ജോർജിയയിൽ മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികൾ
Wednesday, December 18, 2024 10:36 AM IST
തിബിലിസി: ജോർജിയയിലെ റസ്റ്ററന്റിൽ മരിച്ച 11 ഇന്ത്യക്കാരിലേറെയും പഞ്ചാബ് സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് എംപി ഗുർമീത് സിംഗ് ഓജില പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഭഗവന്ത് മന്നും എൻആർഐ കാര്യമന്ത്രി കുൽദീപ് സിംഗും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും വേണമെന്നു ഗുർമീത് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഗുദൗരി മൗണ്ടൻ റിസോർട്ടിലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം റസ്റ്ററന്റിലെ ജീവനക്കാരാണ്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക വിവരമെന്നു ജോർജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. രണ്ടാംനിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
വൈദ്യുതി നിലച്ചപ്പോൾ ജനറേറ്റർ പ്രവർത്തിച്ചിരുന്നു. ഇതിൽനിന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതു മരണകാരണമായെന്നാണു പ്രാഥമിക നിഗമനം