യുക്മ റീജിയണൽ കലാമേളകൾക്ക് ശനിയാഴ്ച കലാശക്കൊട്ട്
കുര്യൻ ജോർജ്
Friday, October 17, 2025 5:07 PM IST
ചെൽട്ടൺഹാം: നവംബർ ഒന്നിന് ചെൽട്ടൺഹാമിലെ ക്ലീവ് സ്കൂളിൽ നടക്കുന്ന യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ ശനിയാഴ്ച സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയണുകളിൽ അരങ്ങേറുകയാണ്.
സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള സാലിസ്ബറിയിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള റെയ്ലിയിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും ഉദ്ഘാടനം ചെയ്യും.
യുക്മ ട്രഷറർ ഷീജോ വർഗീസ്, ബേസിംഗ്സ്റ്റോക്ക് കൗൺസിലറും മുൻ യുക്മ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ (ദേശീയ കലാമേള കൺവീനർ), സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി തുടങ്ങിയവർ വിവിധ യോഗങ്ങളിൽ മുഖ്യാതിഥികളായെത്തും.
കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട തയാറെടുപ്പുകൾ പൂർത്തിയായതായി സൌത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലീയ റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ 27ന് വെയിത്സ്, ഒക്ടോബർ നാലിന് യോർക്ക്ഷയർ & ഹംബർ, സൌത്ത് ഈസ്റ്റ്, ഒക്ടോബർ 11ന് നോർത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലമേളകൾ വളരെ വിജയകരമായി നടന്ന് കഴിഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അഭൂതപൂർവമായ തിരക്കാണ് മത്സരാർഥികളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റീജിയണൽ കലാമേളകളിൽ ഉണ്ടായത്.
സൗത്ത് വെസ്റ്റ്
സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ശനിയാഴ്ച രാവിലെ എട്ടിന് സാലിസ്ബറിയിലെ ഗൊഡോൾഫിൻ സ്കൂളിൽ തുടക്കമാകും.
യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യുന്ന കലാമേളയിൽ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ്, നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി, മുൻ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ബേസിംഗ്സ്റ്റോക്ക് കൌൺസിലറും മുൻ യുക്മ ദേശീയ സെക്രട്ടറിയുമായ സജീഷ് ടോം, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്ജ് തുടങ്ങിയവർ മുഖ്യാതിഥികളായെത്തും.
സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മുൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗീസ് ആലുങ്കൽ, കലാമേള കോഓർഡിനേറ്റർ ബിജോയ് പി. വർഗീസ്, മറ്റു റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. ഇക്കഴിഞ്ഞ ഞായറാഴ്ച കലാമേള രജിസ്ട്രേഷൻ പൂർത്തിയായിരുന്നു. മത്സരാർഥികളുടെ എണ്ണത്തിൽ സർവകാല റിക്കാർഡാണ് ഇക്കുറി.
അഞ്ഞൂറിൽപ്പരം മത്സരാർഥികൾ അഞ്ചു വേദികളിലായി മാറ്റുരയ്ക്കുന്ന കലാമേളയുടെ അവസാനവട്ട ഒരുക്കങ്ങളുമായാണ് സംഘാടകർ. കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ സൗത്ത് വെസ്റ്റിലെ എല്ലാ അംഗഅസോസിയേഷനുകളും സജീവമായി രംഗത്തുണ്ട്.
അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന സാലിസ്ബറി മലയാളി അസോസിയേഷനും അരയും തലയും മുറുക്കി പ്രവർത്തിച്ചു വരുന്നു. അതിവിപുലമായ സംഘാടക സമിതിയാണ് റീജിയണൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
ഈസ്റ്റ് ആംഗ്ലിയ
യുക്മയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള ശനിയാഴ്ച രാവിലെ 8.30ന് റെയ്ലിയിലെ ദ സ്വെയിൻ പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിക്കും.
റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റും ദേശീയ കലാമേള കൺവീനറുമായ വർഗീസ് ഡാനിയൽ, ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി എന്നിവർ മുഖ്യാതിഥികളായിരിക്കും.
ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, റീജിയണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, ട്രഷറർ ഷിന്റോ സ്കറിയ, കലാമേള കോഓർഡിനേറ്റർ സുമേഷ് അരവിന്ദാക്ഷൻ, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.
ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ മുഴുവൻ അംഗ അസോസിയേഷനുകളുടെയും കലാ സ്നേഹികളായ മുഴുവൻ മലയാളികളുടെയും ആത്മാർഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള സംഘാടക സമിതി അഭ്യർഥിച്ചു.