ജർമനിയിലെ കാർ ആക്രമണം: പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാര്‍
ജോസ് കുമ്പിളുവേലിൽ
Tuesday, December 24, 2024 12:51 PM IST
ബെര്‍ലിന്‍: ജര്‍മനിയിലെ മാഗ്ദെബർഗിലെ ക്രിസ്മസ് ചന്തയിലുണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേർ ആശുപത്രിയിലാണ്. നിസാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രി വിട്ടു.
പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ മിഷനും പ്രാദേശിക അധികാരികളും അറിയിച്ചു.
ജര്‍മനിയില്‍ താമസിക്കുന്ന സൗദി പൗരനായ സൈക്യാട്രിസ്റ്റ് താലെബ് ജവാദ് അൽ അബ്ദുൾമൊഹ്സൻ(50) ആണ് ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.
അപകടത്തിൽ ഒന്‍പത് വയസുള്ള ആൺകുട്ടിയും നാല് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ പ്രേരണ വ്യക്തമല്ല. ഇയാൾക്ക് കൂട്ടാളികളില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘം ഇയാളുടെ വസതി റെയ്ഡ് ചെയ്തു. ഇസ്ലാം വിമർശകനാണ് ഇയാളെന്നാണ് സൂചന.
മാഗ്ദെബർഗ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് ചന്തകൾ സുരക്ഷാസേനകളുടെ നിരീക്ഷണവലയത്തിലാണ്.