പ്രഭാതഭക്ഷണം മുടങ്ങിയ സംഭവം : ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സ്കൂൾ സന്ദർശിച്ചു
1485231
Sunday, December 8, 2024 3:49 AM IST
വെള്ളിയാമറ്റം: പൂമാല സ്കൂളിൽ ട്രൈബൽ വിദ്യാർഥികളുടെ പ്രഭാത ഭക്ഷണം മുടങ്ങിയ സംഭവത്തിൽ ജില്ല ലീഗൽ സർവീസസ് അഥോറിറ്റിയുടെ ഇടപെടൽ. അഥോറിറ്റി സെക്രട്ടറി അരവിന്ദ് ബി. എടയോടി പൂമാല സ്കൂൾ സന്ദർശിച്ചു.
സ്കൂളിന് ആദ്യ സഹായം എന്ന നിലയിൽ 15,000 രൂപ കേരള ഗ്രാമീണ ബാങ്ക് നൽകി. ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഫണ്ട് അനുവദിച്ചത്. പൂമാല ഗവ. ട്രൈബൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്താകുന്നത്.
ഒരു വിദ്യാർഥിക്ക് 30 രൂപയാണ് ശരാശരി ഒരു ദിവസം ആവശ്യമുള്ളത്. പൂമാല സ്കൂളിൽ 108 ട്രൈബൽ വിദ്യാർഥികളുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിൽ 200 ട്രൈബൽ വിദ്യാർഥികൾ വിവിധ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. പ്രഭാത ഭക്ഷണം മുടങ്ങിയ സംഭവം വാർത്തയായതിനെത്തുടർന്ന് ജില്ലാ കളക്ടർ ട്രൈബൽ ഡിപാർട്ട്മെന്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാനായ തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഡിഎൽഎസ്എ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് സെക്രട്ടറി സ്കൂൾ സന്ദർശിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി, പഞ്ചായത്ത് സെക്രട്ടറി, പിടിഎ ഭാരവാഹികൾ, ഐടിഡിപി ഓഫീസർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണ വിതരണത്തിനായി പഞ്ചായത്ത് പ്രോജക്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും സമയത്ത് വികസനഫണ്ട് ലഭിക്കാത്തതാണ് ഭക്ഷണവിതരണം മുടങ്ങാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.