ഒരു പരിണാമ സൂക്തം
Sunday, December 29, 2024 12:01 AM IST
ഇന്നിലെ ജീനുകളുച്ചിയിലേറ്റി ഈ യുഗപ്പോക്കിന്റെ
തേരു തെളിക്കും കർമവീരനാം യോദ്ധാവു ഞാൻ.
പുസ്തകക്കൂട്ടത്തിന്നോളങ്ങൾ തീർത്ത
തമോവനമായ് മാറിയെൻ മനം!
അറിവിൻ മേടകൾ പ്രേക്ഷണ പ്രളയങ്ങൾക്കായി
ചാലു കീറിയതെന്റെ മനം!
മുദ്ര വിളഞ്ഞാടും നിത്യഹരിത കാനനച്ചോലകൾ
കൈമുതലാക്കാൻ വീഥിയൊരുക്കിയതെന്റെ മനം!
പച്ചക്കുടയുടെ മോഹന വിസ്തൃതി മോഹസാധ്യങ്ങൾക്കായ്
വെട്ടിയൊതുക്കി പച്ചപ്പു മാറ്റിച്ചതെന്റെ മനം!
കാട്ടുതീയാളാൻ ഇന്ധനം ചോർത്തി, ആഗോള താപനമുയർന്നു നില്ക്കാൻ
തീക്കനലൂതിയതെന്റെ മനം!
സമുദ്ര നിരപ്പിനു മാറ്റം വരുത്തി, സമുദ്ര ജീവിതം വിഭ്രാന്തമാക്കി
പ്രപഞ്ച നാഡിയെ വിഭ്രംശമാക്കിയതെന്റെ മനം!
ജാതി, മതങ്ങളെ തമ്മിലടിപ്പിച്ച്, സാമൂഹ്യസ്പര്ധ ഊതിപ്പെരുപ്പിച്ച്
മർത്യ മനസിനെ ചാക്കളമാക്കിയതെന്റെ മനം!
വിദ്വേഷ പോർക്കളമെങ്ങുമൊരുക്കി കിരാതതേർവാഴ്ച നിരന്തരമാക്കി
ശവക്കൂനകൾ തീർത്തതെന്റെ മനം!
അർത്ഥത്തിന്നാർത്തിയാൽ "അക്കരെ' സ്വപ്നത്തിൽ
ആടിയുലഞ്ഞതുമെന്റെ മനം!
കൂരിരുൾ ഗർത്തമാമെന്റെ മനസിന്റെ ഊഷരക്കോണിലെ ഉഷ്ണക്കാറ്റിൽ
വെന്തുനീറിപ്പോയെന്നൂഷ്മള ഭാവങ്ങൾ!
ഒന്നു ചിരിക്കുവാൻ, ഒരു വാക്കുരിയുവാൻ ആവാതെ വിങ്ങുന്ന
ശ്മശാന ഭൂമിയാണിന്നെൻ മനം!
മരണ കാഹളം പെരുമ്പറ കൊട്ടുമീ ഇരുട്ടിൻ ഭൂമിയിൽ,
പാപപങ്കിലമെൻമനപ്പുൽക്കൂട്ടിൽ,
ഒരു നവ ജന്മം ആശിക്കുമെന്നിൽ
കാല നിയന്താവേ, ലോകവിധാതാവേ,
കാലിത്തൊഴുത്തിലെ പൊന്നിതിഹാസമേ,
തത്വസംഹിതകൾ,ആചാര രീതികൾ കാല വിഭാജ്യത്തിൽ
മാറ്റിക്കുറിച്ച മഹാ പ്രതിഭാസമേ,
മാനസാന്തരത്തിൻ കൃപാ കടാക്ഷമായി
ശാന്തി, സമാധാനത്തിൻ തീരാ നിർഝരിയായി
കെടാവിളക്കായി, കാരുണ്യതീർഥമായി
സ്നേഹ സുമങ്ങൾ തൻ പരിമള ദ്രവ്യമായി
കടന്നു വരേണമെ, വന്നു പിറക്കേണമേ
കൈപിടിച്ചുയർത്തണേ, കേഴുന്നു പാപി ഞാൻ.
പി.ജെ. കുര്യാച്ചൻ, മറ്റക്കര