സ്വന്തം വീട്ടിലോ നാട്ടിലോ ജീവനൊടുക്കിയാൽ അത് വീട്ടുകാർക്കു മാനക്കേടാകാതിരിക്കാനാണ് എറണാകുളത്തുപോയി ഏതു വിധേനയും മരിക്കാൻ മാത്യു തീരുമാനിച്ചത്. എറണാകുളത്ത് ബസിറങ്ങി അവിടെനിന്നും അര ലിറ്റർ മദ്യം വാങ്ങി കലൂരിലൊരു ഹോട്ടലിൽ മുറിയെടുത്തു. വിഷവും മദ്യവും കൂട്ടിക്കലർത്തി കണ്ണടച്ച് ഒറ്റ വലിയിൽ കുടിച്ചിറക്കി. വിഷം ഛർദിച്ചുപോയാൽ മരിക്കാനാവില്ലെന്ന തോന്നലിൽ വായ തോർത്തുകൊണ്ട് മൂടിക്കെട്ടിയിരുന്നു.
അബോധാവസ്ഥയിലായെങ്കിലും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അറിയാതെ കണ്ണുതുറന്നു. അകവും പുറവും പൊള്ളിപ്പുകയുന്ന അവസ്ഥ. അറിയാതെ പുറത്തുവന്ന ഞരക്കത്തിനിടെ മരിച്ചോ ജീവനുണ്ടോ എന്ന വല്ലാത്ത ആശങ്ക. മുകളിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. കൈകളിൽ നുള്ളിനോക്കിയപ്പോൾ മരിച്ചിട്ടില്ലെന്ന് ഉറപ്പായി. തല ചുറ്റുന്ന അവസ്ഥയിൽ ഒരുവിധം എഴുന്നേറ്റു. ഉടൻ രക്ഷപ്പെട്ടില്ലെങ്കിൽ ഹോട്ടലുകാർ പോലീസിനെ വിളിക്കും. ആത്മഹത്യാ ശ്രമത്തിന് കേസെടുക്കും. നിമിഷം വൈകാതെ മാത്യു ഹോട്ടൽമുറിയുടെ പിന്നിലൂടെ പുറത്തേക്ക് ഓടി.
ആഴ്ചകളോളം കൊച്ചി നഗരത്തിലൂടെ അലഞ്ഞു തിരിഞ്ഞു. ഇടയ്ക്കിടെ ഛർദിക്കും. പരവേശപ്പെടുന്പോൾ പൈപ്പിൽനിന്നോ കായലിൽനിന്നോ വെള്ളം കുടിക്കും. ശരീരത്തിൽ വിഷാംശം കലർന്നതിനാൽ എന്തു കഴിച്ചാലും ഛർദ്ദിക്കും. നെഞ്ചിലും വയറ്റിലും എരിച്ചിൽ. ഉള്ളിൽ അവ്യക്തമായ ചിന്തകളും കാഴ്ചകളും. തെരുവോരങ്ങളിലെ ബീഡിക്കുറ്റികൾ പെറുക്കിയെടുത്ത് വലിച്ചു.
കണ്ടവരോടൊക്കെ ചില്ലിക്കാശിനായി യാചിച്ചു. ഇരുന്നുകിട്ടിയ പണത്തിനും മദ്യം വാങ്ങി കുടിച്ച് വഴിയിലും മരത്തണലിലും കിടന്നു. ഉറക്കം വരാത്ത രാപ്പകലുകൾ. എങ്ങനെയും മരിച്ചുകിട്ടണമെന്ന് മനസ് നീറിക്കൊണ്ടിരുന്നു. ആ ഉദ്യമത്തിനായി വീണ്ടും ഹോട്ടലിൽ മുറിയെടുത്തു. കസേരയിൽ കയറി ഫാനിൽ തുണികെട്ടി കഴുത്തിൽ കുരുക്കിടാൻ തുടങ്ങിയ നിമിഷം കതകിൽ ആരോ മുട്ടിവിളിച്ചു. വാതിൽ അൽപം തുറന്നുനോക്കിയപ്പോൾ റൂം ബോയ് ഭക്ഷണം വേണോ എന്നറിയാൻ വന്നതാണ്. അതോടെ, തൂങ്ങി മരിക്കാനുള്ള ഉദ്യമവും ഉപേക്ഷിച്ച് അവിടെനിന്നു സ്ഥലം വിട്ടു.
ട്രെയിനു മുന്നിൽ ചാടിയോ പാളത്തിൽ തലവച്ചോ മരിച്ചേക്കാം എന്നു തീരുമാനിച്ച് ഒരു രാത്രി ഇറങ്ങിത്തിരിച്ചു. നഗരത്തിലെ പാളത്തിൽ തലവച്ചുകിടന്നെങ്കിലും വന്ന ട്രെയിൻ തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയി. ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദം ഭയപ്പെടുത്തിയതിനാൽ ആ ഉദ്യമവും ഉപേക്ഷിച്ചു.
അന്നൊരിക്കൽ കുടിച്ചു ലക്കുകെട്ട് എറണാകുളം കച്ചേരിപ്പടി ബസ്സ്റ്റോപ്പിൽ കിടക്കുകയാണ്. രാവിലെ നഗരത്തിൽ വലിയ തിരക്കുണ്ട്.
ജീവിക്കാനുള്ള വ്യഗ്രതയിൽ എല്ലാവരും തിടുക്കത്തിൽ എവിടേക്കൊക്കെയോ പോവുന്നു. ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെ വീടുപോറ്റാൻ ഓടുകയാണ്. ചുമട്ടുകാരും തൂപ്പുകാരും വഴിവാണിഭക്കാരുമൊക്കെ അധ്വാനിച്ചു ജീവിക്കുന്നു. എന്തുകൊണ്ട് എനിക്കും മാന്യമായി ജോലി ചെയ്ത് അന്തസോടെ ജീവിച്ചുകൂടാ? ഈ ചോദ്യം മാത്യുവിന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു. അര മണിക്കൂർ നേരം ഇത്തരത്തിൽ ചിന്തിച്ചശേഷം അവിടെനിന്നു കളമശേരിയിലേക്ക് ഒറ്റ നടത്തമായിരുന്നു. കുളിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി ഉണങ്ങി. അന്വേഷണത്തിനൊടുവിൽ കളമശേരിയിലെ ഒരു ചായക്കടയിൽ പാത്രം കഴുകുന്ന തൊഴിൽ കിട്ടി. പിന്നീട് പല ഹോട്ടലുകളിലും ജോലി ചെയ്യുന്നതിനിടെ കാറ്ററിംഗ് കോഴ്സും പഠിച്ചു.
ജോലിക്കിടയിൽ മാത്യുവിന് കുറെ സുഹൃത്തുക്കളെ ലഭിച്ചു. അവരുടെ ഉപദേശത്തിൽ ഒരു നവീകരണധ്യാനത്തിൽ പങ്കെടുത്തതോടെ ലഹരിയുടെ ആസക്തിയിൽനിന്ന് മെല്ലെ മോചിതനായി. പ്രാർഥനയുടെ ചൈതന്യത്തിൽ ചിന്തകളും ബോധ്യങ്ങളും മാറുകയായിരുന്നു. ഏഴു വർഷത്തെ ലഹരിയിൽ മുങ്ങിയ ജീവിതത്തിൽനിന്ന് ഇരുപത്തിരണ്ടാം വയസിലായിരുന്നു മോചനം. തുടർന്നുള്ള ജീവിതം മദ്യത്തിന്റെയും മറ്റ് ലഹരികളുടെയും ആസക്തിയിൽ ജീവിതം താറുമാറായവരുടെ മോചനത്തിനായി ജീവിക്കാൻ മാത്യു തീരുമാനിക്കുകയായിരുന്നു. ആ ഉദ്യമത്തിനായി ഇദ്ദേഹം ഗോവയിലേക്ക് തിരിച്ചു.
ഗോവയുടെ തീരങ്ങളിൽ
1993 ഏപ്രിൽ. ഗോവ ബീച്ചുകളിലും ചേരികളിലുമൊക്കെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ഒട്ടേറെപ്പേരെ കാണാനായി. യുവതീയുവാക്കളും കുട്ടികളുംവരെ ലഹരിയുടെ ദുരാസക്തിയിൽ വീണുകിടക്കുന്ന കാഴ്ച.
ഉള്ളിൽ ഭയമുണ്ടായിട്ടും അവരെ ലഹരി ഉപയോഗത്തിൽനിന്നു പിന്തിരിപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അവിടെ പരിചയപ്പെട്ട റാന്നി സ്വദേശിയായ സൈലസ് മാത്യുവിനൊപ്പമായിരുന്നു മാത്യു കുര്യന്റെ ബോധവത്കരണം. ഇതേ കാലത്ത് കർണാടകത്തിൽ ലബാനി വിഭാഗത്തിലെ ഗോത്രവാസികൾ പാർക്കുന്ന ഒരു കോളനിയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാനുള്ള ശ്രമങ്ങളും മാത്യു ആരംഭിച്ചു.
കുളിക്കാതെയും വസ്ത്രം കഴുകാതെയും ജീവിക്കുന്ന സമൂഹമായിരുന്നു അത്.
വൃത്തിഹീനമായ കൂരകളിൽ കുഞ്ഞുങ്ങളും നായ്ക്കളും ഒരുമിച്ചു കഴിയുന്നു. അവരുടെ അടുക്കളയും കിടപ്പുമുറിയും ഒന്നുതന്നെ. നിരക്ഷരരായ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കില്ല. ഈ സാഹചര്യത്തിലാണ് മാത്യു കുര്യൻ ഇവർക്കായി ഒരു ട്രൈബൽ സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. സ്കൂളിനാവശ്യമായ സംവിധാനവും സൗകര്യങ്ങളും ഒരുക്കാൻ പണമില്ലാത്ത സാഹചര്യത്തിൽ ഇതിനായുള്ള സഹായം കോളനിനിവാസികളോടുതന്നെ ഉന്നയിക്കുകയായിരുന്നു. പലരും ഒരു രൂപ, രണ്ടു രൂപ എന്നിങ്ങനെ സംഭാവനകൾ നല്കി. മുളംകന്പും ഓലയുംകൊണ്ടൊരു കൂരയിലായിരുന്നു തുടക്കം.
ഗോത്രവംശജരായ കുട്ടികളെ പഠിപ്പിക്കാൻ രണ്ടു പെണ്കുട്ടികളെയും നിയോഗിച്ചു. ആദ്യദിവസങ്ങളിൽ കുട്ടികളാരുംതന്നെ ക്ലാസിൽ വരാൻ കൂട്ടാക്കിയില്ല. പിൽക്കാലത്ത് ചേരിയിലെ എല്ലാ കുട്ടികളും സ്കൂളിൽ പതിവായി എത്തിത്തുടങ്ങി.വ്യക്തിശുചിത്വം ഉൾപ്പെടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യം നല്കിയിരുന്നത്.
മയക്കുമരുന്നു വിൽപനയ്ക്കും വിതരണത്തിനും ഉപയോഗത്തിനും മുന്നിലാണ് ഗോവ. വിനോദസഞ്ചാരത്തിനെത്തുന്ന പലരും പലതരം മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നു മാത്രമല്ല അതുപയോഗിക്കാൻ പലരെയും പ്രലോഭിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. നാടനും വിദേശിയുമുൾപ്പെടെ മദ്യവും സുലഭം. ചെറിയ സംസ്ഥാനമാണെങ്കിലും കുറ്റകൃത്യങ്ങളിൽ ഗോവ മുന്നിലാണ്. ഇങ്ങനെയൊരു സാഹചര്യത്തിലേക്കാണ് മാത്യു കുര്യൻ ഭാരിച്ച ദൗത്യം ഏറ്റെടുത്തത്.
ബാംബൊളിമിലെ മെഡിക്കൽ കോളജിന് സമീപത്തെ പുനരധിവാസകേന്ദ്രമായ ഐപിഎച്ച്ബിയിൽ മാത്യു സേവനം തുടങ്ങി. പിൽക്കാലത്ത് പുരുഷന്മാർക്കായി കൃപ മദ്യവിമോചനകേന്ദ്രവും പുനരധിവാസകേന്ദ്രവും മയക്കുമരുന്നിന് അടിമകളായവരുടെ മോചനത്തിനായി മപ്പുസായിൽ അസിലോ ആശുപത്രിയോടു ചേർന്ന് ഡീ അഡിക്ഷൻ സെന്ററും ആരംഭിച്ചു.
ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ മരണം തേടി നടന്ന മാത്യു ഇതോടകം ആയിരക്കണക്കിന് വ്യക്തികളെ ലഹരി ആസക്തിയിലും ആത്മഹത്യാ പ്രവണതയിലുംനിന്നു മോചിപ്പിച്ചിരിക്കുന്നു. ഗോവയിൽ ആദ്യം എത്തുന്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ പുനരധിവസിപ്പിക്കാനോ ബോധവത്കരിക്കാനോ സന്നദ്ധ സംഘടനകൾ കുറവായിരുന്നുവെന്ന് മാത്യു കുര്യൻ പറയുന്നു. അക്കാലത്ത് ഇതിൽ ആകൃഷ്ടരാകുന്നവർക്ക് അറിവും പഠിപ്പും കുറവായിരുന്നതിനാൽ ലഹരി വിമോചനം ശ്രമകരമായ ദൗത്യമായിരുന്നു.
എൽ ഷദായ്
ചുരുങ്ങിയ കാലയളവിനുള്ളിൽ ഗോവയിലെയും കർണാടകത്തിലെയും ലഹരിവിരുദ്ധ വോളണ്ടിയറായി മാറുകയായിരുന്നു മാത്യു കുര്യൻ. 1997ൽ ബ്രിട്ടീഷുകാരി അനിത എഡ്ഗാറുമായി പരിചയത്തിലാവുകയും ഇരുവരും ചേർന്ന് എൽ ഷദായ് ചാരിറ്റബിൾ ട്രസ്റ്റ് ഗോവയിൽ സ്ഥാപിക്കുകയും ചെയ്തു. കാൽ നൂറ്റാണ്ടു പിന്നിടുന്പോൾ ജീവകാരുണ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമാണ് എൽ ഷദായ്. വിദ്യാഭ്യാസം, കുട്ടികളുടെ സംരക്ഷണം, വനിതാശാക്തീകരണം തുടങ്ങിയ രംഗങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഈ സംഘടന ഗോവയിലെ അഗതികളുടെയും അശരണരുടെയും ഉപേക്ഷിക്കപ്പെടുന്നവരുടേയുമൊക്കെ അത്താണികൂടിയാണിന്ന്.
വിവിധങ്ങളായ 35 പദ്ധതികളിലൂടെ പതിനെണ്ണായിരം കുട്ടികൾക്ക് അറിവും ജീവിതവും സമ്മാനിക്കാൻ കഴിഞ്ഞു. എണ്പതിനായിരം വനിതകളെ വിവിധ തലങ്ങളിൽ ശക്തീകരിക്കാനും തൊഴിൽ നേടിക്കൊടുക്കാനും സാധിച്ചു. രണ്ടേ കാൽ ലക്ഷം ജനങ്ങൾക്ക് അനൗദ്യോഗിക വിദ്യാഭ്യാസം നൽകാനായി. വിശന്നലയുന്ന അനേകായിരങ്ങൾക്കു ഭക്ഷണവും മരുന്നും നൽകുന്ന പദ്ധതിയും നടപ്പാക്കി. ദിവസേന ആയിരം പേർക്ക് അന്നദാനം നടത്തുകയാണ് ഈ സംഘടന. കോട്ടയം വാകത്താനം ചക്കച്ചേരിയിൽ ആനിക്കൽ ജോസ് ജേക്കബ്-ലീലാമ്മ ദന്പതികളുടെ മകൾ ജൂലിയായെ മാത്യു ജീവിതസഖിയാക്കി. എൽ ഷദായിയുടെ പ്രവർത്തനനിരയിൽ ജൂലിയായും ഒപ്പമുണ്ട്. താഷ, തഹാൻ, തിയാര എന്നിവരാണ് മക്കൾ.
റെനീഷ് മാത്യു