1952 ൽ ബ്രദർ ജോസഫ് വടക്കന്റെ നേതൃത്വത്തിൽ ഫാദർ സഖറിയാസ് വാഴപ്പിള്ളിയുടെ പിന്തുണയിലും ഫാദർ ജേക്കബ് ചെമ്മണ്ണൂരിന്റെ പത്രാധിപത്യത്തിലും ‘തൊഴിലാളി’ വാരിക തൃശൂരിൽ ആംഭിച്ച കാലംമുതൽ എനിക്ക് അതുമായി ബന്ധമുണ്ട്. എന്റെ ഏതാനും ആദ്യകാല ചെറുകഥകൾ പ്രസിദ്ധീകരിച്ചതും തൊഴിലാളിയാണ്.
പിന്നീട് തൊഴിലാളി ഒരു ദിനപത്രമായി മാറി. ദിനപത്രം നടത്തിപ്പിനുള്ള അറിവും അനുഭവവും ലഭിക്കാൻവേണ്ടി കോട്ടയം ദീപികയിലെ പത്രാധിപ സമിതിയിൽനിന്നു മുട്ടത്തു വർക്കിയെയാണ് ദീപിക മാനേജ്മെന്റ് പറഞ്ഞയച്ചത്. തൊഴിലാളി ഓഫീസിൽ ഒഴിവുസമയത്തു ചെന്നിരിക്കുക എനിക്കൊരു രസകരമായ അനുഭൂതിയായിരുന്നു. കോണ്ഗ്രസ് പിന്തുണയോടെ പി.എസ്.പി. നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി ഭരണം നടത്തുന്ന കാലമാണത്.
1962-ൽ ഏറെ വേദനാകരമായ ഒരു സംഭവം തൃശൂരിലുണ്ടായി. ഫാ. ജോസഫ് വടക്കന്റെ പിന്തുണയിൽ തൃശൂർ ടൗണ് ഹാളിൽ കെ.ടി.പി. (കർഷക തൊഴിലാളി പാർട്ടി) എന്ന രാഷ്്ട്രീയ സംഘടന രൂപംകൊണ്ട ദിവസംതന്നെ അവിടെ പരിപാടിയുണ്ടായിരുന്ന പട്ടം താണുപിള്ള തൃശൂർ രാമനിലയത്തിലെത്തിലേക്കു പോകുന്പോൾ ഒരു കല്ല് അദ്ദേഹത്തിന്റെ ദേഹത്തുകൊണ്ടെന്നും ഇല്ലെന്നും രണ്ടുപക്ഷം. കല്ലെറിഞ്ഞതു കെ.ടി.പിക്കാരാണെന്നു സർക്കാർ അനുകൂലികൾ പ്രചരിപ്പിച്ചു. കല്ലേറിന്റെ പേരിൽ നിരവധിപ്പേരെ അറസ്റ്റുചെയ്തു ലോക്കപ്പിലിട്ട് മർദിച്ചു.
സർക്കാരിനെ അന്ധമായി പിന്തുണയ്ക്കുന്ന പത്രങ്ങളൊഴിച്ച് ബാക്കി പത്രങ്ങൾ ക്രൂരമർദനത്തെ അപലപിച്ചു. ദീപിക ‘ഭീകരമായ ലോക്കപ്പ് മർദനം’ എന്ന ശീർഷകത്തിൽ മുഖപ്രസംഗമെഴുതി.
മർദനത്തിന്റെ റിപ്പോർട്ടുകൾ വായിച്ചവരും കേട്ടവരും വേദനിച്ചു. ആ വേദന അമർഷവും പ്രതിഷേധവുമായി മാറി. ആ പ്രതിഷേധങ്ങൾ അക്ഷരങ്ങളുടെ രൂപത്തിൽ ഉരുണ്ടുകൂടിയപ്പോൾ അതൊരു നാടകമായി രൂപംകൊണ്ടു. ആ നാടകത്തിന്റെ പേരാണ് ‘ഈ രക്തത്തിൽ തീയുണ്ട്’.
ഒരു പാവപ്പെട്ട മലയോര കർഷക കുടുംബത്തിൽ കർഷക യൂണിയനിൽ പ്രവർത്തിക്കുന്നവനും അനീതിയോടു പോരാടുന്നവനും കുടുംബത്തിന്റെ നെടുംതൂണുമായ കുഞ്ഞപ്പൻ എന്ന യുവാവ് പോലീസിന്റെ മർദനമേറ്റ് മൃതിയടയുന്നതാണ് അതിന്റെ ഉള്ളടക്കം.
ഈ നാടകത്തിന്റെ രചയിതാവ് ആരെന്ന് അധികംപേർക്കും അറിയില്ല. പി.കെ. ലളിതൻ എന്ന തൂലികാനാമമാണ് നാടത്തിൽ കൊടുത്തിരുന്നത്. ഇതു രഹസ്യമാക്കി വച്ചതു പ്രത്യേക കാരണത്താലാണ്. വടക്കനച്ചന്റെ പ്രസ്ഥാനത്തോട് എനിക്ക് അനുഭാവമുണ്ടെന്നു പുറത്തറിഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തല്ല കാരണം.
തൃശൂരിലെ ഒരു ചിട്ടി കന്പനിയിലാണ് എനിക്കന്ന് ഉദ്യോഗം. കൂടെ നാടകരചനയും. ചിട്ടിക്കന്പനി ജീവനക്കാർക്കു യൂണിയനോ കൂട്ടായ ശക്തിയോ ഇല്ലാത്ത കാലമാണ്. ഏതു നിമിഷത്തിലും ആരെയും പിരിച്ചുവിടാൻ സൗകര്യമുണ്ടായിരുന്ന സാഹചര്യം.
നാടക രചയിതാവു ഞാനാണെന്ന് അതു രഹസ്യമായി വായിച്ച ഫാദർ ജോസഫ് വടക്കനും വർഗീസ് മേച്ചേരിക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളു. നാടകം സംവിധാനം ചെയ്തവതരിപ്പിച്ച തോമസ് പാറന്നൂരിനുപോലും ഇത് അജ്ഞാതമായിരുന്നു.
എന്റെ ഉൾഭയം അപ്പോഴും തീർന്നിരുന്നില്ല. നാടക കർത്താവ് ഞാനാണെന്ന് അറിയാതിരിക്കാൻ മറ്റൊരു പൊടിക്കൈ പ്രയോഗിച്ചു. ഒരു ദിവസം കോട്ടയത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ അടുക്കൽപോയി അയാളെക്കൊണ്ട് സംഭാഷണം തിരുവിതാംകൂർ ഭാഷയിലാക്കി.
ഒടുവിൽ പുതിയ കൈയെഴുത്തുപ്രതി മേച്ചേരിയെ ഏല്പിക്കാനായി പുറപ്പെട്ടു. തെക്കൻ ശൈലി സ്വീകരിച്ചു മറ്റൊരു കൈയക്ഷരത്തിൽ ഒരു നോട്ടുബുക്കിലാണ് പകർത്തിയെഴുതിത്. പോസ്റ്റൽ ആയി അയച്ചുകിട്ടിയെന്നു പറയാൻ ചട്ടം കെട്ടിയ നോട്ടു ബുക്കു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതിന്റെ പുറംചട്ടയിൽ അച്ചടിച്ചിരിക്കുന്നത് കെ.കെ. ഫ്രാൻസിസ് ആൻഡ് സണ്സ്, സ്റ്റേഷനറി മർച്ചന്റ്സ്, തൃശൂർ. അവരടിച്ചു വിൽക്കുന്ന നോട്ടുബുക്കാണു വാങ്ങിയത്. അതു കണ്ടമാത്രയിൽ പൊടുന്നനെ പുറംചട്ട വലിച്ചുപറിച്ചു ചീന്തിക്കളഞ്ഞു. അങ്ങനെ പുറംചട്ടയില്ലാത്ത കൈയെഴുത്തുപ്രതി വർഗീസ് മേച്ചേരിയെ ഏല്പിച്ചു തിരിച്ചുപോന്നു.
റിഹേഴ്സൽ തുടങ്ങി. തോമസ് പാറന്നൂർ സംവിധായകൻ. തോമസ് തന്നെ ഗാനങ്ങൾ രചിച്ചു. കഥാപാത്രങ്ങൾക്കു പറ്റിയ നടീനടന്മാരെ തെരഞ്ഞെടുത്തു. റിഹേഴ്സൽ കാണാൻ ഞാനും പോയിരുന്നു. നാടകം ആരുടെയാണെന്നു ഞാൻ ചോദിച്ചപ്പോൾ തൂലികാനാമംതന്നെ അവരും എന്നോടു പറഞ്ഞു. റിഹേഴ്സലിനിടയിൽ ഞാനെഴുതിയ നാടകത്തിൽ എന്റെ സാന്നിധ്യത്തിൽവച്ചുതന്നെ സംവിധായകൻ മാറ്റങ്ങൾ വരുത്തുന്നു.
കെ.ടി.പിയുടെ ആദർശങ്ങൾ പ്രസംഗരൂപത്തിൽ തിരുകിക്കയറ്റുന്നു. എന്നെ കത്തിക്ക് കുത്തുന്ന അനുഭവം. മിണ്ടാനൊക്കുമോ? എങ്കിലും വളരെ കൂളായിട്ടു ഞാൻ പറഞ്ഞു: പോസ്റ്റലായിട്ട് അയച്ചുതന്ന നാടകമാണെങ്കിലും നാടകകൃത്തിനോട് നമ്മൾ നീതി ചെയ്യേണ്ടേ? അയാളോടു ചോദിക്കാതെ നമ്മൾ ഇങ്ങനെ മാറ്റം വരുത്തുന്നതു ശരിയല്ല. കൂട്ടത്തിൽ ഒന്നുകൂടി ഞാൻ പറഞ്ഞു. ഇതുവരെ കണ്ട നിലയ്ക്ക് സ്ക്രിപ്റ്റിൽ മാറ്റം വരുത്തണമെന്നു തോന്നിയില്ല.
നാടകം അരങ്ങേറി. പ്രതീക്ഷയിൽ കവിഞ്ഞ വിജയം. തൃശൂരിലും പല പ്രദേശങ്ങളിലും മലനാട് കർഷക യൂണിയന്റെയും കർഷക തൊഴിലാളി പാർട്ടിയുടെയും സമ്മേളനങ്ങളിൽ നാടകം പല വേദികളിൽ കളിച്ചു. അന്നത്തെ സർക്കാരിന് ആ നാടകം ചുട്ട ഒരു ചാട്ടവാറടിയായിരുന്നു.
മാസങ്ങൾക്കുശേഷം ചങ്ങനാശേരിയിൽ ഇതേ നാടകം അവതരിപ്പിച്ചു മടങ്ങുന്പോൾ സംവിധായകനായ പാറന്നൂരിനോട് ആദ്യമായി ഞാൻ ആ രഹസ്യം (നാടകം രചിച്ചത് ഞാനാണെന്ന്) വെളിപ്പെടുത്തി. അദ്ദേഹത്തിന് വിശ്വസിക്കാൻ പ്രയാസം തോന്നി. അദ്ദേഹം എന്നെ ഹൃദയപൂർവം അഭിനന്ദിച്ചു. ഞാൻ റിഹേഴ്സൽ ക്യാന്പിലുണ്ടായിട്ടും അദ്ദേഹംതന്നെ നാടകം സംവിധാനം ചെയ്യേണ്ടിവന്നതിൽ പാറന്നൂർ എന്നോടു ക്ഷമാപണം നടത്തുകയും ചെയ്തു.
സി.എൽ. ജോസ്