എംപിയുടെ കത്തിൽ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
1576046
Tuesday, July 15, 2025 11:30 PM IST
തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16ന് കുട്ടന്‍പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന 40കാരൻ മരിച്ച സംഭവത്തിലാണ് എംപി കമ്മീഷനെ സമീപിച്ചത്.
കാട്ടാനയെ കണ്ട വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയാറായില്ലെന്ന് എംപി കത്തിൽ ആരോപിച്ചു. വാഹനത്തിൽ ഇന്ധനമില്ലെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ എത്താതിരുന്നത്. ഈ അനാസ്ഥയാണ് എൽദോസിന്റെ മരണത്തിന് കാരണമായതെന്നും ഇതു ക്രിമിനൽ അനാസ്ഥയാണെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ വന്യജീവി ആക്രമണം വർധിച്ചുവരികയാണ്. ഇതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്നു 2025 ഏപ്രിൽ 29ന് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു.
റിപ്പോർട്ട് സമർപ്പിക്കാൻ ആറാഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും ഈ കാലയളവിനുള്ളിൽ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷൻ 13 പ്രകാരം നിർബന്ധിത നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പു നൽകി.