കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു അതുല്യ നിര്‍മിതിയാണ് ഓര്‍ഛ കോട്ട. മധ്യപ്രദേശിലെ നിവാരി ജില്ലയില്‍, ബേത്വാ നദിയുടെ തീരത്താണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ കോട്ട. ഓര്‍ഛ നഗരത്തിന്റെ ശില്പിയായ ബുന്ദേല രാജ്പുത് രാജാവ് രാജാ രുദ്രപ്രതാപ് സിംഗ് ആണ് കോട്ട നിര്‍മാണം ആരംഭിച്ചത്. "ഒണ്ടോ ചെ' എന്ന വാക്കില്‍നിന്നാണ് ഓര്‍ഛ എന്ന പേര് പിറന്നത്. താഴ്ന്നത് അല്ലെങ്കില്‍ മറഞ്ഞത് എന്നായിരുന്നു ഈ വാക്കിന്റെ അര്‍ഥം.
മുഗളൻമാരെ ചെറുക്കാൻ
1501ല്‍ ആരംഭിച്ച കോട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ രുദ്ര പ്രതാപ് സിംഗിനായില്ല. അദ്ദേഹത്തിന്റെ കാലശേഷം വന്ന മകന് ഭാരതി ചന്ദ് (1531-1554) ഗഡ് കുന്ദറില്നിന്ന് ഓര്ഛയിലേക്ക് തലസ്ഥാനം മാറ്റുകയും കോട്ട നിര്‍മാണം തുടരുകയുമായിരുന്നു. മുഗളന്മാരുടെ ആക്രമണത്തെ ചെറുക്കാന്‍ അനുയോജ്യമായ സ്ഥലം എന്ന നിലയിലായിരുന്നു ഭാരതി ചന്ദ് ഇങ്ങനെയൊരു നീക്കം നടത്തിയത്. പിന്നീട് മധുകര്‍ ഷാ (1554-1591) എന്ന രാജാവാണ് ഇവിടം ഭരിച്ചത്. മധുകര്‍ഷായുടെ കാലശേഷമുള്ള ഒരു പതിറ്റാണ്ട് കാലം പലവിധ ആക്രമണങ്ങളാണ് ഓര്ഛയ്ക്കു നേരിടേണ്ടി വന്നത്.
നല്ല കാലം
ബീര്‍ സിംഗ് ദേവ്ന (1605-1627) രാജാവായതോടെയാണ് ഓര്‍ഛ വീണ്ടും നല്ല നാളുകളിലേക്കു വന്നത്. മുഗള്‍ രാജകുമാരനായ സലീമുമായി ഇദ്ദേഹം അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. 1602ല്‍ സലീമിന്റെ നിര്‍ദേശപ്രകാരം ബീര്‍ സിംഗ് അക്ബറിന്റെ ഉപദേഷ്ടാവായ അബു ഫസലിനെ കൊലപ്പെടുത്തി. ഈ സംഭവത്തിനു പിന്നാലെ അക്ബറിന്റെ സൈന്യം ഓര്‍ഛ ആക്രമിച്ചു. തുടർന്നു ബീര്‍ സിംഗിന് പലായനം ചെയ്യേണ്ടി വന്നു. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞതോടെ കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞു. അക്ബറിനു ശേഷം ജഹാംഗീര്‍ എന്ന പേരില്‍ സലിം സിംഹാസനസ്ഥനായതോടെ ഓര്ഛയുടെ നല്ല കാലം ആരംഭിച്ചു. ബീര്‍ സിംഗിനെ തിരികെയെത്തിച്ച ജഹാംഗീര്‍ അദ്ദേഹത്തെ ഒാർഛയുടെ രാജാവാക്കി.
സുഹൃത്തിന്റെ ഒാർമയ്ക്ക്
ഓര്‍ഛ കോട്ടയുടെ നിര്‍മാണവും ബീര്‍ സിംഗ് ഇക്കാലത്തു പൂര്‍ത്തിയാക്കി. പ്രൗഢഗംഭീരമായ നിര്‍മിതികള്‍ പണിതുയര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്തയാളായിരുന്നു ബീര്‍ സിംഗ്. ഓര്ഛയെക്കൂടാതെ ദതിയ, ഝാന്‍സി എന്നിവിടങ്ങളിലും അദ്ദേഹം കോട്ടകള്‍ പടുത്തുയര്‍ത്തി. കൂടാതെ മധുരയിലും വാരാണസിയിലുമെല്ലാം മനോഹരങ്ങളായ ക്ഷേത്രങ്ങളും പണികഴിപ്പിച്ചു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബുന്ദേല വാസ്തുശൈലി വ്യാപിക്കാന്‍ കാരണമായതും ബീര്‍ സിംഗിന്റെ ഈ ഉത്സാഹമാണ്.
കമനീയമായ അനേകം മന്ദിരങ്ങളാണ് ബീര്‍സിംഗ് ഓര്‍ഛ കോട്ടയ്ക്കുള്ളില്‍ തീർത്തത്. 1606ല്‍ ആത്മസുഹൃത്തായ ജഹാംഗീര്‍ ഇവിടം സന്ദര്‍ശിച്ചതിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ജഹാംഗീര്‍ മഹല്‍ ഒരു വാസ്തുവിസ്മയം തന്നെയാണ്.
രജപുത്ര-മുഗള്‍ ശൈലികളുടെ സമന്വയമായ നിര്‍മിതിക്ക് ബേത് വാ നദിയിലേക്കാണ് ദർശനം. അനുപമമായ കൊത്തുപണികളും താഴികക്കുടങ്ങളും ബാല്‍ക്കണികളുമെല്ലാം ജഹാംഗീര്‍ മഹലിനെ അമൂല്യമാക്കുന്നു. രാജാക്കന്മാരുടെ വസതിയായ രാജമഹലും അനുപമമാണ്.
പ്രതാപം മങ്ങുന്നു
ആഡംബരത്തിന്റെ അവസാന വാക്കായി ബീര്‍ സിംഗ് പണിതുടര്ത്തിയ അതിഥി മന്ദിരമാണ് ശീഷ് മഹല്‍. ഇന്ന് ഇതൊരു പൈതൃക ഹോട്ടലാണ്. മുഗള്വംശത്തിന്റെ ശക്തമായ പിന്തുണയോടെയായിരുന്നു ഒര്ഛ വളര്‍ന്നത്.
എന്നാല്‍, 18-ാം നൂറ്റാണ്ടോടെ മുഗളന്മാരുടെ പതനം ആരംഭിച്ചതോടെ ഓര്ഛയുടെ പ്രൗഢിക്കും ആഘാതമേറ്റു. ബുന്ദേല രാജവംശത്തിന് അവരുടെ കരുത്തു നഷ്ടമായതോടെ മറാത്തകള്‍ ഓര്‍ഛ പിടിച്ചടക്കി. 19-ാം നൂറ്റാണ്ടോടെ പ്രദേശം ബ്രിട്ടീഷ് അധീനതയിലാവുകയും ചെയ്തു.
ഇന്നു പ്രമുഖമായൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ഓര്‍ഛ. കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യയും ശാന്തമായ അന്തരീക്ഷവും ചരിത്രപരമായ പ്രാധാന്യവും ഒര്ഛയെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു.
ബുന്ദേല രാജാക്കന്മാരുടെ പ്രതാപകാലത്തിലേക്കും അക്കാലത്തെ ഇന്ത്യയുടെ ജീവിതത്തിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഇവിടെയെത്തുന്നവര്‍ക്ക് ഓര്ഛയുടെ വാഗ്ദാനം.
അജിത് ജി. നായർ