ചരിത്രത്തിലേക്ക് വാതിൽ തുറന്ന് ഫ്രാൻസിസ് മാർപാപ്പ; സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നു
Thursday, December 26, 2024 10:03 AM IST
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്റെ ആചരണത്തിന് തിരിതെളിഞ്ഞു.
പതിവുകൾക്കു വിപരീതമായി ഇറ്റലിയിലെ ഒരു ജയിലിനുള്ളിൽകൂടി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ പ്രഖ്യാപിക്കുകയും തുറക്കുകയും ചെയ്യുന്നത് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഡിസംബർ 26നാണു റോമിലെ റെബീബിയയിലുള്ള ജയിൽ മാർപാപ്പ സന്ദർശിച്ച് അവിടെ പ്രഖ്യാപിച്ച വിശുദ്ധ വാതിൽ തുറക്കുന്നത്.
മാർപാപ്പയുടെ തീരുമാനം വിവാദമാക്കേണ്ടതില്ലെന്നും ലോകം മുഴുവൻ ഏറ്റവും അവഗണിക്കപ്പെടുന്നവരോടു താദാത്മ്യപ്പെടുന്ന ക്രിസ്തുവിന്റെ മുഖമാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും വത്തിക്കാൻ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എഡി 1500ൽ അലക്സാണ്ടർ ആറാമൻ മാർപാപ്പ തുടക്കംകുറിച്ച പതിവനുസരിച്ചാണ് ജൂബിലി വർഷത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് റോമിലെ മറ്റു മൂന്ന് മേജർ ബസിലിക്കകളിലും വിശുദ്ധ വാതിലുകൾ ഈ ക്രിസ്മസ് കാലത്തു തുറക്കപ്പടുന്നത്.
ഫ്രാൻസിസ് മാർപാപ്പ തന്നെ ഈ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുമെന്ന് സുവിശേഷവത്കരണത്തിനുള്ള ഡിക്കസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് ആർച്ച്ബിഷപ്പ് റിനോ ഫിസികെല്ല പറഞ്ഞു.
ഡിസംബർ 29നു വൈകുന്നേരം റോമാ രൂപതയുടെ കത്തീഡ്രൽ കൂടിയായ ജോൺ ലാറ്ററൻ ബസിലിക്കയിലും ദൈവമാതാവിന്റെ തിരുനാളായ ജനുവരി ഒന്നിന് രാവിലെ മേരി മേജർ ബസിലിക്കയിലും ജനുവരി 5നു വൈകിട്ട് സെന്റ് പോൾസ് ബസിലിക്കയിലും വിശുദ്ധ വാതിലുകൾ തുറക്കപ്പെടും.
2025 ഡിസംബർ 28 വരെയാണ് ഇത്തവണ ജൂബിലി വർഷമായി ആചരിക്കപ്പെടുന്നത്. 2026 ജനുവരി ആറാം തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയുന്നതോടെ അടുത്ത ജൂബിലിക്കായുള്ള നീണ്ട ഇരുപത്തഞ്ചു വർഷത്തെ കാത്തിരിപ്പും ആരംഭിക്കും.
വിശുദ്ധ വാതിൽ പ്രത്യേക താക്കോൽ കൊണ്ട് പൂട്ടി വത്തിക്കാൻ ബസിലിക്കയുടെ ഭിത്തിയിലെ പ്രത്യേക അറയിൽ സൂക്ഷിക്കുകയാണ് പതിവ്.