കാഴ്ചയില്ലാത്തവരെ കാണുന്പോൾ തൃശൂർ ഒല്ലൂർ സ്വദേശി ജോയി മുത്തിപ്പീടികയ്ക്കു പലപ്പോഴും സഹതാപം തോന്നിയിരുന്നു. നടന്നുപോകുന്പോൾ ഒന്നു കൈപിടിച്ചു കൊടുക്കാമെന്നല്ലാതെ അവർക്കു വേണ്ടി അധികമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നേയില്ല..
അങ്ങനെയിരിക്കെയാണ് കാഴ്ചയില്ലാത്തവരുടെ സംഘടനാ സെക്രട്ടറിയുടെ ഒരു പ്രഭാഷണം കേൾക്കാൻ ഇടയായത്. കാഴ്ചയില്ലാത്തവർക്ക് നിങ്ങൾ സ്വരമാണ് സമ്മാനിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജോയിയെ ചിന്തിപ്പിച്ചു. അങ്ങനെ റിക്കാർഡിംഗിന് തന്റെ സ്വരം യോജ്യമാണോയെന്നു പരിശോധിക്കാൻ തീരുമാനിച്ചു.
അങ്ങനെ തുടങ്ങിയതാണ് ജോയി. യു ട്യൂബിലൂടെയും വാട്ട്സ് ആപ്പിലൂടെയും നൂറു കണക്കിന് ഒാഡിയോ പ്രഭാഷണങ്ങളാണ് ഇദ്ദേഹം അപ്ലോഡ് ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷമായി കഥകളായും നോവലുകളായുമൊക്കെ ഈ 72കാരന്റെ ശബ്ദം നിരവധി പേരുടെ കാതുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
പുലർച്ചെ എഴുന്നേൽക്കും. ഫ്രഷ് ആയ ശേഷം നാലോടെ റിക്കാർഡിംഗ്. ഒരു മണിക്കൂറോളം പുസ്തകങ്ങൾ വായിച്ച് റിക്കാർഡ് ചെയ്യും. തുടർന്ന് ഇതു ഗ്രൂപ്പുകളിലേക്ക് അയയ്ക്കും. ഒരു ദിവസം മൂന്നു പുസ്തകങ്ങളുടെ ആശയങ്ങളും സാരാംശവുമാണ് ഇങ്ങനെ ശബ്ദമായി പങ്കുവയ്ക്കുന്നത്.
മൂവായിരം പുസ്തകങ്ങൾ
കാഴ്ചയില്ലാത്തതിന്റെ പേരിൽ പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാനും അറിവ് നേടാനും കഴിയാത്തവരുടെ കാതുകളിലേക്ക് പതിവായി ഈ ശബ്ദം ഒഴുകിയെത്തും. ഒരു ദിവസം എത്താതായാൽ വിളിയെത്തും... ഇന്ന് എന്തു പറ്റി?... ഈ ദൗത്യം ആളുകൾക്കു പ്രയോജനപ്പെടുന്നുണ്ടെന്നറിയുന്പോൾ ജോയിക്കു നിറഞ്ഞ സംതൃപ്തി. തന്റെ പുസ്തകപ്പുരയിലെ മൂവായിരത്തോളം പുസ്തകങ്ങളിൽ കഴിയാവുന്നത്രയും ഒാഡിയോയായി നൽകാനാണ് പരിശ്രമം.
ഏകദേശം രണ്ടു ലക്ഷത്തോളം രൂപയുടെ പുസ്തകമാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. വിലക്കിഴിവുകൾ ഉള്ളപ്പോൾ ഇപ്പോഴും പുസ്തകം വാങ്ങിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവർക്കു മുന്നിൽ സ്വരമായി എത്തുന്ന ജോയിക്ക് അത്ര വലിയ പഠിപ്പിന്റെയും പത്രാസിന്റെയും കഥ പറയാനില്ല. ആറാം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളൂ. പതിമൂന്നു മക്കളിൽ രണ്ടാമൻ. പിതാവ് കർഷകനായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ സഹായിക്കാൻ കൃഷിയിടങ്ങളിലേക്കു പോകേണ്ടിവന്നതോടെയാണ് പഠിപ്പ് അവസാനിപ്പിച്ചത്. പിതാവ് വിൻസന്റ് ഡി പോൾ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ജീവകാരുണ്യരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം ജോയിക്കും പ്രചോദനമായി. അങ്ങനെ 33 വർഷം സംഘടനയിൽ സജീവമായി പ്രവർത്തിച്ചു.
തന്റെ ചിന്താഗതികളെയും പ്രവർത്തനരീതികളെയും മാറ്റിയ കാലമായിരുന്നു അതെന്ന് ഇദ്ദേഹം ഒാർമിക്കുന്നു. ശബ്ദമുള്ള കാലത്തോളം കാഴ്ചയില്ലാത്തവർക്കു മുന്നിൽ സ്വരമായി എത്താനുള്ള തീരുമാനത്തിലാണ് ജോയി മുത്തിപ്പീടിക. ജോയിയുടെ ഒരു സഹോദരൻ വൈദികനാണ്.
പി.ജെ. ജോണി