കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുകുമാരൻ നായർ, പി.കെ. കൃഷ്ണൻനായർ, എസ്. രാമൻകുട്ടിനായർ, കുമാരി തളിയത്ത്, ടി.പി. രാധാമണി, സി.എസ്. രാധാദേവി എന്നിവർക്കു പുറമേ ഞാനും.
ടി.എന്നിന്റെ സംവിധാനത്തിൽ നാടകം മികച്ച നിലവാരം പുലർത്തി. ഞാനും കുമാരി തളിയത്തും കാമുകീകാമുകന്മാരുടെ റോളിലാണ്. കുമാരി തളിയത്ത് പ്രസിദ്ധ സിനിമാതാരവും ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മയുമായ മിസ് കുമാരിയാണ്. നീലക്കുയിൽ, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ നായികയായി മികച്ച അഭിനയം കാഴ്ചവച്ച അനുഗൃഹീത നടി.
ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. നാടകത്തിലൂടെ എന്നെ അറിയാമെന്നു കുമാരി പറഞ്ഞു. എത്ര ആദരവോടെയാണ് അവർ എന്നോടു സംസാരിച്ചത്. ഒരു സിനിമാതാരത്തിന്റെ ഗമയോ തലക്കനമോ ഇല്ല. സ്നേഹം നിറഞ്ഞ സംസാരം, സൗമ്യമായ പെരുമാറ്റം, വിനയം തുളുന്പുന്ന മുഖഭാവം.
റേഡിയോ നാടക പ്രണയം
നാടകത്തിൽ ഒരിടത്തു ഞാനും കുമാരിയും പ്രേമവായ്പോടെ ഉരുവിടുന്ന ഒരു സംഭാഷണഭാഗമുണ്ട്. അതിങ്ങനെയാണ്.
ലീലേ പ്രഭേട്ടാ ഇങ്ങടുത്തുനിൽക്കൂ.. ലീലേ നിന്റെ ഈ കൃഷ്ണമണിയിൽ തിളങ്ങുന്ന എന്റെ രൂപംപോലെയുള്ള ഒരു കുഞ്ഞു നമുക്കുണ്ടാവണം. അതിന്റെ കവിളിൽ തെരുതെരെ ചുംബിക്കണം.
ശ്യോ, നാണമില്ലല്ലോ. ഇങ്ങനെയൊക്കെ പറയാൻ. (വികാരപുരസരം) ലീലേ! നിന്റെ ഈ മുന്തിരിച്ചുണ്ടുകളിൽ... (ചുംബനത്തിന്റെ സീൽക്കാരം).
ഈ രംഗം അതീവഹൃദ്യമായി ഞങ്ങൾ അഭിനയിച്ചു. ചുംബനത്തിന്റെ സമയം വന്നപ്പോൾ ടി.എൻ. നിർദേശംതന്നു. "ജോസ് ആ സമയത്ത് സ്വന്തം കൈവെള്ളയിൽ ഒന്നു ചുംബിച്ചാൽ മതി. മൈക്രോഫോണ് ആ സ്വരം പിടിച്ചെടുത്തോളും. ആ സൂത്രം ഭംഗിയായി ഫലിച്ചു. ചുംബനം യഥാതഥമായി തോന്നുകയും ചെയ്തു. റിക്കാർഡിംഗ് കഴിഞ്ഞ് ഞാൻ തൃശൂർക്കു മടങ്ങി.
നാടകം പ്രക്ഷേപണം ചെയ്ത ദിവസം. ഞാനാദ്യമായി അഭിനയിച്ച നാടകം കേൾക്കാൻ എന്റെ അമ്മയും ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഉത്സാഹപൂർവം റേഡിയോയ്ക്കു മുന്പിൽ ചെവി വട്ടം പിടിച്ചിരുന്നു. നാടകം പുരോഗമിക്കവേ ഞാനും കുമാരിയും തമ്മിലുള്ള മുൻപറഞ്ഞ സംഭാഷണഭാഗം കേട്ടപ്പോൾ അമ്മയുടെയും സഹധർമിണി ലിസിയുടെയും മുഖം മങ്ങി. ഉത്സാഹം ചോർന്നുപോയതുപോലെ.
നാടകം തീർന്നപ്പോൾ എങ്ങനെയുണ്ട് നാടകം എന്ന എന്റെ ചോദ്യത്തിന് അമ്മയുടെ മറുപടി വന്നു. "നന്നായി. എന്നാലും എന്തിനാ ഇങ്ങനെയൊക്കെയുള്ള ഭാഗം നീയ്...'
പ്രേമരംഗവും ചുംബനത്തിന്റെ സ്വരവുമാണ് അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അമ്മയ്ക്ക് ആശയക്കുഴപ്പം. ലിസിക്ക് ആശങ്ക. അവരിൽ ചെറിയ തെറ്റിദ്ധാരണ കടന്നിരിക്കുന്നു. ഞാൻ വിശദീകരണത്തിനൊന്നും പോയില്ല.
മിസ് കുമാരിയുടെ മരണം
അടുത്ത മാസത്തിൽ തിരുവനന്തപുരത്തുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്കു ഞാനും കുടുംബവും അമ്മയെയുംകൂട്ടി പോയ സമയത്ത് ആകാശവാണിയും സന്ദർശിച്ചു. ടി.എൻ. ഞങ്ങളെ ആഹ്ലാദപൂർവം സ്വീകരിച്ചു. ടി.എന്നിനോട് രഹസ്യമായി ഈ അനുഭവം പങ്കുവച്ചു. ടി.എൻ. ഉടനെ പറഞ്ഞു. "അതിനു വഴിയുണ്ട്. ഇന്നു നാടക റിക്കാർഡിംഗുള്ള ദിവസമാണ്. സ്റ്റുഡിയോയിൽ ആ റിക്കാർഡിംഗ് ഇവർക്കു കാണാം.' റിക്കാർഡിംഗ് നടക്കുന്ന സ്ഥലത്തേക്ക് ടി.എൻ. ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
ചുറ്റും ചില്ലുള്ള എ.സി. റൂമിനകത്തു നടീനടന്മാർ അവരവരുടെ ഭാഗങ്ങൾ കുറിച്ച ഷീറ്റുകൾ പിടിച്ച് ഒരു മൈക്രോഫോണിനു ചുറ്റുംനിന്നു കടലാസിൽ നോക്കി ഡയലോഗുകൾ വ്യത്യസ്ത വികാരങ്ങളോടെ പറയുകയാണ്. അത് അല്പനേരം കാണുകയും കേൾക്കുകയും ചെയ്തതോടെ അമ്മയുടെയും ലിസിയുടെയും തെറ്റിദ്ധാരണ മാറിയെന്ന് അവരുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിളിച്ചുപറഞ്ഞു.
സാന്ദർഭികമായി ഒരു വസ്തുത ഇവിടെ കുറിച്ചുകൊള്ളട്ടെ. കുമാരി തളിയത്ത് സിനിമയിൽനിന്നു വിട്ട് തളിയത്തുകുടുംബത്തിലെ ഒരു എക്സിക്യൂട്ടീവ് എൻജിനിയറുടെ ഭാര്യയായി കഴിയുന്പോഴാണ് ടി.എന്നിന്റെ സ്നേഹപൂർവമായ ക്ഷണം സ്വീകരിച്ചു റേഡിയോനാടകത്തിൽ പങ്കെടുക്കാൻ ഭർതൃസമേതം തിരുവനന്തപുരത്തെത്തിയത്.
ആ എൻജിനിയറുമായി ഞാനന്നു പരിചയപ്പെടുകയും ചെയ്തു. അവരുടെ ദാന്പത്യബന്ധം അത്ര സുഖകരമായിരുന്നില്ലത്രെ. എന്തൊക്കെയോ അരുതാത്തതു സംഭവിച്ചിട്ടുണ്ട്. ആഴ്ചകൾക്കു ശേഷം ദുഃഖകരമായ ആ വാർത്ത വന്നു. കുമാരി അന്തരിച്ചു! ഷോക്കേറ്റപോലെയായി ഞാൻ. അതു സ്വാഭാവിക മരണമായിരുന്നോ? അറിയില്ല. ആ മരണത്തെക്കുറിച്ചു പല കഥകൾ ഇന്നും ഉത്തരം കിട്ടാത്തതായി അന്തരീക്ഷത്തിലുണ്ട്.
എന്നോടൊത്ത് അഭിനയിച്ച കുമാരിയുടെ ചിത്രം മനസിൽനിന്നു മാഞ്ഞിട്ടില്ല. ഞങ്ങൾ ഇരുവരും അഭിനയിച്ച ആ നാടകം! എന്റെ ആദ്യത്തെ റേഡിയോ നാടകമായിരുന്നെങ്കിൽ കുമാരിയുടെ അവസാനത്തെ റേഡിയോ നാടകമായിരുന്നു. എന്തുചെയ്യാം. വിധിയുടെ ഓരോ വിളയാട്ടങ്ങൾ!
റേഡിയോ നൽകിയ സന്തോഷം
1972ലെ നാടകവാരത്തിൽ ടി.എന്നിന്റെ സംവിധാനത്തിൽ സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എന്റെ "തീമഴ' എന്ന നാടകം വന്നു. അതാണ് പിന്നീട് "നഷ്ടസ്വർഗം' എന്ന പേരിൽ പുസ്തകമായത്. ആ നാടകത്തിൽ പ്രേംനസീർ, അടൂർ ഭാസി, കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ, ടി.എൻ. ഗോപിനാഥൻനായർ, തൃശൂർ ഫിലോമിന, ടി.ആർ. ഓമന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 1974ലെ നാടകവാരത്തിൽ എന്റെ പ്രസിദ്ധമായ അഗ്നിവലയം നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു.
"മണൽക്കാട് ' നാടകവാരത്തിൽ വന്നപ്പോൾ അത് ആ വർഷത്തെ ഏറ്റവും മികച്ചതാണെന്ന് ആകാശവാണിയുടെ രഹസ്യ സർവേയിൽ വെളിപ്പെട്ടു. അതാണു പിന്നീട് നാഷണൽ പ്രോഗ്രാമിൽ വന്നത്. അതേ അനുഭവംതന്നെ അഗ്നിവലയത്തിനുമുണ്ടായി. ഈ നാടകവും ദേശീയ പരിപാടിയായി ഇന്ത്യയൊട്ടുക്കും പ്രക്ഷേപണം ചെയ്യപ്പെട്ടു. മണൽക്കാടും അഗ്നിവലയവും ഇന്ത്യയിലെ ആകാശവാണി നിലയങ്ങൾ പലതവണ പുനഃപ്രക്ഷേപണം ചെയ്തത് എന്നെ ഏറെ സന്തുഷ്ടനാക്കി.
തൃശൂർ റേഡിയോ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും സ്വന്തമായും സ്വതന്ത്രമായും പ്രോഗ്രാം ചെയ്തുതുടങ്ങിയത് 1974 ലാണ്. തൃശൂർ നിലയത്തിൽനിന്ന് ആദ്യം പ്രക്ഷേപണം ചെയ്യപ്പെട്ട നാടകം ഞാനെഴുതിയതാണ് എന്നതിൽ എനിക്കു സന്തോഷമുണ്ട്. ആ നാടകത്തിൽ ആകാശവാണിയിലെ തങ്കമണിയും ഞാനും മറ്റു പല ആർട്ടിസ്റ്റുകളും പങ്കെടുത്തു.
1976ലെ നാടകവാരത്തിൽ തൃശൂർ നിലയം പ്രക്ഷേപണം ചെയ്തത് എന്റെ "സൂര്യാഘാതം' നാടകമാണ്. കെ.വി. മണികണ്ഠൻ, തങ്കമണി, വി.ടി. അരവിന്ദാക്ഷമേനോൻ, പി.എൻ. ബാലകൃഷ്ണപിള്ള തുടങ്ങിയവർ ശബ്ദം നൽകി. പിന്നീട് ഒട്ടേറെ തവണ സുര്യാഘാതം പുനഃപ്രക്ഷേപണം ചെയ്യപ്പെട്ടു.
തിരുവനന്തപുരത്തു ഞാൻ ഓഡിഷൻ ടെസ്റ്റ് പാസായ വിവരം മുന്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. റേഡിയോ ആർട്ടിസ്റ്റ് എന്ന ആ സ്ഥാനം അപ്ഗ്രേഡ് ചെയ്യാനായി ഞാൻ അപേക്ഷ അയച്ചു. 1975ൽ തൃശൂർ നിലയത്തിൽവച്ച് അതിന്റെ ഓഡിഷൻ നടന്നു. ആ ടെസ്റ്റ് കുറെ കടുപ്പമായിരുന്നെങ്കിലും അതിലും ഞാൻ വിജയിച്ചു. അതോടെ ഞാൻ ബി ഹൈഗ്രേഡ് ആർട്ടിസ്റ്റായി.
ഞാൻ തൃശൂർ നിലയത്തിന്റെ കീഴിലായിരുന്നെങ്കിലും 1977ലെ നാടകവാരത്തിൽ തിരുവനന്തപുരത്തിന്റെ നാടകമായി ടി.എൻ. തെരഞ്ഞെടുത്തതു സാഹിത്യ അക്കാദമി അവാർഡ് നേടിയ എന്റെ "ജ്വലനം' നാടകമായിരുന്നു.
ഏതാണ്ട് മിക്ക വർഷങ്ങളിലും നാടകവാരത്തിലേക്ക് ആകാശവാണി എന്നെക്കൊണ്ടു നാടകമെഴുതിച്ചു. കേരള നിലയങ്ങളുടെ സംയുക്ത നാടകവാരത്തിൽ തൃശൂർ നിലയത്തിൽനിന്നു പ്രോഗ്രാം എക്സിക്യൂട്ടീവായ എൻ.കെ. സെബാസ്റ്റ്യന്റെ സംവിധാനത്തിൽ 1984ൽ എന്റെ അഭിസന്ധിയും 1986ൽ ശോകപ്പക്ഷിയും 1987ൽ ആന്പൽപ്പൂവിന്റെ ആത്മഗീതവും 1988ൽ മേഘധ്വനിയും പ്രക്ഷേപണം ചെയ്യപ്പെട്ടു.
ഇവയിൽ പലതിലും ഞാൻ അഭിനയിച്ചു. 1986, 87, 88 വർഷങ്ങളിലെ നാടകങ്ങളിൽ മുഖ്യ കഥാപാത്രത്തിനു ശബ്ദം നൽകിയതു പ്രശസ്ത ചലച്ചിത്രനടനും എന്റെ സുഹൃത്തുമായ എൻ.എഫ്. വർഗീസാണ്.
തൃശൂർ നിലയം
കൂടെ അഭിനയിച്ചവരും തൃശൂരിന്റെ മുന്തിയ ആർട്ടിസ്റ്റുകൾതന്നെ. നാടകവാരം തീർന്നപ്പോൾ തിരുവനന്തപുരം ആകാശവാണി നടത്തിയ ശ്രോതാക്കളുടെ സർവേയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് എന്റെ നാടകങ്ങൾ അവതരിപ്പിച്ച തൃശൂർ നിലയമാണ് എന്നു പറയുന്നതിൽ അഭിമാനമുണ്ട്.
തൃശൂർ നിലയത്തിൽ എന്റെ വിവിധ നാടകങ്ങൾ സംവിധാനംചെയ്ത് എൻ.കെ. സെബാസ്റ്റ്യൻ, എം.ഡി. രാജേന്ദ്രൻ, സി.പി. രാജശേഖരൻ, ടി.ടി. പ്രഭാകരൻ, കെ.വി. മണികണ്ഠൻ, എം. തങ്കമണി, ഗീത, ഉമ തുടങ്ങിയവരാണ്. ഇവരെ നന്ദിപൂർവം സ്മരിക്കുന്നു.
കേരളത്തിലെ വിവിധ ആകാശവാണി നിലയങ്ങൾ എന്റെ ചെറുതും വലുതമായ ഒട്ടനവധി റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്തു. നാടകവാരത്തിൽ 15 വർഷം എന്റെ ഓരോ നാടകമുണ്ടായിരുന്നു.
നാടകവാരത്തിനായി ഇത്രയേറെ നാടകങ്ങൾ എഴുതാൻ ഭാഗ്യം മറ്റാർക്കും സിദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. ആകെ കണക്കാക്കിയാൽ റേഡിയോയ്ക്കുവേണ്ടി ഞാനെഴുതിയതു പതിനഞ്ചു നാടകവാര നാടകങ്ങൾ, അഞ്ചു ഫാമിലി സീരിയൽ നാടകങ്ങൾ, നാല്പതോളം കൊച്ചുനാടകങ്ങൾ, നാഷണൽ പ്രോഗ്രാമിൽ രണ്ടു നാടകങ്ങൾ.
ഇതേപോലെ അനവധി നാടകങ്ങളിൽ അഭിനേതാവായും പങ്കെടുത്തു ഞാൻ ശബ്ദം നൽകി. എല്ലാം അഭിമാനപുരസരം ഓർക്കുന്നു. എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം നിലയത്തിൽ ടി.എൻ. ഗോപിനാഥൻനായരുടെയും കോഴിക്കോട് നിലയത്തിൽ തിക്കോടിയന്റെയും തൃശൂർ നിലയത്തിൽ എൻ.കെ. സെബാസ്റ്റ്യന്റെയും സേവനകാലമായിരുന്നു കേരളത്തിൽ റേഡിയോ നാടകങ്ങളുടെ സുവർണകാലം.
സി.എൽ.ജോസ്