തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്കിലാണ്. വെയിലത്ത് ഉണങ്ങാൻ നിരത്തിവച്ചിരിക്കുന്നു ചെറുതും വലുതുമായ ഓണത്തപ്പന്മാർ. മധ്യകേരളത്തിലെ പല പ്രദേശങ്ങളിലും ഓണത്തപ്പനില്ലാത്ത പൂക്കളവും ഓണാഘോഷവുമില്ല. ഓണത്തപ്പനെ നിർമിക്കുന്നതിൽ ഏറ്റവും മുതിർന്ന തൊഴിലാളിയാണ് ഇതിൽ അന്‍പത് വർഷം അനുഭവമുള്ളസരസു.
ഓണപ്പൂക്കളത്തിനൊപ്പം ആചാരത്തോടെ പ്രതിഷ്ഠിക്കുന്ന പിരമിഡ് ആകൃതിയിലുള്ള മണ്ശിൽപമാണ് ഓണത്തപ്പൻ. “ മുൻപൊക്കെ കർക്കടകത്തിൽ തുടങ്ങും ഓണത്തപ്പന്റെ നിർമാണം. ചെളിമണ്ണ് കുഴച്ച് രൂപങ്ങളുണ്ടാക്കി മൂന്നു ദിവസം ഉണക്കാൻ വയ്ക്കും. മുന്നറിയിപ്പില്ലാതെ പാഞ്ഞുവരുന്ന കർക്കടകപ്പെയ്ത്ത് ഞങ്ങളുടെ കണ്ണ് നിറയ്ക്കും. കാരണം ഇത് ഉണക്കി വിറ്റു കിട്ടുന്ന അഞ്ചോ പത്തോ രൂപയ്ക്കു വേണം പഴയ കാലത്ത് ഓണം ഘോഷിക്കാനും ഓണക്കോടി വാങ്ങാനും”- സരസു പറഞ്ഞു.
മണ്‍പാത്ര നിർമാണം കുലത്തൊഴിലാക്കിയ കുടുംബമാണിത്. ഇത്തരത്തിൽ പരന്പരാഗതമായി പത്തു കുടുംബങ്ങളുടെ തൊഴിലാണ് ഓണത്തപ്പന്റെ നിർമാണം. ആലുവയിലെ വീട്ടിൽ അമ്മ പാപ്പി ഓണത്തപ്പനെ മെനഞ്ഞുണക്കി വില്പന നടത്തിയിരുന്നതു കണ്ടാണ് സരസു വളർന്നത്. അറക്കപ്പറന്പിൽ രാജന്റെ ജീവിതസഖിയായതോടെയാണ് സരസു ഇതിന്റെ നിർമാണത്തിൽ സജീവമായായത്.
മണ്‍പാത്ര നിർമാണത്തിനൊപ്പം ഓണക്കാലത്ത് ഇരുവരും ഓണത്തപ്പനെ വില്പന നടത്തും. ഓണത്തപ്പന് മുൻപൊക്കെ ആവശ്യക്കാർ ഏറെയായിരുന്നു. ഇത് സ്ഥിരമായി വാങ്ങുന്ന വീടുകളിൽ കൊണ്ടുപോയായിരുന്നു വില്പന. ഇന്ന് അഞ്ച് ഓണത്തപ്പൻമാർ അടങ്ങിയ സെറ്റിന് 250 രൂപയും ഏഴെണ്ണത്തിന്റെ സെറ്റിന് 300 രൂപയുമാണു വില.
ഒരിക്കൽ പൂക്കളത്തിൽ ഉപയോഗിച്ച ഓണത്തപ്പനെ വീണ്ടും വയ്ക്കാൻ പാടില്ലെന്നാണ് ആചാരം. അതിനാൽ എല്ലാക്കൊല്ലവും ഇതിന് വിൽപന ലഭിക്കും. ഇപ്പോൾ തടിയിൽ നിർമിച്ച ഓണത്തപ്പന്മാർ വിപണിയിലുള്ളതിനാൽ കളിമണ്‍ നിർമിക്ക് ആവശ്യക്കാർ കുറഞ്ഞുവരികയാണ്.
കളിമണ്ണ് കിട്ടാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്ന് മണ്ണ് വലിയ വിലയ്ക്കു വാങ്ങിയാണ് നിർമാണം. പുതിയ തലമുറയ്ക്ക് ഓണത്തപ്പനെ പൂക്കളത്തിൽ പ്രതിഷ്ഠിക്കുന്നതിലൊന്നും ആചാരവിശ്വാസമില്ല. പേരെങ്കിൽ മണ്ണിനു ക്ഷാമവും വലിയ വിലയും. അതുകൊണ്ടുതന്നെ വൈകാതെ ഓണത്തപ്പന്മാർ പൂക്കളമൊഴിയുമെന്നാണ് സരസുവിന്റെ പക്ഷം.
ഓണത്തപ്പന് തൃക്കാക്കരയപ്പൻ എന്നും പേരുണ്ട്. ഓണവുമായി ബന്ധപ്പെട്ട തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വാമനമൂർത്തിയാണ് തൃക്കാക്കരയപ്പൻ. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സ്വയംഭൂ ശിവനെ മഹാബലി പൂജിച്ചിരുന്നതായാണ് വിശ്വാസം. മഹാബലിയെ വരവേൽക്കുന്നതിനാണ് വീട്ടിലോ മുറ്റത്തോ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ പ്രതിഷ്ഠിക്കുന്നു. പുഷ്പങ്ങളാൽ ഇത് അലങ്കരിക്കും.
നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവൽ, മലർ തുടങ്ങിയവയും ഒപ്പം വയ്ക്കും. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണെന്നും വിശ്വാസമുണ്ട്.
സീമ മോഹൻലാൽ