തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
പതിമൂന്നാം നൂറ്റാണ്ടിൽ തുടക്കമിട്ട ഓട്ടോമൻ സാമ്രാജ്യത്തിന്റെ ക്ഷയം പരിപൂർണ തകർച്ചയായി മാറിയത് തുർക്കിയിലെ സുൽത്താൻ ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ സൈന്യത്തിൽ ചേർന്ന് സംഖ്യശക്തികൾക്കെതിരേ പോരാടിയതോടെയാണ്.
കിഴക്കൻ യൂറോപ്പ് മുതൽ അറേബ്യവരെയുള്ള വിപുലമായ ഓട്ടോമൻ സാമ്രാജ്യത്തെ നിലംപരിശാക്കാൻ ബ്രിട്ടീഷ് - ഫ്രഞ്ച് -റഷ്യൻ സഖ്യത്തിന് ഈ യുദ്ധം അവസരമുണ്ടാക്കി.
തുർക്കിയുടെ ഉരുക്കുമുഷ്ടിക്കെതിരേ ശബ്ദമുയർത്തിയെങ്കിലും വിജയം കാണാനാകാതിരുന്ന മക്ക കേന്ദ്രീകരിച്ചുള്ള അറബികൾക്കു സായുധ പോരാട്ടത്തിനു വേണ്ട തന്ത്രമുപദേശിക്കാനും അറബ് ദേശീയത ഉയർത്തിപ്പിടിച്ചു മുന്നേറാനും വേണ്ട പിന്തുണ ബ്രിട്ടീഷ് സൈന്യം നൽകിത്തുടങ്ങിയതോടെ കഥ മാറി.
ഈ പശ്ചാത്തലത്തിൽ വീരനായകനായി പ്രത്യക്ഷപ്പെട്ട ടി.ഇ. ലോറൻസ് എന്ന ബ്രിട്ടീഷ് സൈനിക ഓഫീസറുടെ കഥ, യുദ്ധശേഷം അദ്ദേഹം രചിച്ച സെവൻ പില്ലാർഴ്സ് വിസ്ഡം (1926) എന്ന ഓർമക്കുറിപ്പിൽനിന്ന് അറബ് കലാപം എന്തായിരുന്നെന്നും അതിൽ ലോറൻസിനുള്ള പങ്ക് എന്തായിരുന്നെന്നും വ്യക്തമാകുന്നു.
അറബ് കലാപം
ബ്രിട്ടീഷ് സൈനിക-രാഷ്ട്രീയ ചരിത്രത്തിൽ കൗതുകകരവും വിവാദമേറെ സൃഷ്ടിച്ചിട്ടുള്ളതുമായ ചരിത്രമാണ് ലോറൻസിന്റേത്. പണ്ഡിതൻ, പുരാവസ്തു ഗവേഷകൻ, സൈനിക തന്ത്രജ്ഞൻ, ഡിപ്ലോമാറ്റ്, എഴുത്തുകാരൻ എന്നീ വിശേഷണങ്ങൾക്കും മേലെ 1916-19 കാലഘട്ടത്തിലെ അറബ് കലാപത്തിന്റെ നായകൻ എന്ന നിലയിലാണ് ലോറൻസ് ഓഫ് അറേബ്യയെ ലോകം അറിയുന്നത്.
ഈ ചരിത്രം ഇതിഹാസ ഭാവത്തോടെ വെള്ളിത്തിരയിലേക്കു പകരുകയാണ് ഡേവിഡ് ലീൻ. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ പ്രശ്നങ്ങൾ, സാഹസികത, യുദ്ധം, കോളനിവാഴ്ച, ഗോത്രവർഗ ജീവിതം ഇതെല്ലാം ഈ സിനിമയിലുണ്ട്.
ടി.ഇ. ലോറൻസിന്റെ പുസ്തകത്തെ ആധാരമാക്കിയാണ് ലീനിന്റെ കഥ നീങ്ങുന്നത്. എന്നാൽ, കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും വരുന്ന ധ്വനിഭരമായ രംഗങ്ങൾ കഥാനായകന്റെ വീരോചിതമല്ലാത്ത അപകടമരണവും അതിനോടുള്ള പ്രതികരണങ്ങളും കഥാപ്രമേയങ്ങളോടും ചേർത്തുവയ്ക്കപ്പെട്ടിട്ടുള്ളതാണ്.
സാഹസിക ജീവിതം
1935ൽ മുഖ്യ സംഭവങ്ങൾക്കാധാരമായ ചരിത്രം പറയുംമുന്പേ ഇംഗ്ലണ്ടിൽ പൊതുദൃഷ്ടിയിൽനിന്നു ഏറെക്കുറെ മറഞ്ഞുകഴിഞ്ഞിരുന്ന ലോറൻസ് ഒരു ഗ്രാമത്തിൽവച്ച് ബൈക്കപകടത്തിൽ മരിക്കുന്നതും അതിനുശേഷം അദ്ദേഹത്തെപ്പറ്റി പത്രലേഖകനോടു ചിലർ പറയുന്ന പ്രതികരണങ്ങളുമാണ് നമ്മുടെ മുന്നിൽ.
പിന്നീടുള്ള ഫ്ലാഷ് ബാക്കിലാണ് ലോറൻസിന്റെ അറേബ്യയിലെ സാഹസിക ജീവിതത്തിന്റെ കഥ വിടരുന്നത്. വിൻസ്റ്റൺ ചർച്ചിലിനെപ്പോലുള്ള പ്രമുഖർ വാനോളം വാഴ്ത്തിപ്പാടിയ ലോറൻസ് മറ്റു പലർക്കും അനഭിമതനും വിവാദ പുരുഷനുമാണ്.
ഒന്നാം ലോകമഹായുദ്ധം മൂർച്ഛിച്ചുനിൽക്കുന്ന 1916ൽ ഈജിപ്തിലെ ബ്രിട്ടീഷ് സൈനികത്താവളത്തിൽ ജോലിചെയ്തിരുന്ന ലോറൻസിനെ മക്കയിലെ ഷരീഫ് ഹുസൈന്റെ മകൻ ഫൈസൽ രാജകുമാരന്റെ ഉപദേഷ്ടാവായി അയയ്ക്കുന്നു.
തുർക്കി സാമ്രാജ്യത്തിനെതിരേ അറബ് സൈന്യങ്ങളെ സംഘടിപ്പിക്കുകയാണ് ദൗത്യം. ഭാവനാശാലിയും അറബികളുടെ മനസറിയുന്നവനുമായ ലോറൻസ് ബുദ്ധിമാനും ജനസ്നേഹിയുമായ ഫൈസൽ രാജകുമാരനുമായി നല്ല സൗഹൃദത്തിലാകുന്നു.
തുർക്കികൾ അടിച്ചമർത്തിയ കലാപം ഊർജസ്വലമാക്കി ലോറൻസിന്റെ നേതൃത്വത്തിൽ മരുഭൂമി കടന്ന് ഓട്ടോമൻ തുറമുഖമായ അക്കാബ മിന്നലാക്രമണത്തിൽ പിടിച്ചെടുക്കുന്നു. വീരനായക പരിവേഷത്തിൽ കെയ്റോയിൽ തിരിച്ചെത്തിയ ലോറൻസിനെ സ്വന്തം മേലധികാരികൾ ഇപ്പോൾ സംശയവും അസൂയയും കലർന്ന മനസോടെയാണ് കാണുന്നത്. പ്രത്യേകിച്ചു കേണൽ ബ്രൈറ്റൺ. ലോറൻസിന്റെ സ്വപ്നം അറബികളുടെ സന്പൂർണ സ്വാതന്ത്ര്യമാണ്.
യുദ്ധം ജയിച്ചെങ്കിലും
മേജറായി സ്ഥാനക്കയറ്റം കിട്ടി മടങ്ങുന്ന ലോറൻസ് തിരികെയെത്തി കൂടുതൽ ശക്തനാകുന്നു. ഔദാ അബുതായ് എന്ന പരുക്കനായ ഗോത്രവർഗ പടത്തലവൻ, ഷരീഫ് അലി ഖാരിഷ് തുടങ്ങിയവരെയും അവരുടെ സംഘങ്ങളെയും അണിനിരത്തി യുദ്ധം തുടരുന്നു. താഫിലേ എന്ന സ്ഥലവും അവർ പിടിച്ചു.
തുടർന്ന് ഓട്ടോമൻ കേന്ദ്രങ്ങളിൽ ഗറില്ലാ ശൈലി ആക്രമണങ്ങൾ. മുഖ്യ യാത്രാമാർഗങ്ങളായിരുന്ന റെയിൽവേ ട്രാക്കുകൾ തകർത്തു ശത്രുസൈനിക നീക്കങ്ങൾ മുടക്കി. ഒടുവിൽ പുരാതന നഗരമായ ഡമാസ്കസ് വരെ പിടിച്ചെടുത്തു. ഇതിനിടെ, യൂറോപ്പിൽ യുദ്ധം തീർന്നു ജർമനി കീഴടങ്ങി.
ഓട്ടോമൻ ഭരണം തകർന്നു. മധ്യപൂർവ ദേശം സ്വതന്ത്രമായി. എങ്കിലും ലോറൻസ് ആഗ്രഹിച്ചതല്ല സംഭവിച്ചത്. ഫ്രാൻസും ബ്രിട്ടനും ചേർന്നു റഷ്യയുടെ ഒത്താശയോടെ അറേബ്യയും പലസ്തീനുമടക്കമുള്ള പ്രദേശങ്ങൾ തങ്ങൾക്കിടയിൽ വീതംവച്ച് നിയന്ത്രണത്തിലാക്കി.
അറബ് നേതാക്കൾ അതിനു വഴങ്ങേണ്ടി വന്നു. നിരാശനായ ലോറൻസിനെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി തിരികെ ഇംഗ്ലണ്ടിലേക്കയച്ചു, ഒരു സ്ഥാനക്കയറ്റത്തോടെ. എന്നാൽ, ലോറൻസിനെ സംബന്ധിച്ച് ഇതു വലിയ മോഹഭംഗമായിരുന്നു.
അറബ് സമൂഹത്തോട് അത്രമേൽ ആ ജീവിതം അലിഞ്ഞുചേർന്നിരുന്നു. വീരോചിതമായ ഒരു ജീവിതം, വലിയ വിജയങ്ങൾ, അംഗീകാരങ്ങൾ എല്ലാം വ്യർഥമായി എന്ന തോന്നലുളവാക്കിക്കൊണ്ടാണ് ചിത്രം കഥാനായകന്റെ സാധാരണമായ മരണത്തെ ഓർമിപ്പിച്ചു കൊണ്ട് അവസാനിക്കുന്നത്.
ലീനിന്റെ ഈ ക്ലാസിക്കൽ ചിത്രം മികച്ച ചിത്രം, സംവിധാനം, ഛായാഗ്രഹണം, കലാസംവിധാനം, എഡിറ്റിംഗ്, സംഗീതം, ശബ്ദലേഖനം എന്നിങ്ങനെ ഏഴ് ഇനങ്ങളിൽ ഓസ്കർ നേടി. കൂടാതെ പല ഇനങ്ങളിൽ ഗോൾഡൻ ഗ്ലോബ്, ബഫ്ത അവാർഡുകൾ എന്നിവയും സ്വന്തമാക്കി.
ഹോളിവുഡ് - ബ്രിട്ടീഷ് ചലച്ചിത്രലോകത്തെ അതികായന്മാരായ അലക് ഗിന്നസ്, ആന്റണി ക്വിൻ, ജാക് ഹോക്കിൻസ്, ജോസഫ് ഫെറർ, അന്തോണി ക്വേയ്ൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഈജിപ്തുകാരനായ ഒമർ ഷറിഫ്, അലി അൽ ഖാരിഷായി അഭിനയിച്ച് തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിലൂടെ സഹനടനുള്ള ഗോൾഡൻ ഗ്ലോബ് നേടി താരപദവിയിലേക്ക് ഉയർന്നു.
ബോളിവുഡിൽ പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രശസ്തനായ ഐഎസ് ജോഹർ കാസിം എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹത്തിനും അതൊരു തുടക്കമായിരുന്നു.
സിനിമാറ്റോഗ്രഫിയുടെ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തി അറേബ്യൻ മരുഭൂമികളുടെ വിശാലതയെ വശ്യമായി പകർത്തിയിട്ടുണ്ട് ലോറൻസ് ഓഫ് അറേബ്യയിൽ. ലീനിന്റെ എപ്പിക് ശൈലി ഇതിൽ തെളിഞ്ഞുകാണാം.
ജിജി ജോസഫ് കൂട്ടുമ്മേൽ