, “ഏതാണ് ആ തെറ്റു ചെയ്ത കൈ?'' മാറഡോണയുടെ ഉത്തരം തത്കാലം സസ്പെൻസാക്കി വച്ചിട്ട് മാർപാപ്പ പറയുന്ന വലിയ ആഹ്വാനം കേൾക്കാം. “നമുക്കു നമ്മുടെ കരങ്ങളിൽ അഴുക്ക് പറ്റിക്കാം. നിർധനരിൽ ദൈവത്തെ തേടി നമ്മുടെ ജീവിതത്തിനു അല്പമെങ്കിലും അർഥം നൽകാം. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ആളുകളിലേക്ക് എത്തുന്പോൾ നമുക്ക് അവരുടെ കൈകളിൽ പിടിക്കാനും കണ്ണുകളിൽ നോക്കാനുമായാൽ ഈ ജീവിതം കുറേക്കൂടി മെച്ചപ്പെടും.
നമുക്കു നമ്മുടെ പ്രതിഫലം ലഭിക്കും. നിർധനർക്കൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിച്ചാൽ മതി, അവരുമായുള്ള കണ്ടുമുട്ടലും ഒരു നോട്ടവും മതി മുന്നോട്ടുപോകാനുള്ള കരുത്ത് വീണ്ടുകിട്ടാൻ.''ആത്മകഥയുടെ പിറവിയെക്കുറിച്ചു ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ടായ താല്പര്യവും ഒരുപക്ഷേ ഇതാവാം.
കഥകളിലൂടെ
കഥകൾ കേട്ടു കഥകളോടൊപ്പം വളർന്ന മനുഷ്യനു മറ്റൊരാൾക്കു പറഞ്ഞുകൊടുക്കാൻ ഉള്ളതും കുറെ കഥകളാണ്. മാധ്യമപ്രവർത്തകനായ ഫാബിയോ മാർക്കേസ് റഗോണയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ചേർന്ന ജീവിതപാഠത്തിന്റെ ഉത്തമാവിഷ്കാരമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് (Life: My Story Through History). സാന്ദ്രമായ ആ ആത്മഭാഷണത്തെ മലയാളത്തിലേക്കു വിവർത്തനം ചെയ്തത് സാഹിത്യകാരനും വിവർത്തകനുമായ പിജെജെ ആന്റണിയാണ്.
സുവിശേഷത്തിന്റെ ചൂരും നിത്യജീവിതത്തിന്റെ ഗന്ധവുമുള്ള നുറുങ്ങുവെട്ടം കൈയിൽ കരുതി നദിപോലെ ശാന്തമായി ഒഴുകുന്ന ഫ്രാൻസിസ് പാപ്പയുടെ ജീവിതം ഈ പുസ്തകത്തിലൂടെ തൊട്ടറിയാം.
പുസ്തകത്തിൽനിന്ന്
ഉച്ചഭക്ഷണത്തിനായി ഞങ്ങളെല്ലാവരും അവിടെ എത്തി. ഭക്ഷണത്തിന് മുന്പായി ഞാൻ അഞ്ചാം നിലയിൽ ഹാവന്നായുടെ ആർച്ച്ബിഷപ്പായ കർദിനാൾ ജെയ്മി ഒർട്ടേഗ അല്മാനിയോയുടെ മുറിയിലേക്ക് പോയി. തുടക്കത്തിലേ പൊതുസമ്മേളനത്തിലെ എന്റെ പ്രസംഗത്തിന്റെ ഒരു കോപ്പി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കൈകൊണ്ടെഴുതിയ ഒറിജിനൽ കുറിപ്പ് മാത്രമേ എന്റെ പക്കൽ കൊടുക്കാൻ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പേരിൽ ഞാൻ അദ്ദേഹത്തോടു ക്ഷമ പറയുകയും ചെയ്തു. അപ്പോളാണ് അദ്ദേഹം പറഞ്ഞത് “ആഹാ, എത്ര ആനന്ദകരം! പുതിയ പോപ്പിന്റെ പക്കൽനിന്ന് എന്നേക്കും സൂക്ഷിക്കാനായി ഒരു സുവനീർ”സത്യത്തിൽ അത് എനിക്കുള്ള ഒരു സൂചന ആയിരുന്നെങ്കിലും അപ്പോൾ എനിക്കതൊന്നും മനസിലായില്ല.
അതിനു ശേഷം രണ്ടാം നിലയിലുള്ള എന്റെ മുറിയിലേക്കു ഞാൻ മടങ്ങി. നാലാം നിലയിൽ ലിഫ്റ്റ് നിന്നു. സാന്തിയാഗോയിലെ ആര്ച്ച്ബിഷപ് എമെരിറ്റസ് ആയ കർദിനാൾ ഫ്രാൻസിസ്കോ എറാസൂറിസ് ലിഫ്റ്റിലേക്കു കയറിവന്നു. വര്ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു."താങ്കൾ പ്രസംഗം തയാറാക്കിയോ?' അദ്ദേഹം എന്നോടു ചോദിച്ചു. "എന്ത് പ്രസംഗം?' കാര്യം പിടികിട്ടാതെ ഞാൻ ചോദിച്ചു.
"ഇന്നത്തെ പ്രസംഗം, താങ്കൾ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുമ്പോൾ പറയാനുള്ളത്.' എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതായിരുന്നു രണ്ടാമത്തെ സൂചന. അപ്പോഴും എനിക്ക് കാര്യങ്ങൾ സുവ്യക്തമായില്ല. ഉച്ചഭക്ഷണത്തിനായി ഞാൻ താഴേക്കു പോന്നു. എന്നോടൊപ്പം അന്നേരം കർദിനാൾ ലിയോനാർദൊ സാന്ദ്രിയും ചേർന്നു.
ഭക്ഷണത്തിനിരിക്കുന്ന ഹാളിൽ ചില യൂറോപ്യൻ കർദിനാളന്മാർ ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവരിലൊരാൾ എന്നോടായി പറഞ്ഞു: "അഭിവന്ദ്യ പിതാവ് വന്നാലും. ലാറ്റിൻ അമേരിക്കയെക്കുറിച്ചു ഞങ്ങളോടു പറഞ്ഞാലും.'മറ്റൊന്നും ആലോചിക്കാതെ ഭക്ഷണത്തിനായി ഞാൻ അവർക്കൊപ്പം ചേർന്നു. പക്ഷേ, അവരുടെ ചോദ്യങ്ങൾ എന്നെ ശരിക്കും കുടയുന്ന രീതിയിലുള്ളതായിരുന്നു..
ലോകം മുഴുവൻ ശ്രദ്ധയോടെ ശ്രവിക്കുന്ന സ്വരം
ക്രൈസ്തവർ മാത്രമല്ല ലോകം മുഴുവൻ ശ്രദ്ധയോടെ ശ്രവിക്കുന്ന സ്വരമാണ് മാർ ഫ്രാൻസിസ് പാപ്പായുടേത്. സഭകൾക്കും സംസ്കാരങ്ങൾക്കും അതീതമായി അംഗീകരിക്കപ്പെടുന്ന വലിയ ആത്മീയ സാന്നിധ്യം. ജീവിതമാണ് ഏറ്റവും ശക്തവും സ്വാധീനവുമുള്ള ഉത്തമ ആശയവിനിമയ ഉപാധി. അതിനാൽ അദ്ദേഹത്തിന്റെ ജീവിതകഥ ലോകത്തിനു മുഴുവൻ ഒരു നിധിയായി അനുഭവപ്പെടും.
ലോകമനസിനെ കൂടുതൽ വിശാലമാക്കാനും മനഃസാക്ഷിക്കു കൂടുതൽ പ്രകാശം പകരാനും ഈ ജീവചരിത്രം കാരണമാകുമെന്നു കരുതാം. മനുഷ്യമനസുകൾക്കു പുതിയ പ്രകാശവും കരുണയുടെ വായ്പും പകരാൻ ഈ "ജീവിതഗ്രന്ഥം' സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.
റവ.ഡോ. തോമസ് ഐക്കര സിഎംഐ, റവ.ഡോ. ജസ്റ്റിൻ കോയിപ്പുറം സിഎംഐ
ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ
ഫ്രാന്സിസ് മാര്പാപ്പ
(ഒൗദ്യോഗിക മലയാളം പരിഭാഷ)
പരിഭാഷ: പിജെജെ ആന്റണി
പേജ് : 252, വില: 375 രൂപ
പ്രസാധനം: നോവാസ് ആർക് / വീസീ തോമസ് എഡിഷൻസ്.
ഒാർഡർ ചെയ്യാൻ: 94476 35775
വിദേശത്ത്: സെബാസ്റ്റ്യൻ മാണി :
+1 (817) 8001682
E mail: [email protected].
എൽസീന ജോസഫ്