ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാവും ചോദ്യം. പക്ഷേ റാപ്പ് ആരാധകർ നല്ല കനമുള്ള ഉത്തരം തന്നേക്കും. ഇതാ ഇന്ത്യൻ ഹിപ്-ഹോപ് താരം എംസി സ്റ്റാൻ ന്യൂയോർക്ക് സിറ്റിയിലെ വിഖ്യാതമായ ടൈംസ് സ്ക്വയർ ബിൽബോർഡിൽ മുഖംകാണിച്ചിരിക്കുന്നു.
ഇന്ത്യൻ- അമേരിക്കൻ ഡിജെയും പ്രൊഡ്യൂസറുമായ കെഎസ്എച്ച്എംആറിനൊപ്പം സ്റ്റാൻ ഒരുക്കിയ ഹാത്ത് വർത്തി റിലീസ് ആയതാണ് ബിൽബോർഡിൽ പ്രദർശിപ്പിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പതിനാറാം സീസണിൽ വിജയിയായ ശേഷമുള്ള സ്റ്റാനിന്റെ ആദ്യ റിലീസ് ആണിത്. ഇന്ത്യയിലും മറ്റ് ആറു രാജ്യങ്ങളിലും ട്രെൻഡിംഗ് നന്പർ വണ്, മൂന്നു ദിവസംകൊണ്ട് യുട്യൂബിൽ ഒരു കോടി വ്യൂസ്. ഹാത്ത് വർത്തി എന്ന പാട്ടിന്റെ കണക്കുകൾ ഇങ്ങനെ പോകുന്നു. ഇനി ആർക്കെങ്കിലും വിമർശിക്കാനാവുമോ, ഇതു പാട്ടല്ല എന്ന്!
സ്വപ്നസാഫല്യം എന്നാണ് എംസി സ്റ്റാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ഹിപ്-ഹോപ്പിനെ അന്താരാഷ്ട്ര വേദിയിൽ എത്തിക്കാാണ് എപ്പോഴും എന്റെ ശ്രമം. ഇതെന്റെ സംഗീത ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളിലൊന്നാണ്- സ്റ്റാൻ പറയുന്നു.
ആരാണ് സ്റ്റാൻ?
പുനെയിൽനിന്നുള്ള പുത്തൻ ഹിപ്-ഹോപ് താരോദയമാണ് എംസി സ്റ്റാൻ എന്ന അൽത്താഫ് ഷേഖ്. 1999 ഓഗസ്റ്റ് 30നു ജനിച്ച സ്റ്റാൻ 19-ാം വയസിൽ ആദ്യ സിംഗിൾ പുറത്തിറക്കി. അന്നുമുതൽ തൊടുന്നതെല്ലാം പൊന്നാക്കിയ കഥയാണ് സ്റ്റാനിനുള്ളത്. എല്ലാ പാട്ടുകളും സൂപ്പർഹിറ്റ്. മറ്റ് ഇന്ത്യൻ റാപ്പർമാരിൽ നിന്ന് വേറിട്ട ശൈലിയാണ് സ്റ്റാൻ പിന്തുടരുന്നത്.
സ്റ്റാൻ എന്നത് റാപ്പർ എമിനെമിന്റെ ഒരു പാട്ടിലെ കഥാപാത്രമാണ്. കട്ട എമിനെം ആരാധകനാണ് സ്റ്റാൻ. എമിനെം ആരാധകർ പൊതുവെ അറിയപ്പെടുന്നത് സ്റ്റാൻസ് എന്ന പേരിലാണ്. അതിൽനിന്നാണ് സ്റ്റാൻ തന്റെ സ്റ്റേജ് നാമം എടുത്തത്. ഇപ്പോൾ സ്റ്റാനിന് അതിവിപുലമായ സോഷ്യൽ മീഡിയ ഫാൻസ് ഉണ്ട്. യുട്യൂബിൽ ഉള്ളത് 8.18 മില്യണ് സബ്സ്ക്രൈബർമാരാണ്.
റാപ്പ് വേദികൾക്കു പുറത്ത് സ്റ്റാൻ അറിയപ്പെട്ടത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ്. തുടക്കത്തിൽ ബിഗ് ബോസിൽ തുടരാൻ കഷ്ടപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു സ്റ്റാൻ. എന്നാൽ അവതാരകൻ സൽമാൻ ഖാനുമായി സംസാരിച്ചതിനുശേഷമാണ് മത്സരത്തിൽ തുടരാൻ തീരുമാനിച്ചത്. ഒടുവിൽ പതിനാറാം സീസണിന്റെ വിജയിയായി സ്റ്റാൻ മാറി. 31 ലക്ഷം രൂപയും കാറുമായിരുന്നു സമ്മാനം.
എന്റെ ക്ഷമയും ആത്മവിശ്വാസവും വലിയ അളവിൽ കൂടി. ബിഗ് ബോസിനു ശേഷം ഞാൻ കൂടുതൽ പക്വതയുള്ളവനായി. ആരുമായി വഴക്കുകൂടാൻ എനിക്ക് ഇഷ്ടമല്ല. എല്ലാവരോടും സ്നേഹം- ബിഗ് ബോസ് വിജയിയായശേഷം സ്റ്റാൻ പറഞ്ഞതിങ്ങനെ. ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു സ്റ്റാനിന്റെ ഈ വാക്കുകൾ. അഞ്ചര ലക്ഷം പേരാണ് ഈ ലൈവ് കണ്ടത്.
സുഹൃത്ത് സാനിയ
ടെന്നീസ് താരം സാനിയ മിർസയുമായി സഹോദരതുല്യമായ സൗഹൃദമുണ്ട് സ്റ്റാനിന്. ബിഗ് ബോസ് ഷോ സമാപിച്ചതിനു പിന്നാലെ ഫറാ ഖാൻ സംഘടിപ്പിച്ച ആഡംബര പാർട്ടിയിലാണ് സാനിയയും സ്റ്റാനും സൗഹൃദത്തിലായത്. അതിനു പിന്നാലെ സാനിയ സ്റ്റാനിനു നൽകിയ സമ്മാനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ലക്ഷങ്ങൾ വിലവരുന്ന, നൈക്കി ഷൂ, സണ്ഗ്ലാസ് എന്നിവയുൾപ്പെട്ട സമ്മാനങ്ങളാണ് സാനിയ നൽകിയത്. സ്റ്റാൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതു വെളിപ്പെടുത്തിയത്. തന്റെ മൂത്ത സഹോദരിയെന്നു സാനിയയെ വിശേഷിപ്പിച്ചാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. ടെന്നിസിൽനിന്നുള്ള സാനിയയുടെ വിരമിക്കൽ മത്സരവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ എംസി സ്റ്റാൻ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു.
വിവാദത്തിന്റെ ബീറ്റ്
തന്റെ പാട്ടുകളിലെ വരികൾ സ്റ്റാനിനെ വിവാദങ്ങളിലും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. അടുത്തയിടെ ഇൻഡോറിലെ ഒരു ഹോട്ടലിൽ നടന്ന സംഗീത പരിപാടി ഒരുവിഭാഗം ആളുകൾ എത്തി അലങ്കോലമാക്കി. പാട്ടുകളിൽ മോശം ഭാഷ ഉപയോഗിക്കുകയും യുവാക്കൾക്കിടയിൽ അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു കർണി സേന എന്ന സംഘടനയുടെ ആരോപണം. പരിപാടി പൂർത്തിയാക്കാതെ സ്റ്റാനിന് സ്റ്റേജ് വിടേണ്ടിവന്നു.
സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പരിപാടി അലങ്കോലപ്പെടുത്തിയതിൽ സ്റ്റാനിന്റെ ആരാധകർ രോഷവുമായി രംഗത്തെത്തി. പൊതുജനങ്ങൾ എംസി സ്റ്റാനിനൊപ്പം നിൽക്കുന്നു എന്ന സന്ദേശത്തോടെയായിരുന്നു ഐക്യദാർഡ്യം. സ്റ്റാനിന്റെ പാട്ടിലെ വരികൾ അല്പം കിറുക്കുള്ളതാണെന്നു യാഥാർഥ്യം. എന്നാൽ ആ കിറുക്ക് ആസ്വദിക്കുന്നവരാണ് അയാളുടെ ആരാധകർ. മറാത്തി ഭാഷയെ സമർഥമായി ഉപയോഗിക്കാനും സ്റ്റാനിനു കഴിയുന്നു.
ഹാത്ത് വർത്തി ഗാനത്തിന്റെ യുട്യൂബ് വീഡിയോ ഈ കുറിപ്പ് എഴുതുന്നതുവരെ 12,498,926 തവണ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. കമന്റുകളുടെ എണ്ണം ഒരു ലക്ഷം എത്തുന്നു. ഇതുപോലൊരു റാപ്പർ ഏഷ്യയിൽനിന്ന് ഉയർന്നുവരുമെന്ന് കരുതിയില്ലെന്ന് ആശ്ചര്യപ്പെടുന്നു അമേരിക്കക്കാരനായ ഒരു പാട്ടുപ്രേമി.
യഥാർഥത്തിൽ തെരുവിന്റെ ഇരുളിൽനിന്ന് ഉയർന്നുവന്ന, കറുപ്പു വസ്ത്രങ്ങളോടു പ്രത്യേക ഇഷ്ടമുള്ള എംസി സ്റ്റാൻ ഇപ്പോൾ സൃഷ്ടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന ചരിത്രം തന്നെയാണ്.
ഇൻ ഹാർമണി/ഹരിപ്രസാദ്