അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയുടെ മുകളില്‍നിന്നു പതഞ്ഞ് വെള്ളം വീഴുന്ന കാഴ്ച അതീവഹൃദ്യം.
ജില്ല: കോട്ടയം
സ്ഥലം: പൂഞ്ഞാർ പാതാന്പുഴ
കാഴ്ച: വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പാതാമ്പുഴയിലാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം. മുതുകോരമലയുടെ താഴ്വാരകുന്നുകള്, വലിയവീടന്‍മല, കുഴുമ്പള്ളി, ഈന്തുംപള്ളി, തകിടി എന്നിവിടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ചെറു അരുവികള്‍ ഒന്നിച്ചു കൂറ്റന്‍ പാറയുടെ മുകളില്‍നിന്നു താഴേക്കു പതിക്കുന്നതാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം. അടുത്ത കാലത്താണ് ഇവിടം ജനശ്രദ്ധ നേടിത്തുടങ്ങിയത്.
പ്രത്യേകത: അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയുടെ മുകളില്‍നിന്നു പതഞ്ഞ് വെള്ളം വീഴുന്ന കാഴ്ച അതീവഹൃദ്യം. വെള്ളം പതിക്കുന്ന ചെറിയ കുഴിയില്‍ മണലാണ്. കുട്ടികള്‍ക്കു വരെ ഇറങ്ങി കുളിക്കാം. ചെറിയ പാറക്കെട്ടുകളിലൂടെ പാതാമ്പുഴ തോട്ടിലെത്തുന്ന വെള്ളം പൂഞ്ഞാറിലെത്തി മീനച്ചിലാറ്റില്‍ ചേരുന്നു.
ശ്രദ്ധിക്കേണ്ടത്: ചാറ്റല്‍ മഴയും കോടമഞ്ഞും അരുവിക്കച്ചാലിന്റെ പ്രത്യേകത. സുരക്ഷിത വെള്ളച്ചാട്ടമെങ്കിലും പാറക്കെട്ടുകളിലെ വഴുവഴുക്കലും തെന്നലും ശ്രദ്ധിക്കണം. മഴയുടെ ശക്തി കുറയുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കുറയും.
പൂഞ്ഞാര്‍ ടൂറിസം സെലക്ടീവില് ഉള്‍പ്പെട്ട അരുവിക്കച്ചാലിലെ പ്രവേശന കവാടത്തില്‍ നാട്ടുപച്ച എന്ന പേരില്‍ പൂഞ്ഞാര്‍ ഭൂമിയുടെ കടയുണ്ട്. വെള്ളച്ചാട്ടവും ആസ്വദിച്ചു കുളിയും കഴിഞ്ഞു തിരിച്ചെത്തിയാല്‍ ചെണ്ടന്‍കപ്പയും മുളകു ചമ്മന്തിയും കഴിക്കാം. പഴംപൊരി, മുളകുബജി, മുട്ടബജി, നാടന്‍ അരിയുണ്ട, കൊഴുക്കട്ട തുടങ്ങിയ തനിനാടന്‍ വിഭവങ്ങളും ചൂടു കാപ്പിയും ലഭ്യം.
വഴി: ഈരാറ്റുപേട്ടയില്‍നിന്നു പൂഞ്ഞാര്‍ വഴി പാതമ്പുഴ ജംഗ്ഷനു മുമ്പായി ഇടത്തേക്ക് തിരിഞ്ഞു രണ്ടു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡുവഴി അരുവിക്കച്ചാല്‍ ടോപ്പിലെത്താം. ഇവിടെനിന്നു 200 മീറ്റര്‍ കാല്‍നടയായി വെള്ളച്ചാട്ടത്തിനു സമീപമെത്താം. മുണ്ടക്കയത്തുനിന്നു പറത്താനം, ചോലത്തടം വഴിയും പാതാമ്പുഴയിലെത്താം. ഈരാറ്റുപേട്ടയില്‍നിന്നും മുണ്ടക്കയത്തുനിന്നും 16 കിലോമീറ്റർ ദൂരം.
ജെ.കെ