ട്രാഫിക് പോലീസിന്റെ നടപടിയിൽ വലഞ്ഞ് വ്യാപാരികൾ
1576039
Tuesday, July 15, 2025 11:30 PM IST
തൊടുപുഴ: നഗരത്തിൽ ട്രാഫിക് പോലീസിന്റെ നടപടിയിൽ തൊടുപുഴയിലെ വ്യാപാരികൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. നഗരത്തിൽ കൂടി രാവിലെ മുതൽ സഞ്ചരിച്ച് കടകളിലേക്ക് വരുന്ന സാധാരണക്കാരുടെ വാഹനങ്ങളുടെ ചിത്രം ഫോണിൽ പകർത്തി പെറ്റിക്കേസ് ചാർജ് ചെയ്യുന്ന രീതിയാണ് ഇവരുടേത്.
ഡ്രൈവർമാരുള്ള വാഹനങ്ങൾക്കെതിരേയും കേസെടുക്കുന്നുണ്ട്. കച്ചവടമാന്ദ്യം മൂലം വാടക കൊടുക്കാനും വായ്പകൾ തിരിച്ചടയ്ക്കാനും ബുദ്ധിമുട്ടുന്ന വ്യാപാരികളെ ഈ നടപടി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പോലീസും വ്യാപാരികളും നല്ല ബന്ധത്തിലാണ് ഇതു വരെ മുന്നോട്ടു പോയിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ മൂലം ഈ ബന്ധം ഇല്ലാതാവുകയാണ്.
ഇടുങ്ങിയ പല റോഡുകളിലും പാർക്കിംഗ് സൗകര്യങ്ങൾ പരിമിതമായതിനാൽ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ ഉപഭോക്താക്കൾ വാഹനം നിർത്തുന്നത് സ്വാഭാവികമാണ്.
ഈ വാഹനങ്ങൾക്കാണ് ഭീമമായ തുക പിഴയായി നൽകുന്നത്. ഇത്തരം നടപടിക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രസന്നകുമാർ, സി.കെ.നവാസ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, സാലി എസ്. മുഹമ്മദ്, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് തോമസ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു.