താണാവ്-ചന്ദ്രനഗർ ദേശീയപാത നാലുവരിയാക്കണം: എംപി
1575824
Tuesday, July 15, 2025 2:02 AM IST
പാലക്കാട്: ദേശീയപാത 966 ലെ താണാവ്-ചന്ദ്രനഗർ റോഡിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതതടസം പരിഹരിക്കുന്നതിനും നാലുവരി പാതയാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വി.കെ. ശ്രീകണ്ഠൻ എംപി കത്ത് നൽകി. മഴക്കാലമായതോടുകൂടി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ഭാഗത്തുകൂടിയുള്ള യാത്ര അതീവ ദുഷ്കരമാണ്.
ഗതാഗത തടസവും അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. ഈ റോഡിൽ രൂപപ്പെട്ടിട്ടുള്ള വലുതും ആഴമേറിയതുമായ കുഴികൾ കാരണം പകലും രാത്രിയിലും പുതിയ പാലം മുതൽ പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വരെ ഗതാഗതക്കുരുക്ക് പതിവാണ്. റെയിൽവേ സ്റ്റേഷൻ, വീടുകൾ എന്നിവടങ്ങളിലേക്ക് ആളുകൾക്ക് കൃത്യസമയത്ത് എത്തുവാൻ സാധിക്കുന്നില്ല. ആംബുലൻസ് ഉൾപ്പെടെ ഗതാഗതകുരുക്കിൽ അകപ്പെടുന്നതിനാൽ രോഗികളെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുവാൻ സാധിക്കുന്നില്ല.
പുതുപ്പരിയാരം താണാവ് ജംഗ്ഷന് സമീപം റോഡിന്റെ വീതി കുറവായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. താണാവിനും ചന്ദ്രനഗറിനുമിടയിലുള്ള ദേശീയപാത രണ്ട് വരിയിൽ നിന്ന് നാല് വരിയായി വീതി കൂട്ടേണ്ടതുണ്ട്. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമുള്ള ആയിരക്കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതിനാൽ ഗതാഗതകുരുക്ക് നിത്യസംഭവമാണ്.
കഴിഞ്ഞ വർഷം സെപ്തംബർ 23 ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ കത്തിന് ഈ കാര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് മറുപടി ലഭിച്ചിരുന്നു. എന്നാൽ നാഷണൽ ഹൈവേ അഥോറിറ്റിയുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. അതിനാൽ റോഡിലെ ഗതാഗതകുരുക്കും അപകടങ്ങളും ഒഴിവാക്കാൻ അടിയന്തരമായി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വീണ്ടും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.