ഷൂട്ടിംഗിനെത്തിയ സിനിമാ പ്രവർത്തകരെ ആക്രമിച്ചെന്ന് പരാതി
1461109
Tuesday, October 15, 2024 12:37 AM IST
തൊടുപുഴ: ഷൂട്ടിംഗിനായി ലോഡ്ജിൽ താമസിച്ചിരുന്ന സിനിമ അണിയറ പ്രവർത്തകരെ സംഘം ചേർന്നെത്തിയവർ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ മൂന്ന് ആർട്ട്വർക്ക് ജീവനക്കാരാണ് ഞായറാഴ്ച രാത്രി ആക്രമണത്തിനിരയായത്.
കോഴിക്കോട് സ്വദേശി റെജിൽ, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി. തൊടുപുഴ സ്വദേശിയായ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് അതിക്രമത്തിന് ഇരയായവർ പറഞ്ഞു.
ചിത്രീകരണം ആരംഭിക്കുന്ന മലയാള ചലച്ചിത്രത്തിനുവേണ്ടി സെറ്റ് ഇടുന്നതിനായി ആറു പേരാണ് ഒരാഴ്ച മുന്പ് തൊടുപുഴയിൽ എത്തിയത്. രണ്ട് ലോഡ്ജുകളിലായാണ് ഇവർ താമസിച്ചിരുന്നത്.
ഇതിൽ തൊടുപുഴ ഗവ.ബോയ്സ് സ്കൂളിനു സമീപത്തെ ലോഡ്ജിൽ താമസിച്ചിരുന്നവർക്കാണ് മർദനമേറ്റത്. അർധരാത്രി മുറിയിൽ അതിക്രമിച്ചു കയറിയ ഇരുപതോളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്നു പരിക്കേറ്റവർ പറഞ്ഞു.
മുറിയിൽ ഉറങ്ങുകയായിരുന്ന തങ്ങളെ വിളിച്ചുണർത്തിയാണ് ആക്രമിച്ചത്. പല സംഘങ്ങളായി തിരിഞ്ഞാണ് അക്രമികൾ മുറിക്കുള്ളിൽ അതിക്രമിച്ചു കയറിയതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.