പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഹളേബിഡു. കര്‍ണാടകയിലെ ഹാസനിലാണ് ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. രാഷ്ട്രകൂട രാജവംശം ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രനഗരം മുമ്പ് ദ്വാരസമുദ്ര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
മനുഷ്യനിര്‍മിതമായ വലിയൊരു തടാകത്തിന്റെ കരയില്‍ നിര്‍മിച്ചതുകൊണ്ടാണ് നഗരത്തിനു ദ്വാരസമുദ്ര എന്ന പേരു വന്നത്. വാണിജ്യ നഗരമായി വളര്‍ന്ന ദ്വാരസമുദ്രത്തെ പിന്നീട് ഹൊയ്സാല രാജവംശം അവരുടെ തലസ്ഥാനമായി തെരഞ്ഞെടുത്തു. 12-ാം നൂറ്റാണ്ടില്‍ നഗരം പുതുക്കിപ്പണിത വിഷ്ണുവര്ധന് എന്ന ഹൊയ്സാല രാജാവാണ് ഇതിന് "നശിച്ച നഗരം' എന്നര്‍ഥം വരുന്ന ഹളേബിഡു എന്ന പേരു നല്‍കിയത്.
ക്ഷേത്രനഗരം എന്ന നിലയിലാണ് ഹളേബിഡു വിഖ്യാതമായത്. വാസ്തുകലാ വിസ്മയങ്ങളായ അനവധി പൗരാണിക ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ വിഖ്യാതമായ ഹൊയ്സാലേശ്വര ക്ഷേത്രത്തിന്റെ പേരിലാണ്. ഹൊയ്സാല ക്ഷേത്രവാസ്തുവിദ്യയുടെ അവസാന വാക്കായി കരുതപ്പെടുന്ന നിര്‍മിതിയാണിത്.
ക്ഷേത്ര കോംപ്ലക്സിനുള്ളില്‍ രണ്ട് ശ്രീകോവിലുകളാണുള്ളത്. ഹോയ്സാലേശ്വരനും ശാന്തലാ ദേവിയുമാണ് പ്രതിഷ്ഠകള്‍.
ക്ഷേത്രപുറംമതിലില് രാമായണം, മഹാഭാരതം, ഭാഗവതം അടക്കമുള്ള ഹിന്ദു ഇതിഹാസങ്ങളിലെ സന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. വേദകാല ആരാധനാമൂര്‍ത്തികള്‍, രാജാക്കന്മാര്, സംഗീതജ്ഞര്‍, നര്‍ത്തകര്‍ തുടങ്ങിയ മറ്റനേകം ശില്പങ്ങളും കാണാം. ശിവപ്രതിഷ്ഠയുള്ള കേദാരേശ്വര ക്ഷേത്രമാണ് മറ്റൊരു പ്രധാന നിര്‍മിതി. നരസിംഹ ഒന്നാമന്റെ കാലത്താണ് ഇതു പണികഴിപ്പിച്ചത്. വലിപ്പത്തില്‍ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു ചെറുതാണിത്. ഹൊയ്സാല വാസ്തുകലയുടെ പരിണാമത്തെ വരച്ചുകാട്ടുന്നതാണ് ഈ ക്ഷേത്രം.
ജൈനക്ഷേത്രങ്ങളും
ഹൈന്ദവ ക്ഷേത്രങ്ങളെ കൂടാതെ നിരവധി ജൈനക്ഷേത്രങ്ങളുടെയും ഭൂമിയാണ് ഹളേബിഡു. ഹൊയ്സാല രാജവംശത്തിന്റെ മതപരമായ വൈവിധ്യത്തിലേക്കാണ് ഇത് വെളിച്ചം വീശുന്നത്.
പ്രശാന്തമായ പരിതസ്ഥിതിയില്‍ തിളങ്ങുന്ന തൂണുകളോടു കൂടി സ്ഥിതി ചെയ്യുന്ന പാര്‍ശ്വനാഥ ബസാടിയാണ് ജൈനക്ഷേത്രങ്ങളില്‍ പ്രധാനം.
ആക്രമണങ്ങൾ
13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡല്‍ഹി സുല്ത്താന്മാര് ആക്രമിച്ചതോടെയാണ് ഹളേബിഡുവിന്റെ പതനം ആരംഭിക്കുന്നത്. പിന്നീട് ആക്രമണങ്ങളും അധിനിവേശങ്ങളും പതിവായി. അലാവുദീന്‍ ഖില്‍ജിയുടെ പടത്തലവനായ മാലിക് കഫൂര്‍ 1311ല്‍ നടത്തിയ ആക്രമണം ഹളേബിഡുവിനെ ആകെ തകര്‍ത്തുകളഞ്ഞു. ഈ ആക്രമണത്തോടെ തങ്ങളുടെ അഭിമാനമായിരുന്ന തലസ്ഥാന നഗരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ ഹൊയ്സാല രാജാക്കന്മാര് തലസ്ഥാനം ബേലൂരിലേക്കു മാറ്റുകയും ചെയ്തു.
യുനെസ്കോ പട്ടികയിൽ
അതോടെ ഹളേബിഡു ഒരു ഉപേക്ഷിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ക്കു ശേഷം ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ചേര്‍ന്നു കണ്ടെത്തുന്നതു വരെ പ്രേതനഗരമായി വിസ്മൃതിയിലാണ്ടു കിടന്നു. ഇന്നു കര്‍ണാടകയുടെ സംസ്കാര സമ്പുഷ്ടതയില്‍ ഹൊയ്സാല രാജവംശത്തിന്റെ പ്രതീകമായി ഹളേബിഡു നിലകൊള്ളുന്നു.
അപൂര്ണാവസ്ഥയിലാണെങ്കിലും ഹൊയ്സാലേശ്വര ക്ഷേത്രം യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൊയ്സാല പൈതൃകത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഗവേഷണ കേന്ദ്രം കൂടിയാണിത്. ഈ സ്മാരകങ്ങള്‍ ഭാവി തലമുറയ്ക്കായി സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിപുല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആയിരക്കണക്കിനു സന്ദർശകരും ഇവിടേക്ക് ഒഴുകിയെത്തുന്നു.
അജിത് ജി. നായർ