1974ലാണ് എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ച നിർമാല്യം എന്ന സിനിമയിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് ലഭിച്ചത്. ചലച്ചിത്ര ലോകത്തെ അഭിനയ പ്രകടനത്തിന് ഭാരതത്തിൽ നൽകുന്ന ദേശീയ അവാർഡാണിത്. നിർമാല്യത്തിലെ വെളിച്ചപ്പാടിന്റെ റോളിൽ അതുല്യവും അവിസ്മരണീയവുമായ അഭിനയം കാഴിചവച്ചതിനാണ് ഈ അപൂർവ ബഹുമതി. ഏറ്റവും നല്ല ചലച്ചിത്രത്തിനും സംവിധാനത്തിനുമുള്ള ദേശീയ പുരസ്കാരം (സ്വർണപ്പതക്കം) ഇതേ ചിത്രത്തിന്റെ പേരിൽ എംടിക്കും ലഭിച്ചു.
ഈ ഭരത് ബഹുമതിക്കു മറ്റൊരു സവിശേഷതകൂടിയുണ്ട്. തെക്കെ ഇന്ത്യയിൽ ഭരത് അവാർഡിന് അർഹത നേടിയ ആദ്യത്തെ വ്യക്തിയായിരുന്നു പി.ജെ. ആന്റണി.
സ്നേഹമുള്ള ധിക്കാരി
നിർമാല്യം കണ്ടിട്ട് അഞ്ചു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അതിലെ വെളിച്ചപ്പാടിനെ മറക്കാൻ കഴിയുന്നില്ല. ആ റോളിൽ ആന്റണി കാഴ്ചവച്ച ഭാവാഭിനയവും കാൽച്ചിലന്പണിഞ്ഞു പള്ളിവാളും പിടിച്ച് ഉറഞ്ഞുതുള്ളുന്ന രൂപവും ജീവിതത്തകർച്ച സമ്മാനിച്ച ദൈന്യമുഖവും ഇന്നും മനസിൽ മായാതെ നിൽക്കുന്നു. വാർത്ത യറിഞ്ഞ ഉടനെ ഉള്ളിൽ അലയടിച്ച ആഹ്ലാദം അറിയിച്ചുകൊണ്ട് സുഹൃത്തായ ആന്റണിക്കു ഞാൻ കത്തയച്ചു. വർഷങ്ങളായിട്ട് ആന്റണിയുടെ പ്രത്യേകതരം സ്വഭാവം എനിക്കറിയാം. മറുപടി അയയ്ക്കില്ലെന്നും അറിയാം. എങ്കിലും എന്റെ മനസിന്റെ സന്തോഷവും അകമഴിഞ്ഞ അഭിനന്ദനവും അറിയിച്ചെന്നു മാത്രം.
1963ൽ എന്റെ "തീപിടിച്ച ആത്മാവ്' എന്ന നാടകം തൃശൂർ ടൗൺഹാളിൽ അവതരിപ്പിച്ചപ്പോൾ ഉദ്ഘാടനം ചെയ്തത് പി.ജെ. ആന്റണിയാണെന്നു ഞാൻ മുന്പേ കുറിച്ചിട്ടുണ്ട്. ആയിടയ്ക്ക് മറ്റൊരു നാടകത്തിന്റെ (മരുഭൂമിയിലെ യാത്രക്കാർ എന്നാണ് ഓർമ) അവതരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം ആന്റണി തൃശൂരിലെ ജയാ ലോഡ്ജിൽ ക്യാന്പ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദം പൂത്തുവിരിഞ്ഞത് അപ്പോഴാണ്. പരസ്പരം ജീവിതാനുഭവങ്ങളും നാടകാനുഭവങ്ങളും പങ്കുവച്ചു. നാടകരംഗത്തെ പലരും ആന്റണിയെ നിഷേധിയെന്നും ധിക്കാരിയെന്നും പരുക്കനെന്നും മുരടനെന്നും വഴക്കാളിയെന്നുമൊക്ക വിശേഷിപ്പിക്കാറുണ്ടെങ്കിലും എന്നോട് സംസാരിച്ചപ്പോഴൊന്നും അത്തരം ഭാവങ്ങൾ കണ്ടില്ല.
തികച്ചും സൗമ്യൻ, ശാന്തൻ, സ്നേഹസന്പന്നൻ. ആന്റണി സംസാരം തുടങ്ങിയാൽ കേട്ടിരിക്കാൻ ബഹുരസമാണ്. നിരവധി അനുഭവങ്ങൾ വിവരിച്ച് ചിരിച്ചും ചിരിപ്പിച്ചുംകൊണ്ടുള്ള അനഗർളമായ ഒരു ഒഴുക്കാണ് ആ സംസാരം. മണിക്കൂറുകളോളം കേട്ടിരുന്നാലും മതിവരില്ല.
നാടക നടൻ, നാടകകൃത്ത്, സംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ചലച്ചിത്ര നടൻ എന്നിങ്ങനെ ഒട്ടനവധി രംഗങ്ങളിൽ ഒരേപോലെ സർഗമുദ്ര ചാർത്തിയ ഒരപൂർവ വ്യക്തിത്വമാണ് ആന്റണി.
പ്രകോപനമുണ്ടാക്കിയാലേ പൊട്ടിത്തെറിക്കൂ. തനിക്കു ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങൾ കണ്ടാൽ ഉടനെ ക്ഷോഭിക്കും, ശകാരിക്കും, കലിതുള്ളും. എത്ര വലിയവനായാലും ഏതു സ്ഥാനമലങ്കരിക്കുന്നവനായാലും വേണ്ടില്ല പറയാനുള്ളത് ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയും. ഒരു വന്പന്റെ മുന്പിലും കൊന്പുകുത്തില്ല. ഇത്തരം പ്രകൃതം കണ്ടിട്ടാവണം പ്രഫ. എം.എൻ. വിജയൻ മാഷ് ഒരിക്കൽ ആന്റണിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് -"വെടിമരുന്നുപോലെ പൊട്ടിത്തെറിക്കുന്ന മനുഷ്യൻ'.
ഉടമയ്ക്കും കിട്ടി
താനെഴുതിയ നാടകം സംവിധാനം ചെയ്യുന്പോൾ അതിലഭിനയിക്കുന്നവർ കഥാപാത്രങ്ങളോടു നൂറു ശതമാനവും നീതി പുലർത്തണമെന്ന് ആന്റണിക്കു നിർബന്ധമുണ്ട്. അവർ പ്രതീക്ഷയ്ക്കൊത്തു വളരുന്നില്ലെങ്കിൽ, എത്ര പറഞ്ഞുകൊടുത്തു പഠിപ്പിച്ചാലും ശരിയാവുന്നില്ലെങ്കിൽ, അഭിനയിച്ചു കാണിക്കുന്പോൾ അപ്രകാരം അനുകരിക്കുന്നില്ലെങ്കിൽ രോഷംപൂണ്ട് അവരോടു പറയുന്ന വാക്കുകൾ പലപ്പോഴും ചെവി പൊത്തിപ്പിടിച്ചു കേൾക്കേണ്ടവയാണ്. കേരളത്തിലെ പ്രശസ്തമായ ഒരു പ്രഫഷണൽ ട്രൂപ്പിനു വേണ്ടി ആന്റണി നാടകം എഴുതിക്കൊടുത്തു. സംവിധാനം നിർവഹിക്കുന്നതും അദ്ദേഹംതന്നെ. ട്രൂപ്പിന്റെ ഉടമയും നാടകത്തിൽ ഒരു റോൾ ചെയ്യുന്നുണ്ട്.
പുറത്തുനിന്നുള്ള മറ്റൊരു നടനു കൊടുക്കുന്ന പണം അങ്ങനെ ലാഭിക്കാമല്ലോ എന്നതാണ് ലാക്ക്. റിഹേഴ്സൽ തുടങ്ങി. മറ്റ് നടീനടന്മാരെല്ലാം ആന്റണിയുടെ ഇംഗിതത്തിനനുസരിച്ചു ഭംഗിയായി അഭിനയിക്കുന്നുണ്ട്. ട്രൂപ്പിന്റെ ഉടമയുടെ ഭാഗം മാത്രം ആന്റണിയുടെ ഭാവനയ്ക്കൊത്ത് ഉയരുന്നില്ല. പല പ്രാവശ്യം പറഞ്ഞുകൊടുത്തു. അഭിനയിച്ചു കാണിച്ചു. അതു പലവട്ടം ആവർത്തിച്ചു. എന്നിട്ടും നേരെയാവുന്നില്ല. ആന്റണി നൈരാശ്യത്തിൽനിന്നുത്ഭവിച്ച സകല കലിയും ഉള്ളിലൊതുക്കിക്കൊണ്ട് ഉടമയോടെ പറഞ്ഞു. “മനുഷ്യന്റെ മുഖത്തു പ്രധാനമായിട്ടു രണ്ടു കാര്യങ്ങളാണ് വരിക. ഒന്നു വികാരം, രണ്ട് വസൂരി. നിന്റെ മുഖത്തു രണ്ടാമത് പറഞ്ഞതേ വരൂ''. ഇതാണ് സാക്ഷാൽ ആന്റണി. ട്രൂപ്പിന്റെ ഉടമയായിട്ടു പോലും പൊട്ടിത്തെറിയിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഒരു കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ആ നാടക ട്രൂപ്പ് ഇപ്പോൾ നിലവിലില്ല. ട്രൂപ്പിന്റെ ഉടമസ്ഥനും ജീവിച്ചിരിപ്പില്ല.
അതിവേഗം നാടകം
ദ്രുതഗതിയിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് നാടകമെഴുതുന്ന വ്യക്തിയാണ് ആന്റണി. അനവധി ജീവിതാനുഭവങ്ങളുള്ളതുകൊണ്ടും സമൂഹത്തിൽ പല തട്ടിലുള്ള വ്യത്യസ്ത മനുഷ്യരുമായി ഇടപെടുന്നതുകൊണ്ടും ഉള്ളിൽ ഒരു സമൂഹ്യപരിഷ്കർത്താവ് ജ്വലിച്ചു നിൽക്കുന്നതുകൊണ്ടും പുതിയ പുതിയ ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും കൊണ്ടുവരാൻ ആന്റണിക്ക് ഒരു പ്രയാസവുമില്ല.
ആന്റണി എഴുതിയ നാടകങ്ങളുടെ എണ്ണം നൂറിലേറെയാണ്. അത് അക്കാലത്തെ നാടകരചനയിലെ ഒരു റിക്കാർഡാണ്. അത്രയേറെ നാടകങ്ങൾ മലയാളത്തിൽ അന്നുവരെ ആരുമെഴുതിയിട്ടില്ല. അവയിൽ അച്ചടിച്ചവ ഇരുപത്തഞ്ചോളം കൃതികൾ മാത്രം.
പ്രതിഭാ തിയറ്റേഴ്സ്, പി.ജെ. തിയറ്റേഴ്സ്, ചങ്ങനാശേരി ഗീഥ തുടങ്ങിയ വിവിധ പ്രഫഷണൽ നാടകസംഘങ്ങൾ അദ്ദേഹത്തിന്റെ എത്രയോ നാടകങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഗീഥ അവതരിപ്പിച്ച രശ്മി, മണ്ണ്, ദീപ്തി, ഉഴുവുചാൽ, വേഴാന്പൽ തുടങ്ങിയ ആന്റണിയുടെ നാടകങ്ങൾ അരങ്ങത്ത് ഇരന്പുന്നവയായിരുന്നു.
കഥാപാത്രങ്ങളായി വേഷമിട്ടവരോ തിലകൻ, ആലുംമൂടൻ, ജോസഫ് ചാക്കോ, കെ.കെ. ജേക്കബ്, കമലമ്മ, ചാച്ചപ്പൻ, ജോസ് ആലഞ്ചേരി മുതലായ അന്നത്തെ പ്രമുഖ അഭിനേതാക്കൾ. എല്ലാംതന്നെ ജീവിതഗന്ധിയായ നാടകങ്ങൾ. മണ്ണിന്റെ മണവും വിയർപ്പിന്റെ ഗന്ധവും കണ്ണീരിന്റെ നനവും വിപ്ലവത്തിന്റെ വീര്യവുമുള്ള നാടകങ്ങൾ. അന്പതു കൊല്ലങ്ങൾക്കു മുന്പ് കണ്ട ആ നാടകങ്ങളും അവയിലെ കഥാപാത്രങ്ങളും നാടകീയ മുഹൂർത്തങ്ങളും ഇന്നും മനസിൽ സജീവമായി നിൽക്കുന്നു. എന്നാൽ, ഇന്നത്തെ ചില നാടകങ്ങളോ? കണ്ടുകഴിഞ്ഞ് അന്പത് മിനിറ്റാവുന്പോഴേക്കും അവ മനസിൽനിന്ന് ഊരിപ്പോകുന്നു. ആന്റണിയുടെ ഏറ്റവും മികച്ച നാടകം ഏതെന്ന് എന്നോടു ചോദിച്ചാൽ ഞാൻ പറയും, അത് സോക്രട്ടീസ് ആണെന്ന്.
വളരെ സൂക്ഷ്മതയോടെ വാർത്തെടുത്ത ഒരു രചനാശില്പമാണത്. അതു വായിക്കുക മാത്രമല്ല തൃശൂർ ആകാശവാണി റേഡിയോ നാടകവാരത്തിൽ ഉൾപ്പെടുത്തി പ്രക്ഷേപണം ചെയ്തു കേട്ടിട്ടുമുണ്ട്. അതിൽ സോക്രട്ടീസായി അഭിനയിച്ചു ശബ്ദം നൽകിയത് ആന്റണിതന്നെ. ഈ നാടകം റിക്കാർഡ് ചെയ്യാൻ തൃശൂർക്കു വന്നപ്പോഴും ഞങ്ങൾ പരസ്പരം കണ്ടുമുട്ടി ദീർഘമായി സംസാരിച്ചു.
ആന്റണിക്ക് ഭരത് അവാർഡിന്റെ പേരിൽ അനുമോദനക്കത്ത് അയച്ചതു പറഞ്ഞാണല്ലോ നമ്മൾ തുടങ്ങിയത്. മറുപടി പ്രതീക്ഷിക്കാതിരുന്ന എന്നെ അദ്ഭുതപ്പെടുത്തി 1974 സെപ്റ്റംബർ ഏഴിന് ആന്റണിയുടെ മറുപടി വന്നു. ആ കത്തിന്റെ ഉള്ളടക്കം അതേപടി ചുവടെ ചേർക്കുന്നു:
""പ്രിയപ്പെട്ട ജോസ്, താങ്കളയച്ച കത്തു കിട്ടിയിട്ടു മാസമൊന്ന് കഴിഞ്ഞെങ്കിലും അപ്പോഴത്തെ ബഹളങ്ങൾക്കിടയിൽ പെട്ടെന്നൊരു മറുപടി അയയ്ക്കാൻ സൗകര്യം കിട്ടിയില്ല. ഇപ്പോൾ ഞാൻ നല്ല സുഖമില്ലാതെ ഇടപ്പള്ളിയിലുള്ള ഒരാസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞുകൂടുകയാണ്. അതുകൊണ്ട് ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കെങ്കിലും മറുപടികളയയ്ക്കാൻ സമയം കിട്ടിയിരിക്കുന്നു. താങ്കളുടെ അഭിനന്ദനങ്ങൾക്കു നന്ദി പറഞ്ഞുകൊള്ളുന്നു. കൂടുതൽ വിശേഷങ്ങളൊന്നുമില്ല. ജോസിനു സുഖം തന്നെയെന്ന് വിശ്വസിക്കുന്നു.
സി.എൽ.ജോസ്
സ്നേഹപൂർവം (ഒപ്പ്)''.