മറയൂർ ചന്ദനം മൗറിഷ്യസിൽ സുഗന്ധം പരത്തും; 1000 കിലോ വിത്തുകൾ കടൽകടന്നു
1576048
Tuesday, July 15, 2025 11:30 PM IST
മറയൂർ: കേരളത്തിന്റെ ചന്ദനസുഗന്ധം ഇനി മൗറിഷ്യസിന്റെ മണ്ണിലും പരക്കും. മറയൂർ ചന്ദനത്തിന്റെ മഹിമയിൽ ആകൃഷ്ടരായ മൗറിഷ്യസിലെ സൗത്ത് ആഫ്രിക്കൻ കന്പനിയായ ഓഷ്യൻ അരോമാറ്റിക്സ് ആൻഡ് എസൻഷൽ ഓയിൽസ് ലിമിറ്റഡ് മറയൂരിൽനിന്ന് 1000 കിലോ ചന്ദനവിത്തുകൾ സ്വന്തമാക്കി. മറയൂരിന്റെ തനതായ ചന്ദനക്കാടിന്റെ പ്രത്യേകതകളും വളർച്ചാരീതികളും മനസിലാക്കാൻ മാസങ്ങൾക്ക് മുൻപ് കന്പനി പ്രതിനിധികൾ മറയൂർ സന്ദർശിച്ചിരുന്നു. മറയൂർ ചന്ദന ഡിവിഷൻ മുൻ ഡിഎഫ്ഒ എം.ജി. വിനോദ് കുമാറുമായി നടത്തിയ ചർച്ചയിൽ മൗറിഷ്യസിന്റെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും മറയൂരിനോട് സാമ്യമുള്ളതാണെന്ന് കന്പനി അധികൃതർ വ്യക്തമാക്കി.
രണ്ടു മാസം മുന്പ് വീണ്ടും മറയൂരിലെത്തിയ സംഘം ചന്ദനവിത്തുകൾ ശേഖരിച്ച് മൗറിഷ്യസിലേക്ക് കൊണ്ടുപോയി. മറയൂർ പള്ളനാട് സ്വദേശിയും വനംവകുപ്പിലെ താത്കാലിക ജീവനക്കാരനുമായ എൽ. പ്രഭാകരന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ സംഘം അദ്ദേഹത്തെ ചന്ദനവിത്തുകൾ മുളപ്പിക്കുന്നതിനായി മൗറിഷ്യസിലേക്ക് കൊണ്ടുപോയിരുന്നു. അവിടെയെത്തി കാടുപിടിച്ചു കിടന്ന സ്ഥലം ഒരുക്കിയ പ്രഭാകരൻ 1000 കിലോ ചന്ദനവിത്തുകൾ മണ്ണു നിറച്ച പാക്കറ്റുകളിൽ നട്ടു. രണ്ടു മാസത്തിനുള്ളിൽ തൈകൾ മുളച്ച് എട്ട് ഇലകൾ വരെ വളർന്നുതുടങ്ങി. ഏഴ്-എട്ട് മാസത്തിനു ശേഷം ഈ തൈകൾ പറിച്ചു നടാൻ പദ്ധതിയിട്ടിരിക്കുകയാണ്.