വർഷങ്ങൾക്കു മുന്പ്, മുംബൈയിലെ ജുഹു ബീച്ച്. സുന്ദരിയായ ഒരു വിദേശയുവതി ധ്യാനത്തിലെന്നവണ്ണം ഇരിക്കുന്നു. കടലോരത്തു നടക്കാനിറങ്ങിയ നടൻ ബൽരാജ് സാഹ്നിയെ അവർ പരിചയപ്പെട്ടു. സംസാരത്തിനിടെ പറഞ്ഞതിങ്ങനെ: ബുദ്ധസന്യാസിയെപ്പോലുള്ള ഒരാളെ ഇവിടെ എന്നും കാണുന്നതാണ് ധ്യാനത്തിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്. അദ്ദേഹം നടന്നുകൊണ്ട് ധ്യാനിക്കുന്നതായാണ് എനിക്കു തോന്നാറുള്ളത്.
അങ്ങനെ പറഞ്ഞുകൊണ്ടിരിക്കേ ദൂരെ അയാൾ പ്രത്യക്ഷപ്പെട്ടു. അതാ അദ്ദേഹം! - യുവതി ആശ്ചര്യത്തോടെ പറഞ്ഞു. അത് എസ്.ഡി. ബർമനായിരുന്നു! സംഗീതത്തെക്കുറിച്ചു ചിന്തിക്കുന്നതും ദൈവത്തെ മനസിൽ ചേർക്കുന്നതും ഒരേ കാര്യമാണെന്നു പ്രഖ്യാപിച്ച, ഓൾഡ് മങ്ക് എന്ന് ആരാധകർ വിശേഷിപ്പിച്ച അതേ ബർമൻ ദാ.
ഇന്നത്തെ ബംഗ്ലാദേശിലെ കൊമില്ല എന്ന ഗ്രാമത്തിൽ, രാജപരന്പരയിലെ കണ്ണിയായി ജനിച്ച് സംഗീതമേ ജീവിതം എന്നു മനസിലുറപ്പിച്ചു സഞ്ചരിച്ചയാൾ. കിഴക്കിന്റെ താരാട്ടും നാടൻ ഈണങ്ങളും ബർമനോടൊപ്പം മുംബൈയിലെത്തി. അവിടെനിന്ന് ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ തലമുറകൾകടന്ന് ഒഴുകുന്നു.
ആദ്യം ഈണം
പാട്ടിന്റെ ഈണം ആദ്യമിട്ട് പിന്നീടു വരികൾ എഴുതുകയെന്ന രീതിക്കു തുടക്കമിട്ടയാളാണ് സച്ചിൻ ദേവ് ബർമൻ. പലപ്പോഴും ഗാനരചയിതാക്കൾക്കൊപ്പം ഹാർമോണിയവുമായി ചെന്നിരിക്കാറുണ്ട് അദ്ദേഹം. മീറ്ററിനൊപ്പിച്ചാണ് അവർ എഴുതുന്നത്, വേണ്ടാത്ത വാക്കുകളൊന്നും വരികളിലില്ല എന്നൊക്കെ ഉറപ്പിക്കാനായിരുന്നത്രേ അത്. ഭംഗിയുള്ള വാക്കുകളുടെ ഇഷ്ടക്കാരനായിരുന്നു ബർമൻ ദാ.
ഗുരു ദത്തിന്റെ കാഗസ് കേ ഫൂൽ (1959) എന്ന ചിത്രത്തിലെ വഖ്ത് നേ കിയാ എന്ന പ്രശസ്തമായ പാട്ടിന്റെ പിന്നിലുണ്ട് ഒരു കഥ. കൈഫി ആസ്മിയാണ് ഗാനരചയിതാവ്. ബർമൻ ഒരു ബേസ് ട്യൂണ് ചിട്ടപ്പെടുത്തിയിരുന്നു. അത് എല്ലാവർക്കും വളരെ ഇഷ്ടമായി. എന്നാൽ ആ ഈണത്തിനു ചേരുന്ന ഒരു കഥാസന്ദർഭം ചിത്രത്തിലുണ്ടായിരുന്നില്ല. പല ഹിന്ദി സിനിമകളിലും സംഭവിച്ചിട്ടുള്ളതുപോലെ ഒരു സന്ദർഭം കൂട്ടിച്ചേർക്കാൻ തീരുമാനമായി. ഈണത്തിന്റെ മീറ്ററിൽ കൈഫ് ആസ്മി വരികളെഴുതാനിരുന്നു. രണ്ടു തവണ മാറ്റിയെഴുതിയിട്ടും വരികൾ സ്വീകാര്യമായില്ല. എങ്കിൽ ഈ ട്യൂണ് മറ്റേതെങ്കിലും സിനിമയിൽ ഉപയോഗിക്കാമെന്നായി ഗുരു ദത്ത്.
നിരാശനായ കൈഫി ആസ്മി കൂട്ടത്തിൽനിന്ന് പുറംതിരിഞ്ഞിരുന്ന് ചുവരിലേക്കുനോക്കി എഴുതിയ വരികളാണത്രേ വഖ്ത് നേ കിയാ, ക്യാ ഹസീ സിതം. ഗുരു ദത്ത് വരികൾ ശരിവച്ചു, ബർമൻ ദായും തൃപ്തൻ. പാട്ടിന്റെ റിക്കാർഡിംഗ് നടക്കുന്പോഴും ചിത്രത്തിൽ അതിനുള്ള സന്ദർഭം എഴുതിക്കഴിഞ്ഞിരുന്നില്ല. അതാണ് ആ ഈണത്തിന്റെ മാജിക്.
ഒറ്റ സിത്താറിൽ ഒരു ക്ലൈമാക്സ്
ഏറ്റവും കുറച്ച് ഉപകരണങ്ങൾ മാത്രം മതിയായിരുന്നു ബർമൻ ദായ്ക്ക് എന്നു തെളിയിക്കാൻ ഈ പാട്ടുതന്നെ ധാരാളം. പിയാനോയും പുല്ലാങ്കുഴലും മാത്രമുള്ള ഇൻട്രോയിൽനിന്ന് പോകുന്നത് പരിപൂർണമായും സ്ട്രിംഗ്സ് സെക്്ഷനിലേക്കാണ്. വയലിൻ ലെയറുകൾ നായികാനായകന്മാരുടെ ഭാവങ്ങൾ മുഴുവൻ അനുഭവിപ്പിക്കുന്നു. ചെല്ലോയിൽ ആത്മാവുള്ള കൗണ്ടർ മെലഡി. പെർക്യുഷന്റെ പിന്തുണ ഇല്ലെന്നുതന്നെ പറയാം. ലാളിത്യം ഒഴുകിപ്പരക്കുന്നു.
എഴുപത്തഞ്ചോളം അംഗങ്ങളടങ്ങുന്ന ഓർക്കസ്ട്ര മറ്റ് സംഗീതസംവിധായകർ ഉപയോഗിക്കുന്ന കാലത്ത് ഒരൊറ്റ സിത്താർ ഉപയോഗിച്ച് ഒരു ചിത്രത്തിന്റെ ക്ലൈമാക്സിൽ പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട് എസ്.ഡി. ബർമൻ. കാലാപാനി (1958) എന്ന ചിത്രത്തിലാണ് ആ സംഭവം. വെറ്ററൻ സിത്താർ വാദകൻ ജെ.വി. ആചാര്യ ഇതേക്കുറിച്ച് ഓർമിച്ചിട്ടുണ്ട്. ക്ലൈമാക്സ് സീനിൽ ഒരു പ്രിന്റിംഗ് പ്രസിന്റെ ശബ്ദവും ആചാര്യയുടെ സിത്താറും മാത്രം. ദാദാ, എന്റെ ഒരു സിത്താറിന് എന്തുചെയ്യാൻ പറ്റും എന്ന് ആശങ്കപ്പെട്ടു, ആചാര്യ. ബർമൻ ഒരു പീസ് വായിക്കാൻ മാത്രമാണ് പറഞ്ഞത്. പ്രസിന്റെ ശബ്ദം നേർത്തുവരികയും, സിത്താർ നാദം ഉയരുകയും ചെയ്യുന്പോൾ അവിടെ വിടർന്നത് അനന്യമായ അനുഭവം.
ബന്ധിനി (1963) എന്ന ചിത്രത്തിനുവേണ്ടിയും ബർമൻ ഒരു പരീക്ഷണം നടത്തി. വിജയിക്കുകയും ചെയ്തു. മരങ്ങൾക്കിടയിലൂടെ നായിക നൂതൻ ഓടിവരുന്നതാണ് ദൃശ്യം. എക്സോട്ടിക് എന്നു വിശേഷിപ്പിക്കാവുന്ന സംഗീതമാണ് അറേഞ്ചർ ആന്തണി ഗൊണ്സാൽവസ് ഒരുക്കിവച്ചത്. അതു കേട്ടപ്പോഴേ ബർമൻ പറഞ്ഞു- ഇതുവേണ്ട. പകരം അദ്ദേഹം ഒരൊറ്റ പുല്ലാങ്കുഴൽ ഉപയോഗിച്ച് സംഗീതമൊരുക്കി. ഫ്ളൂട്ടിസ്റ്റ് കമൽ മിത്രയോട് അദ്ദേഹം പറഞ്ഞത് പുല്ലാങ്കുഴലിന്റെ അറ്റത്ത് വിരൽവച്ച് അടച്ചും തുറന്നും ഒരു വാക്വം ശബ്ദം സൃഷ്ടിക്കാനായിരുന്നു. കേട്ടറിയണം ആ അനുഭവവും.
പാട്ടിൽ മുങ്ങിയുയർന്ന്
ഒരു സന്യാസിയെപ്പോലെയായിരുന്നു ബർമൻ ദായുടെ സംഗീതജീവിതമെന്ന് നാം കണ്ടു. ഈണങ്ങളിൽ മുഴുകി, പാടിയാസ്വദിച്ച് അദ്ദേഹം ദിവസങ്ങൾ ചെലവിട്ടു. ഗോസിപ്പുകളോ സംഗീതരംഗത്തെ പൊളിറ്റിക്സോ ഒന്നും അദ്ദേഹത്തെ ബാധിച്ചില്ല. പ്രതിഫലം, റോയൽറ്റി, കോപ്പി റൈറ്റ് വിഷയങ്ങളിലൊന്നും അദ്ദേഹത്തിന്റെ ചെവിയെത്തിയില്ല. ഗുരു ദത്തിനും മുകുൾ ബോസിനുമൊപ്പം മുംബൈയിലെ പോവൈ തടാകത്തിൽ മീൻപിടിക്കാൻ പോകാൻ അദ്ദേഹത്തിനിഷ്ടമായിരുന്നു. ഖറിലെ എവർഗ്രീൻ ഹോട്ടലിൽ ടേബിൾ ടെന്നീസ് കളിയായിരുന്നു മറ്റൊരു വിനോദം.
കിഷോർ കുമാറിനെ ബഡീ സൂനി സൂനി ഹേ എന്ന സുന്ദരമായ പാട്ടുപഠിപ്പിച്ച് അല്പം കഴിഞ്ഞപ്പോഴാണ് എസ്.ഡി. ബർമന് പക്ഷാഘാതം സംഭവിച്ചത്. ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹം അബോധാവസ്ഥയിൽ കഴിഞ്ഞു. അതിനിടയിൽ ഒന്നോ രണ്ടോ തവണമാത്രമാണ് ചുറ്റുമുള്ളവരോടു പ്രതികരിക്കുന്നുവെന്ന സൂചനകൾ അദ്ദേഹത്തിലുണ്ടായത്. 1975 ഒക്ടോബർ 31നായിരുന്നു മരണം. ഒക്ടോബർ ഒന്നിനു ജനനം, അതേ മാസത്തിന്റെ അവസാനദിവസം വിടവാങ്ങലും...
ഹരിപ്രസാദ്