ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്തിൽ കാണാനിടയായി. ബഹുനില ബംഗ്ളാവിന്റെ താഴത്തെ നിലയിൽ വയോധികരായ അപ്പനും അമ്മയും. ഒന്നാം നിലയിലെ അടുക്കളയിൽ വേലക്കാരി അവർക്ക് കഞ്ഞിയും പുഴക്കുമൊക്കെ പാചകം ചെയ്തുകൊടുക്കുന്നു.
രണ്ടാം നിലയിൽ മകനും ഭാര്യയും അവരുടെ അടുക്കളയിൽ അവർക്കു താൽപര്യമുള്ളത് പാചകം ചെയ്തു കഴിക്കുന്നു. മുറ്റത്തെ ഔട്ട്ഹൗസിലാണ് ഏക മകന്റെ വാസം. ഈ കോളജ് വിദ്യാർഥി അപ്പനെയും വല്യപ്പനെയുമൊന്നും കാണാൻ തൊട്ടുചേർന്നുള്ള വീട്ടിലേക്ക് പോകാറില്ല. മൂന്നു നേരത്തെ ഇഷ്ടഭക്ഷണം ഓണ്ലൈനിൽ ഹോട്ടലിൽനിന്ന് വാങ്ങിയാണ് മകൻ കഴിക്കുന്നത്. കൂട്ടുകാർക്കൊപ്പം മകന്റെ ഉല്ലാസലഹരി ഒൗട്ട്ഹൗസിലും ഹോട്ടലിലുമായി പാതിരാവോളം നീളും. ഈ വീട്ടിലുള്ള അംഗങ്ങൾ പരസ്പരം കാണാത്ത ദിവസങ്ങൾ പലതുണ്ട്. ഒരുമിച്ചുള്ള ഭക്ഷണം ആഘോഷവേളകളിൽപോലും ഈ കുടുംബത്തിലില്ല. എല്ലാവരും ചേർന്ന് സന്ധ്യാ പ്രാർഥനയോ സംസാരമോ പങ്കുവയ്ക്കലോ ഇല്ലാതെ മൂന്നു തലമുറകളുടെ ജീവിതം. മക്കൾക്ക് മാതാപിതാക്കളെ വേണ്ടാതായിരിക്കെ ഈ മാളികയിലെ മൂന്നു കഞ്ഞി പലതും ഓർമിപ്പിക്കുന്നുണ്ട്.
വീടുകളിൽ എട്ടും പത്തും മക്കളുണ്ടായിരുന്ന പഴയ കാലം. കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്യുന്ന അപ്പനും അമ്മയും. ഏറെ ദിവസങ്ങളിലും പുഴുക്കും കഞ്ഞിയുമായിരിക്കും ഭക്ഷണം. ഒന്നോ രണ്ടോ കൂട്ടം കറികളുണ്ടാകും. പഴയൻ കഞ്ഞിയായിരിക്കും രാവിലെ ഭക്ഷണം. ചക്കയും കപ്പയുമാണ് പുഴുക്ക്. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷങ്ങളിൽ മാത്രമേ വിശേഷാൽ വിഭവങ്ങളുണ്ടാകൂ. ഉണക്കമീനും ചമ്മന്തിയും അച്ചാറുമാകും പതിവു കറികൾ.
ഇക്കാലത്തെ കുട്ടികൾ തിരിഞ്ഞുനോക്കാത്ത പുഴുക്കും കഞ്ഞിയും പഴയകാലത്ത് മക്കളെല്ലാവരും നിലത്ത് ഒരുമയോടെയും നിറഞ്ഞ മനസോടെയും ഇരുന്നാണ് കഴിച്ചിരുന്നത്. പാത്രത്തിലുള്ളത് എല്ലാവരുംകൂടി പങ്കുവയ്ക്കുകയും ചിലപ്പോഴെങ്കിലും തികയാതെ അര വയറോടെ എഴുന്നേറ്റുപോവുകയും ചെയ്തിരുന്ന പഴയ കാലം. മക്കളെല്ലാവരും ഒരു മേശയ്ക്കു ചുറ്റും തടിബഞ്ചിലിരുന്നു മണ്ണെണ്ണ വെളിച്ചത്തിൽ പഠിക്കുകയും നിലത്ത് പായ വിരിച്ചുറങ്ങുകയും ചെയ്തിരുന്ന കാലം. മൂത്ത കുട്ടിയുടെ പാഠപുസ്തകം ഏറ്റവും ഇളയയാൾവരെ പഠിക്കാൻ ഉപയോഗിച്ചിരുന്നു.
അക്കാലത്ത് സന്പന്ന കുടുംബങ്ങളിലും ദരിദ്രകുടുംബങ്ങളിലുമൊക്കെ ലാളിത്യം കാണാമായിരുന്നു. ഭക്ഷണത്തിലും പണവ്യവഹാരത്തിലും മിതത്വം പാലിച്ചിരുന്നു. പരമാവധി ചെലവു ചുരുക്കി എങ്ങനെ ജീവിതം ഭദ്രമാക്കാം, ഭാവിയിലേക്ക് കരുതലുണ്ടാക്കാം എന്നതായിരുന്നു ചിന്ത. പ്രാർഥനയും ദൈവാശ്രയത്വവുമായിരുന്നു അവരുടെ ബലം.
ഒരേ വീട്ടിൽ മൂന്നു കഞ്ഞിയുള്ള കുടുംബത്തിന്റെ ഭാവി എന്താവുമെന്ന് ആർക്കും ചിന്തിക്കാം. മൂന്നാം തലമുറയോടെ തിന്നുകുടിച്ചും ധൂർത്തടിച്ചും വിറ്റുതീർത്തും ക്ഷയിക്കാനേ സാധ്യതയുള്ളു. സന്പത്ത് കാലങ്ങളോളം നിലനിൽക്കുന്നതല്ല. വളരാൻ ഏറെക്കാലം വേണം, നശിക്കാൻ ചുരുങ്ങിയ സമയം മതി. ഇതേ വീട്ടിലെ വേലക്കാരി അവരുടെ ചെറിയ വീട്ടിൽ ഈ സന്പന്നരെക്കാൾ സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കും കഴിയുക.
ഭർത്താവും മക്കളും മരുമക്കളും കൊച്ചുമക്കളുമുള്ള ചെറിയ വീട്ടിൽ ഒരേ പാത്രത്തിൽ പാചകം ചെയ്ത് ഭക്ഷണം ഒരുമയോടെ കഴിച്ച് പ്രാർഥിച്ചും സംസാരിച്ചും സന്തോഷത്തോടെയുള്ള ജീവിതം. ഇനി വരുന്ന കാലത്ത് സന്പന്നരുടെ വീടുകളിൽ ഓരോ അംഗവും അവർക്ക് താൽപര്യമുള്ള ഭക്ഷണം ഓണ്ലൈനിൽ വാങ്ങി അവരവരുടെ മുറികളിൽ ഇരുന്നു കഴിക്കുന്ന രീതി വന്നേക്കാം.
പി.യു. തോമസ്, നവജീവൻ