കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം ലൊക്കേഷനിൽ ഷൂട്ടിംഗ് നടത്തുന്നത്. സിനിമയിൽ എന്നും കാമറക്കു മുന്നിൽ നിൽക്കണം എന്ന് വളരെ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.
കമലഹാസൻ പാൻ വേൾഡ് ഹീറോയാണ്. നായകൻ എന്നതിനപ്പുറം സിനിമയുടെ എല്ലാ മേഖലയിലും തന്റേതായ പരീക്ഷണങ്ങൾക്ക് അദ്ദേഹം ഇടം കണ്ടെത്താറുണ്ട്. സംവിധായകനായും തിരക്കഥാകൃത്തായും പരീക്ഷണങ്ങൾക്ക് എന്നും അദ്ദേഹം മുതിർന്നിട്ടുമുണ്ട്. ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മാസ് ആക്ഷൻ കഥാപാത്രമായി കമലഹാസൻ വെള്ളിത്തിരയിലെത്തിയിരിക്കുന്നു.
കൈദി, മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിൽ വലിയ താരനിരയെയാണ് ഈ നായകൻ ഒപ്പം കൂട്ടിയിരിക്കുന്നത്. സമീപകാലത്തെ രാഷ്്ട്രീയ പ്രവേശനവും തുടർന്നുണ്ടായ വാർത്താ വിവാദങ്ങളും മാറ്റിവച്ച് തന്റെ ആരാധകരെ ത്രസിപ്പിക്കുംവിധമുള്ള നായകന്റെ കടന്നുവരവിനെക്കുറിച്ച് കമലഹാസൻ...
വലിയ താരനിരയിൽ വിക്രം
ഞാൻ സിനിമയിലെത്തുന്പോൾ നസീർ, സത്യൻ, കൊട്ടാരക്കര ശ്രീധരൻനായർ, തിക്കുറിശി കാലഘട്ടമാണ് മലയാളത്തിൽ. ഞാൻ ഉൾപ്പെടുന്ന അന്നത്തെ പുതിയ തലമുറയിലുള്ളവരെ അവർ സ്വീകരിച്ചപോലെയാണ് പുതിയ ആളുകൾക്കൊപ്പം ഞാനും വർക്ക് ചെയ്യുന്പോൾ. ഫഹദ് ഫാസിൽ, നരേൻ, വിജയ് സേതുപതി, സൂര്യ തുടങ്ങിയവർക്കൊപ്പം വർക്ക്ചെയ്തു.
ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിലാണ് എത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നു ചെന്പൻ വിനോദും കാളിദാസും കാമറമാൻ ഗിരീഷ് ഗംഗാധരനും ചിത്രത്തിന്റെ ഭാഗമാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ തമിഴിലെയും മലയാളത്തിലെയും യുവ തലമുറയിലെ കഴിവുറ്റ യുവനായകന്മാരാണ്.
നല്ല കഥയും നല്ല കഥാപാത്രവും ലഭിക്കുന്പോൾ മികച്ച എനർജി നമുക്കും ലഭിക്കും. അതാണ് വിക്രം പ്രേക്ഷകർ ഏറ്റെടുക്കുന്നതിന്റെ കാരണവും. രാജ്കമൽ ചിത്രങ്ങൾ എക്കാലവും കഴിവുറ്റ പ്രതിഭകളെ ഭാഷാന്തരങ്ങൾക്കപ്പുറം മികച്ച സിനിമകളുടെ ഭാഗമാക്കാൻ ശ്രമിച്ചിട്ടുള്ളതാണ്.
സീരിയസായ സിനിമ
സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കുക എന്നതാണു പ്രധാനം. വിക്രം ലോകേഷ് കനകരാജിന്റെ സിനിമയാണ്. സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വശങ്ങളും കഥാപശ്ചാത്തലത്തിന്റെ ക്രിമിനോളജിയും ഏറ്റവും പുതിയ കാലഘട്ടത്തിന്റേതാണ്. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തേക്കാൾ സാമൂഹികമായ ഇടപെടൽ എല്ലാക്കാലത്തും എന്റെ സിനിമകളിലൂടെയുണ്ടാകാൻ ശ്രമിച്ചിട്ടുണ്ട്.
കോവിഡിന്റെ ഇടയിൽ ഷൂട്ടിംഗ്
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം ലൊക്കേഷനിൽ ഷൂട്ടിംഗ് നടത്തുന്നത്. സിനിമയിൽ എന്നും കാമറക്കു മുന്നിൽ നിൽക്കണം എന്ന് വളരെ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. സിനിമയുടെ എല്ലാ മേഖലയും വളരെ ഇഷ്ടമാണ്. കോവിഡ് വേളയിൽ ലോകോത്തര സിനിമകൾ കാണാനുള്ള സമയമായിരുന്നു എനിക്ക്. ദിവസം മൂന്നു സിനിമകൾ വീതമാണ് അന്ന് കണ്ടിരുന്നത്. ഇപ്പോൾ കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽനിന്നു തന്പ് സിനിമ ഞാൻ കണ്ടിരുന്നു. ഡിജിറ്റൽ ഫോർമാറ്റിലാണ് ആ ചിത്രം എത്തിയത്. സിനിമയ്ക്ക് ദേശവും കാലവും ഇല്ലെന്ന്അത് വ്യക്തമാക്കുന്നു.
രാഷ്ട്രീയവും സിനിമയും
എന്റെ എല്ലാ സിനിമകളിലും എനിക്ക് ലഭിക്കുന്ന സാധ്യതകളിൽ കൃത്യമായി രാഷ്്ട്രീയം വ്യക്തമാക്കാൻ ശ്രമിക്കാറുണ്ട്. ചിത്രത്തിലെ പാട്ട് വൈറലാവുകയും വളരെ വിവാദങ്ങളും സൃഷ്ടിച്ചു. എന്നെ സംബന്ധിച്ച് അത് പുതിയ കാര്യമല്ല. എങ്കിലും നമുക്ക് പറയാനുള്ളതു കൃത്യമായി പറയാനാണ് ശ്രമിക്കുന്നത്. എക്കാലവും സെൻസർ ബോർഡ് ശരിയല്ലെന്നും സിനിമകൾക്ക് സർട്ടിഫിക്കേഷൻ മാത്രമാണെന്നും പറയുന്നയാളാണ് ഞാൻ. വ്യക്തി യെന്ന നിലയിൽ രാഷ്ട്രീയ ബോധം നമുക്കും നമ്മുടെ കർമ മണ്ഡലങ്ങളിലും എന്നുമുണ്ടായിരിക്കണം. കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കണം. സിനിമകൾ എന്നും സമൂഹത്തിന്റെ പ്രതിബിംബമാകുന്നത് അതിനാലാണ്.
പാൻ ഇന്ത്യൻ സിനിമ
മലയാളത്തിൽനിന്നുള്ള ചെമ്മീൻ അടക്കം പാൻ ഇന്ത്യൻ സിനിമയാണ്. അന്ന് തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ചെമ്മീൻ കണ്ടത് സബ്ടൈറ്റിൽ ഇല്ലാതെയാണ്. പാൻ ഇന്ത്യൻ സിനിമ എന്നത് മുന്പു തന്നെ ഇവിടെയുള്ളതാണ്. തെന്നിന്ത്യയിൽ നിന്നുണ്ടായ വലിയ വിജയം ഇപ്പോൾ പാൻ ഇന്ത്യൻ സിനിമ എന്ന ചർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. അത്തരം സിനിമകൾ ആഘോഷിക്കപ്പെടേണ്ടതാണ്. മികച്ച സിനിമകൾ ഒരുക്കുകയെന്നതാണ് നമ്മുടെ കർമം. തമിഴിൽ മൾട്ടി സ്റ്റാർ ചിത്രങ്ങൾ എന്നും കുറവാണ്. അതിന് ഒരു തുടക്കമാകും വിക്രം എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
മലയാളം സിനിമ
ചെറിയ സിനിമാമേഖല എങ്കിലും കഴിവുറ്റ പ്രതിഭകളും കാന്പുള്ള കഥകളുമുള്ള ഇടമാണ് മലയാളം. മലയാള സിനിമകൾ എന്നും കൃത്യമായി നിരീക്ഷിക്കുന്നയാളാണ് ഞാൻ. പരിമിതമായ ചുറ്റുപാടുണ്ടായിരിക്കാം ചിലപ്പോൾ. എന്നാൽ മികച്ച സിനിമകൾ ഇവിടെ നിന്നും രൂപപ്പെടുന്നു.