ടപ്പ എന്നൊരു ഗാനകാവ്യശാഖയുണ്ട്. ബംഗാളി, പഞ്ചാബി, സിന്ധി തുടങ്ങിയ ഭാഷകളില്‍ 18ഉം 19ഉം നൂറ്റാണ്ടുകളില്‍ വലിയ പ്രചാരമുണ്ടായിരുന്നു. ദ്രുപദിന്റെയും ഖയാലിന്റെയും സംക്ഷിപ്തരൂപമെന്നു പറയാം. വളരെ കുറച്ചു വരികളില്‍ വിടരുന്ന, പെട്ടെന്നു മനസുതൊടുന്ന സംഗീതം.
രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഗാനങ്ങളില്‍ ടപ്പയുടെ അതിസുന്ദരമായ പ്രയോഗങ്ങള്‍ കാണാം. ടപ്പയിലൂടെ സംഗീതരംഗത്തു ചുവടുവച്ച്, രബീന്ദ്രസംഗീതത്തിന്റെ മുന്‍നിരക്കാരിലൊരാളായ മാലതി ഘോഷാലിന്റെ 122-ാം ജന്മദിനമാണ് ഈ ചൊവ്വാഴ്ച. സമകാലികരായ അമിയയ്ക്കും അമിതയ്ക്കുമൊപ്പം ടാഗോറിനു മുന്നില്‍ പാടാനും അദ്ദേഹത്തില്‍നിന്നു അറിവുകള്‍ നേടാനുമുള്ള അവസരം മാലതിക്കു കിട്ടി, ഒരപൂര്‍വ ഭാഗ്യം.
വേരുകള്‍, ശാഖകള്‍...
പാട്ടിന്റെ വഴികളിലൂടെ പിന്നോട്ടു നടക്കുമ്പോള്‍ ചുരുള്‍നിവരുന്നത് മിക്കപ്പോഴും വലിയ ചരിത്രംകൂടിയാണ്. കാലത്തിന്റെയും ബന്ധങ്ങളുടെയും സുന്ദരശ്രുതി അതിലൂടെ കേട്ടുവരാം. മാലതി ഘോഷാലിന്റെ കഥയും മറ്റൊന്നല്ല. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്സിയില്, അന്നത്തെ കല്‍ക്കട്ടയില്‍ 1902 ഡിസംബര്‍ 17നാണ് മാലതി ഘോഷാല്‍ ജനിച്ചത് (മാലതി ബോസ് എന്ന് ആദ്യത്തെ പേര്). ബംഗാളിലെ മുന്‍നിര സംരംഭകനായിരുന്ന ഹേമേന്ദ്ര മോഹന്‍ ബോസും മൃണാളിനി ബോസുമാണ് മാതാപിതാക്കള്‍.
ഇനി ബന്ധങ്ങളുടെ വേരുകള്‍ കേള്‍ക്കൂ. മൃണാളിനി ശാരദാരഞ്ജന്‍ റേയുടെ സഹോദരിയാണ്. ആരാണ് ശാരദാരഞ്ജന്‍? ബംഗാള്‍ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നയാളാണ് അദ്ദേഹം. ഇന്ത്യയുടെ ഡബ്ല്യൂ.ജി. ഗ്രേസ് എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. വിഖ്യാത എഴുത്തുകാരനായിരുന്ന ഉപേന്ദ്രകിഷോര്‍ റേ ചൗധരി മറ്റൊരു സഹോദരന്. കവി സുകുമാര്‍ റേയുമായി അടുത്ത ബന്ധം. സുകുമാര്‍ റേ സാക്ഷാല്‍ സത്യജിത് റേയുടെ പിതാവാണെന്നുകൂടി അറിയണം.
അങ്ങനെ സാഹിത്യം, സ്പോര്‍ട്സ്, വ്യവസായം, സിനിമ തുടങ്ങി വിവിധ മേഖലകളുടെ, എന്നാല്‍ ഒരുമയുടെ ലോകത്തേക്കാണ് മാലതിയുടെ സംഗീതവും ചേര്‍ന്നതെന്നു കരുതാം. മുകളില്‍ കണ്ടതുപോലെ ടപ്പ പരിശീലിച്ചു തുടക്കം. മാനസ സുന്ദരി ദാസിയില്‍നിന്നു ടപ്പയും പൂര്ണകുമാരി ദാസിയില്‍നിന്നു കീര്‍ത്തനങ്ങളും ഗോപേശ്വര്‍ ബന്ദോപാധ്യായ, സുരേന്ദ്രനാഥ് ബന്ദോപാധ്യായ, ശ്യാം സുന്ദര്‍ മിത്ര എന്നിവരില്‍നിന്നു ശാസ്ത്രീയ സംഗീതവും മാലതി പഠിച്ചു. ഒപ്പം ഭംഗിയായി സിത്താറും വായിച്ചുതുടങ്ങി. രബീന്ദ്രസംഗീതത്തിലൂടെ പ്രശസ്തിയും നേടി.
ഒപ്പമെത്തിയ ഈണം
1935ല്‍ ഡോ. സുശാന്ത ചന്ദ്ര ഘോഷാലിനെ വിവാഹം കഴിച്ചതോടെയാണ് മാലതി ബോസ് മാലതി ഘോഷാല്‍ ആയത്. വിദഗ്ധനായ മൈക്രോബയോളജിസ്റ്റും കല്‍ക്കട്ടയിലെ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് തലവനുമായിരുന്നു ഡോ. ഘോഷാല്‍.
അക്കാലത്തെ മാരകരോഗങ്ങളായ കാലാ അസര്‍, കോളറ എന്നിവയ്ക്കെതിരേ പോരാടിയ വിദഗ്ധരില്‍ അദ്ദേഹവുമുണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ഒരു മികച്ച പാട്ടുകാരനുമായിരുന്നു അദ്ദേഹം. മാലതിയിലെ സംഗീജ്ഞയ്ക്ക് ഗംഭീരമായ പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
വിവാഹത്തിന് അഞ്ചു വര്‍ഷം ശേഷമാണ് മാലതിയുടെ ആദ്യത്തെ ഗ്രാമഫോണ്‍ റിക്കാര്‍ഡ് പുറത്തിറങ്ങിയത്. കേ ബൊസിലേ അജി, ഹൃദയോ ബസോന പൂര്ണോ ഹോലോ എന്നിങ്ങനെ രണ്ടു ടാഗോര്‍ ഗീതങ്ങളായിരുന്നു അതില്‍. വീണ്ടും ടാഗോറിന്റെതന്നെ രണ്ടു ഗീതങ്ങളുമായി അടുത്ത ഗ്രാമഫോണ്‍ പുറത്തിറങ്ങാന്‍ പത്തുകൊല്ലമെടുത്തു.
എന്നാല്‍, ഈ നാലു പാട്ടുകള്‍കൊണ്ട് മാലതി സംഗീതാസ്വാദകര്‍ക്കു പ്രിയങ്കരിയായി. 1961ല്‍ ടാഗോര്‍ ജന്മശതാബ്ദിക്കു മറ്റൊരു ഡിസ്ക് കൂടി അവരുടേതായി പുറത്തിറങ്ങി. ഭാവാത്മകതയാണ് രബീന്ദ്രസംഗീതത്തിന്റെ മുഖ്യ സവിശേഷത. മാലതിയുടെ സ്വരംചേര്ത്ത ഭാവഭംഗി കേള്‍വിക്കാരുടെ മനസുകള്‍ കവര്‍ന്നു. പ്രണയഗീതങ്ങളും ഋതുക്കളെ ചിത്രീകരിക്കുന്ന ഗീതങ്ങളും ഭക്തിഗാനങ്ങളുമെല്ലാം അവരുടെ ശബ്ദത്തില്‍ ഇന്നും നിറംപകരുന്നു.
ഭര്‍ത്താവിന്റെ മരണത്തോടെ, 1952ല്‍ മാലതി പൊതുവേദികളില്‍ പാടുന്നത് അവസാനിപ്പിച്ചു. അവരുടെ മകള്‍ അലോക മിത്ര ബംഗാളിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയാണ്. 1984 ജൂലൈ 17ന് 81-ാം വയസില്‍ കല്‍ക്കട്ടയിലായിരുന്നു മാലതിയുടെ അന്ത്യം.
ഹരി പ്രസാദ്