കേസുകള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാം
1575819
Tuesday, July 15, 2025 2:02 AM IST
പാലക്കാട്: ദേശീയ നിയമസേവന അഥോറിറ്റിയുടെയും മീഡിയേഷന് ആന്‍ഡ് കണ്‍സീലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "മീഡിയേഷന് ഫോര്‍ ദി നേഷന്‍' കാമ്പയിന് ജില്ലയില്‍ തുടക്കം.
കേസുകള്‍ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും വേഗത്തില്‍ പരിഹരിക്കുന്നതിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാന്പയിനിന്റെ ലക്ഷ്യം.
വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാരങ്ങള്‍, ഗാര്‍ഹിക പീഡനം, ചെക്ക്, കൊമേഴ്ഷ്യല്‍ ഉപഭോക്തൃ, സേവന സംബന്ധമായത്, സ്വത്ത് കേസുകള്‍, സിവില്‍ കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ എന്നിവയെല്ലാം മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള അവസരം കാമ്പയിന് വഴി ലഭിക്കും.
ഇതില്‍ കോടതി തെരഞ്ഞെടുത്ത കേസുകള്‍ പാര്‍ട്ടികളെ അറിയിച്ചശേഷം മധ്യസ്ഥകേന്ദ്രങ്ങളിലേക്കു കൈമാറും. ദിവസവും അഭിഭാഷകര്‍ (മീഡിയേറ്റര്‍) വഴി തീര്‍പ്പാക്കല്‍ ശ്രമങ്ങള്‍ നടത്തും. ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാക്കും.
സേവനങ്ങള്‍ സൗജന്യമാണ്. മധ്യസ്ഥതവഴി തീരുന്ന കേസുകള്‍ക്ക് അടച്ചിരുന്ന കോടതിഫീസ് മുഴുവനായും തിരിച്ചുനല്‍കും. സെപ്റ്റംബര്‍ 30 വരെയാണ് കാമ്പയിന്.
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും 0491-2505665 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി അറിയിച്ചു.