കായിക താരങ്ങൾക്കായി ഡേ ബോർഡിംഗ് സെന്ററുകൾ
1598942
Saturday, October 11, 2025 11:10 PM IST
ഇടുക്കി: കായിക താരങ്ങൾക്കായി സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡേ ബോർഡിംഗ് സെന്ററുകൾക്കു ജില്ലയിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായി ഇടുക്കിയിലാണ് പദ്ധതി ആരംഭിക്കുന്നത്. കാൽവരിമൗണ്ട് കാൽവരി ഹൈസ്കൂളിലാണ് പദ്ധതിക്കു തുടക്കമിട്ടത്.
കാൽവരിമൗണ്ട് സെന്റ് ജോർജ് പാരീഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കായികരംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജില്ലയിൽ പുത്തൻ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ 2025 ജൂണ്‍, ജൂലൈ മാസങ്ങളിൽ അഞ്ച് ബോർഡിംഗ് സെന്ററുകൾക്കായി അനുവദിച്ച 3,32,920 രൂപയുടെ ചെക്ക് അതതു സെന്റർ അധികൃതർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
താരങ്ങൾക്കു പരിശീലനം
പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാദമി, കാൽവരി മൗണ്ട് കാൽവരി ഹൈസ്കൂൾ, എസ്എൻവിഎച്ച്എസ്എസ് എൻആർസിറ്റി, മൂലമറ്റം ഗവ. ഹൈസ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഡേ ബോർഡിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്.
എം.എം. മണി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് മെംബർ റീന സണ്ണി, ഇടുക്കി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ മാനേജർ ഫാ.ജോർജ് തകിടിയേൽ, മൂവാറ്റുപുഴ കോർപറേറ്റ് എഡ്യൂക്കേഷൻ മാനേജർ ഫാ. ബിജു വെട്ടുകല്ലേൽ, കാൽവരി ഹൈസ്കൂൾ മാനേജർ ഫാ.ഫിലിപ് മന്നാകത്ത് എന്നിവർ പ്രസംഗിച്ചു.
പരിശീലനം ഇങ്ങനെ
അത്ലറ്റിക്സ്, ഫുട്ബോൾ, തായ്ക്കോണ്ട എന്നീ കായിക ഇനങ്ങളിലാണ് സെന്ററുകളിൽ പരിശീലനം. ഓരോ കായിക ഇനത്തിലും 25 വീതം കുട്ടികളെ തെരഞ്ഞെടുക്കും. ഒരു ഗ്ലാസ് പാൽ, മുട്ട, പഴം എന്നീ പ്രകാരം 40 രൂപയുടെ ലഘുഭക്ഷണം പ്രതിദിനം നൽകിയാണ് കുട്ടികൾക്കു പരിശീലനം. പ്രാഥമിക ഘട്ടത്തിൽ സ്കൂൾ കായികാധ്യാപകരാണ് പരിശീലനം നൽകുന്നത്.