തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലനം കുട്ടിയുടെ മാതാപിതാക്കൾ കസിൻസ് ആണെന്നുള്ള സൂചനയിലേക്കും നയിച്ചെന്നു ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ നരവംശശാസ്ത്രജ്ഞനായ അലസാന്ദ്ര മോഡി വിശദീകരിക്കുന്നു.
ഏകദേശം 17,000 വർഷങ്ങൾക്കു മുമ്പ്, തെക്കൻ ഇറ്റലിയിൽ ജീവിച്ചിരുന്ന ഹിമയുഗ ശിശുവിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. നീലക്കണ്ണുകളും ഇരുണ്ട ചർമവും ഇരുണ്ട തവിട്ടു മുടിയുമുണ്ടായിരുന്ന ആൺകുട്ടിയുടെ മരണത്തിനു കാരണം ഹൃദ്രോഗം ആണെന്ന് ഗവേഷകർ പറയുന്നു.
ഡിഎൻഎ വിശകലനത്തിലൂടെ കുട്ടിയുടെ ശാരീരിക പ്രത്യേകതകളിലേക്കുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. 1998ൽ മോണോപൊളിയിലെ ഗ്രോത്തെ ഡെല്ലെ മുറ ഗുഹയിൽനിന്നു പുരാവസ്തു ഗവേഷകനായ മൗറോ കാലാറ്റിനിയാണു കുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പ്രത്യേക കല്ലറകളൊന്നും കണ്ടെത്തിയിരുന്നില്ല. ഗുഹയ്ക്കുള്ളിലാണു കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തിരുന്നതെന്നു ഗവേഷകർ പറയുന്നു. നേച്ചർ കമ്യൂണിക്കേഷൻസിൽ സെപ്റ്റംബർ 20ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് പുരാതനശിശുവിന്റെ ജീവിതത്തെയും രൂപത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളുള്ളത്.
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലനം കുട്ടിയുടെ മാതാപിതാക്കൾ കസിൻസ് ആണെന്നുള്ള സൂചനയിലേക്കും നയിച്ചെന്നു ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ നരവംശശാസ്ത്രജ്ഞനായ അലസാന്ദ്ര മോഡി വിശദീകരിക്കുന്നു.
പാലിയോലിത്തിക് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളെങ്കിലും നവീന ശിലായുഗത്തിൽ ഇതു കൂടുതൽ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പർ പാലിയോലിത്തിക്കിലെ ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ മനസിലാക്കാൻ ഈ പഠനം ഉപകരിക്കുമെന്നു ബൊളോഞ്ഞ സർവകലാശാലയിലെ ഫിസിക്കൽ ആന്ത്രോപോളജി പ്രഫസർ സ്റ്റെഫാനോ ബെനാസി പറയുന്നു.
കുട്ടിയുടെ ശാരീരിക വളർച്ച മനസിലാക്കാൻ സീയെന്ന സർവകലാശാല നടത്തിയ നരവംശശാസ്ത്ര വിശകലനങ്ങൾക്ക് അടിസ്ഥാനം നൽകാൻ കഴിഞ്ഞിട്ടുണ്ട്. സംയോജിതഗവേഷണം വഴി കുട്ടിയുടെ ജീവിതവും മരണവും കൃത്യതയോടെ പുനർനിർമിക്കാൻ കഴിഞ്ഞെന്നും സീയെന്ന യിലെ ഗവേഷകർ പറയുന്നു.