മനസിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനീ സരസ്വതീ നാകസദസിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍...
(ശ്രീകുമാരന്‍ തമ്പി/ ദക്ഷിണാമൂര്‍ത്തി/ യേശുദാസ്/ എസ്. ജാനകി. ചിത്രം: മറുനാട്ടില്‍ ഒരു മലയാളി)
ജ്ഞാനത്തിലേക്കും പ്രകാശത്തിലേക്കും വാതില്‍തുറക്കുന്ന വിജയദശമി. കലകളിലേക്കു കൈപിടിച്ചുകയറേണ്ട നല്ലനാള്. എല്ലാ നല്ലകാര്യങ്ങള്‍ തുടങ്ങാനും ആദ്യംവേണ്ടത് നല്ല മനസാണെന്നു പറയും വിദഗ്ധര്‍. മുകളില്‍ക്കണ്ട പാട്ടിന്റെ വരിയിലെന്നപോലെ മനസില്‍ നന്മ ഉണര്‍ന്നിരിക്കണം. ആ നന്മയുടെ രൂപംതന്നെയാവണം സരസ്വതീദേവിയെന്ന സങ്കല്പം. ഒരു ദീപംകണ്ടാല്, ഒരു ഗാനംകേട്ടാല് മനസിനു തിളക്കവും പ്രശാന്തിയും കൈവരാറില്ലേ?
എന്താണീ പ്രശാന്തികൊണ്ട് ഉദ്ദേശിച്ചതെന്നുതോന്നാം. സന്തോഷം, ആത്മവിശ്വാസം, ആത്മാഭിമാനം, ശ്രദ്ധ, സ്നേഹം, ആശങ്കകളോ കാലുഷ്യമോ ഇല്ലായ്മ.. ഒപ്പം ഒരിത്തിരി അനുകമ്പ- ഇതെല്ലാം ചേര്‍ന്നാല്‍ മനസു പ്രശാന്തമായി. ആ മനസിലേക്കു അറിവുകളും കലകളും ചേര്‍ത്തുവച്ചാലേ അവിടെയവ ഉറയ്ക്കൂ.
പാട്ടില്‍ കവി തുടര്ന്നുപാടുന്നുണ്ട്- നിന് മന്ദഹാസമാം ബോധനിലാവില്‍ എന്‍ മനക്കണ്ണുകള്‍ വിടരട്ടെയെന്ന്.., അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് അവിടുന്നടിയനില് നിറഞ്ഞാലും എന്ന്...
മനസു പ്രശാന്തസുന്ദരമാക്കാന് ഏറ്റവും അനുയോജ്യമായ മാര്‍ഗം ഏതാണ്? സംശയമെന്ത്, സംഗീതംതന്നെ!
ആത്മരാഗങ്ങള്‍
എല്ലാ പാട്ടിലും അറിഞ്ഞും അറിയാതെയും രാഗങ്ങളുണ്ട്. ആസ്വദിക്കാനും അലിയാനും രാഗപരിചയംവേണ്ടെങ്കിലും ആ സാന്നിധ്യം ഏറെ പ്രധാനവും. രാഗങ്ങളില്‍ ചിലത് ചില പ്രത്യേക സമയങ്ങളില്‍ പാടുകയും കേള്‍ക്കുകയും ചെയ്യേണ്ടവയാണ്. ആ നിഷ്ഠയ്ക്കുസരിച്ച് അവകേട്ടാല് ഉള്ളില്‍നിറയുന്ന അനുഭൂതിയെ പേരിട്ടുവിളിക്കുക അസാധ്യം. ഓരോ രാഗവും അവയുടെ സമയങ്ങളില്‍ മനസുകളെ ഓരോവിധമാണ് സ്വാധീനിക്കുക. ഇപ്പറഞ്ഞതും രാഗമറിയാതെ അനുഭവിച്ചവരാകും മിക്ക സംഗീതപ്രേമികളും - പാട്ടുകേട്ട് കണ്ണുനിറച്ചവരും പുഞ്ചിരിപടര്ന്നവരും രാഗവിവശരായവരുമടക്കം. മോഹനം, ആനന്ദഭൈരവി, ബിലഹരി തുടങ്ങിയ രാഗങ്ങള്‍ കേള്‍ക്കുമ്പോള്‍ പൊതുവേ ഉന്മേഷമോ സന്തോഷമോ ആനന്ദമോ ഒക്കെയാവും മനസിലുളവാകുക.
ആനന്ദഭൈരവിക്ക് ആ പേരുവന്നതുതന്നെ ആനന്ദത്താലാകാം. ആനന്ദഭൈരവിയില്‍ ചിട്ടപ്പെടുത്തിയ ഈ പാട്ടുകള്‍ കേട്ടാല്‍ മനസിലുണ്ടാകുന്ന വികാരം എന്തൊക്കെയെന്ന് ഓര്‍ത്തുനോക്കൂ- പുഷ്പസുരഭിലശ്രാവണത്തില്‍, ആറാട്ടിനാനകള്‍ എഴുന്നള്ളി, ചെത്തി മന്ദാരം തുളസി, പച്ചമലപ്പനംകുരുവീ, പ്രായംനമ്മില്‍ മോഹം നല്കി, ശബരിമലയില്‍ തങ്കസൂര്യോദയം... (ഇതേ രാഗത്താലാണ് കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്നു കേള്‍പ്പിച്ചു ജോണ്സണ് മാസ്റ്റര്‍ മനസില്‍ തേങ്ങലും മൗനവും നിറച്ചതെന്നതു വേറെകാര്യം).
പൂര്‍വികല്യാണി
മേല്പറഞ്ഞ രാഗങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കേണ്ട സുന്ദരമായ മറ്റൊന്നുകൂടിയുണ്ട്- പൂര്‍വികല്യാണി. ഹിന്ദുസ്ഥാനി രാഗമായ പൂര്‍വി (കര്‍ണാടകസംഗീതത്തില്‍ പന്തുവരാളി), കല്യാണി രാഗങ്ങളുടെ കോമ്പിനേഷനായി പൂര്വികല്യാണിയെ വിശേഷിപ്പിക്കാറുണ്ട്. എല്ലാ സമയങ്ങളിലും പാടാവുന്ന രാഗം. എന്നാല്‍, സന്ധ്യമയങ്ങി തൊട്ടുപിന്നാലെ പാടിയാല്‍ ഈ രാഗമുണ്ടാക്കുന്ന അനുഭൂതി വേറൊരു തലത്തിലേക്ക് ഉയരും.
അമിതമായ ഉത്കണ്ഠ, വയറിനുണ്ടാകുന്ന വേദനയടക്കമുള്ള പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ പൂര്വികല്യാണിക്കു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത് (വയറിന്റെ കുഴപ്പങ്ങള്‍ക്ക് ഒരു കാരണം അമിത ഉത്കണ്ഠയാണെന്നിരിക്കേ ഇതില്‍ ശാസ്ത്രീയമായ ശരിയും ഉണ്ട്). കൂട്ടായ്മയൊരുക്കാനും ഐക്യബോധം സൃഷ്ടിക്കാനും ചുറ്റുപാടും ആഹ്ലാദം നിറയ്ക്കാനും ഈ രാഗത്തിനു കഴിവുണ്ട്.
ഇനി നമ്മള് ആദ്യംകേട്ട പാട്ട് ഒന്നുകൂടി കേട്ടുനോക്കൂ- മനസിലുണരൂ ഉഷസന്ധ്യയായ്... ഇതേപാട്ട് അസ്തമയവേളയില്‍ വീണ്ടും കേട്ടുനോക്കൂ... (ദക്ഷിണാമൂര്‍ത്തി സ്വാമി പൂര്വികല്യാണിയടക്കമുള്ള രാഗമാലികയായാണ് ഈ പാട്ട് ഒരുക്കിയിട്ടുള്ളത്. സാരംഗ, ശ്രീരഞ്ജിനി, അമൃതവര്‍ഷിണി എന്നിവ മറ്റു രാഗങ്ങള്‍).
ആലാപനം, താനം, കല്പനസ്വരങ്ങള്‍, നിരവല്‍ മുതലായവയ്ക്കു വിപുലമായ സാധ്യതകള്‍ നല്കുന്ന ഭാവസമ്പന്നമായ രാഗമാണ് പൂര്‍വികല്യാണി. എല്ലാ രസങ്ങളെയും വിടര്ത്തുന്നതിനാല് കച്ചേരികളില്‍ പതിവായി കേള്‍ക്കാം. മഹാപ്രതിഭകള്‍ ഒട്ടേറെപ്പേര്‍ ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുമുണ്ട്. ദീക്ഷിതരുടെ മീനാക്ഷി മേ മുദം ദേഹി എന്നുതുടങ്ങുന്ന കൃതി എടുത്തുപറയേണ്ട ഒന്ന്. ഡി.കെ. പട്ടമ്മാളും ഡി.കെ. ജയരാമനും അടക്കമുള്ളവര്‍ ഈ അനശ്വരമായ കൃതി പാടുമ്പോള്‍ മനസുനിറയാതെ കേട്ടിരിക്കുക അസാധ്യം.
മധുരമീനാക്ഷിയോടു മോക്ഷം അപേക്ഷിക്കുന്നതാണ് കൃതിയിലെ സാഹിത്യം. മീനാക്ഷി അഥവാ മാതംഗി സരസ്വതീ ദേവിയുടെ യോഗപരമായ പ്രതിരൂപമാണെന്നാണ് വിശ്വാസം. മനുഷ്യന്റെ തൊണ്ടയില്‍ വിശുദ്ധിചക്രത്തില്‍ വസിക്കുന്നുവെന്നു കരുതപ്പെടുന്നതിനാല്‍ നമ്മുടെ ശബ്ദത്തിന്റെ നിയന്ത്രണം അവര്‍ക്കാണ്. അതുകൊണ്ടുതന്നെ മീനാക്ഷിയെ വിളിച്ചപേക്ഷിക്കുന്നവര്‍ സംഗീതത്തിലും സംസാരത്തിലും മികവുനേടുമത്രേ. ദീക്ഷിതരുടെ കൃതി അക്ഷരാര്‍ഥത്തില്‍ ഹൃദയംതൊടും.
ഒരു പാട്ടുകൂടി..
ഇനി കേള്‍ക്കേണ്ട വരികള്‍ വയലാര്‍ എഴുതിയ പാട്ടിലേതാണ് -
പദ്മതീര്ഥമേ ഉണരൂ- മാനസ
പദ്മതീര്ഥമേ ഉണരൂ
അഗ്നിരഥത്തിലുദിക്കുമഷസ്സി-
ന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ
ഗായത്രികള്‍ പാടൂ...
ഗായത്രി എന്ന ചിത്രത്തിലേതാണ് ഈ പാട്ട്.
ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് അതിഗംഭീരമായി പാടിയ വരികള്‍. മനസിനെ ഉണര്‍ത്താനും ഉയര്ത്താനുമുതകുന്ന ഈ പാട്ടും ചിട്ടപ്പെടുത്തിയിരിക്കുന്നത് പൂര്‍വികല്യാണി രാഗത്തിലാണ്.
കേട്ടനുഭവിച്ചു മനസ് ആനന്ദഭരിതമാവട്ടെ, പുതിയ തുടക്കങ്ങളും വിജയങ്ങളുമുണ്ടാവട്ടെ..
ഹരിപ്രസാദ്