ചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ
ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
Tuesday, December 24, 2024 10:12 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധ വാതിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു തുറക്കുന്നതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്റെ ആചരണത്തിന് തിരി തെളിയും.
ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്കാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയത്തിൽ സ്ഥിതിചെയ്യുന്ന ഈ വാതിൽ തുറക്കപ്പെടുന്നത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് വി. പത്രോസിന്റെ മഹാ ദൈവാലയം സാക്ഷ്യം വഹിക്കും.
പതിവുകൾക്കു വിപരീതമായി ഇറ്റലിയിലെ ഒരു ജയിലിനുള്ളിൽകൂടി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ പ്രഖ്യാപിക്കുകയും തുറക്കുകയും ചെയ്യുന്നത്, ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഡിസംബർ 26നാണു റോമിലെ റെബീബിയയിലുള്ള ജയിൽ മാർപാപ്പ സന്ദർശിച്ച് അവിടെ പ്രഖ്യാപിച്ച വിശുദ്ധ വാതിൽ തുറക്കുന്നത്.
മാർപാപ്പയുടെ തീരുമാനം വിവാദമാക്കേണ്ടതില്ലെന്നും ലോകം മുഴുവൻ ഏറ്റവും അവഗണിക്കപ്പെടുന്നവരോടു താദാത്മ്യപ്പെടുന്ന ക്രിസ്തുവിന്റെ മുഖമാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും വത്തിക്കാൻ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
യോഹന്നാന്റെ സുവിശേഷത്തിലെ “ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും” എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി, വിശ്വാസീസമൂഹത്തിനു പ്രാർഥനയോടും പ്രായശ്ചിത്ത പ്രവൃത്തികളോടും കൂടെ തീർഥാടകരായി പ്രവേശിച്ച് ആത്മീയ സന്തോഷവും സമാധാനവും സ്വീകരിക്കുവാൻ തക്കവിധമാണ് വിശുദ്ധ വാതിൽ പ്രവേശനം ഈ ജൂബിലിയിൽ ഒരുക്കിയിരിക്കുന്നതെന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബേത്തി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വനം അനുസരിച്ച് “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ ജൂബിലിക്കായി വത്തിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. “യുദ്ധത്തിന്റെ മുറിവുകൾ രാജ്യങ്ങളെ മാത്രമല്ല, കുടുംബങ്ങളെയും വ്യക്തികളെയും നിരാശയിലാക്കുന്നുണ്ടെന്നും എന്നാൽ ക്രിസ്തുവിലുള്ള പ്രത്യാശയാണ് നമ്മെ മുൻപോട്ടു നയിക്കേണ്ടതെന്നും’’ ഫ്രാൻസിസ് മാർപാപ്പ ജൂബിലിക്കൊരുക്കമായുള്ള തന്റെ സന്ദേശത്തിൽ അറിയിച്ചു.
എഡി 1300ൽ ബോനിഫസ് ഏഴാമൻ മാർപാപ്പയാണ് ജൂബിലി വർഷം ആഘോഷിക്കാൻ തീരുമാനമെടുത്തതെങ്കിലും ഇന്ന് ആഘോഷിക്കപ്പെടുന്നതുപോലെ 25 വർഷമായി ജൂബിലിയുടെ നാളുകൾ നിജപ്പെടുത്തിയത് 1470ൽ പോൾ രണ്ടാമൻ മാർപാപ്പ ആയിരുന്നു.
എഡി 1500ൽ അലക്സാണ്ടർ ആറാമൻ മാർപാപ്പ തുടക്കംകുറിച്ച പതിവനുസരിച്ചാണ് ജൂബിലി വർഷത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് റോമിലെ മറ്റു മൂന്ന് മേജർ ബസിലിക്കകളിലും വിശുദ്ധ വാതിലുകൾ ഈ ക്രിസ്മസ് കാലത്തു തുറക്കപ്പടുന്നത്.
ഫ്രാൻസിസ് മാർപാപ്പ തന്നെ ഈ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുമെന്ന് സുവിശേഷവത്കരണത്തിനുള്ള ഡിക്കസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് ആർച്ച്ബിഷപ്പ് റിനോ ഫിസികെല്ല പറഞ്ഞു.
ഡിസംബർ 29നു വൈകുന്നേരം റോമാ രൂപതയുടെ കത്തീഡ്രൽ കൂടിയായ ജോൺ ലാറ്ററൻ ബസിലിക്കയിലും ദൈവമാതാവിന്റെ തിരുനാളായ ജനുവരി ഒന്നിന് രാവിലെ മേരി മേജർ ബസിലിക്കയിലും ജനുവരി 5നു വൈകിട്ട് സെന്റ് പോൾസ് ബസിലിക്കയിലും വിശുദ്ധ വാതിലുകൾ തുറക്കപ്പെടും.
റോമിലെ പരന്പരാഗത തീർഥാടനപ്പള്ളികളായ വിശുദ്ധ ലോറൻസിന്റെയും വിശുദ്ധ കുരിശിന്റെയും വിശുദ്ധ സെബാസ്റ്റ്യന്റെയും ദേവാലയങ്ങളും മറ്റു 12 പള്ളികളും തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ലോകമെമ്പാടും തെരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങളിലെ പ്രത്യേക വാതിലുകളും വിശ്വാസീസമൂഹത്തിനു തീർഥാടനത്തിനായി തുറക്കപ്പെടും.
2025 ഡിസംബർ 28 വരെയാണ് ഇത്തവണ ജൂബിലി വർഷമായി ആചരിക്കപ്പെടുന്നത്. 2026 ജനുവരി ആറാം തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയുന്നതോടെ അടുത്ത ജൂബിലിക്കായുള്ള നീണ്ട ഇരുപത്തഞ്ചു വർഷത്തെ കാത്തിരിപ്പും ആരംഭിക്കും. വിശുദ്ധ വാതിൽ പ്രത്യേക താക്കോൽ കൊണ്ട് പൂട്ടി വത്തിക്കാൻ ബസിലിക്കയുടെ ഭിത്തിയിലെ പ്രത്യേക അറയിൽ സൂക്ഷിക്കുകയാണ് പതിവ്.
അടുത്ത ജൂബിലിക്ക് തൊട്ടു മുൻപ് മാത്രമേ ഈ താക്കോൽ പുറത്തെടുക്കുകയുള്ളൂ. ഈ വർഷം ഡിസംബർ രണ്ടാം തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ശുശ്രൂഷകരുടെ സാന്നിധ്യത്തിൽ വിശുദ്ധ വാതിലിന്റെ താക്കോലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകളും ഉൾപ്പെടെ പുറത്തെടുത്തത് കർദിനാൾ മൗറോ ഗംബേത്തിയുടെ നേതൃത്വത്തിലായിരുന്നു.
ഇറ്റലിയും റോമും ജൂബിലിക്കായി തയാറാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള ജന്മദിന സന്ദേശത്തിലാണ് ഇറ്റലിയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യ തലസ്ഥാനമായ റോം, ലോക തലസ്ഥാനമായി തീരാൻ പോകുന്ന നാളുകളാണ് ജൂബിലിയിൽ സംഭവിക്കുന്നതെന്നും അതിനായി പൂർണമായ തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
സ്ഥിരം സന്ദർശകർക്കു പുറമെ, ഏകദേശം മൂന്നരക്കോടി ജൂബിലി തീർഥാടകരെയാണ് റോം ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രി ഡാനിയേല സന്താനക്കെ പാർലമെന്റിനെ അറിയിച്ചിരുന്നു.