പുഴയിൽനിന്നു വാരിയിട്ട എക്കൽ മാറ്റുന്നില്ല; കർഷകൻ ദുരിതത്തിൽ
1458357
Wednesday, October 2, 2024 6:54 AM IST
ഉപ്പുതറ: പുഴയിൽനിന്നു കൃഷിഭൂമിയിൽ കോരിയിട്ട എക്കൽ മണ്ണു നീക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ. കൈതപ്പതാൽ കരിങ്കുറ്റിയിൽ കെ.പി. ജോസഫിന്റെ സ്ഥലത്ത് 2022ലാണ് ചിന്നാർ പുഴയിൽനിന്നു ലോഡു കണക്കിന് എക്കൽ മണ്ണ് കോരിയിട്ടത്. മണ്ണു മാറ്റി പുഴയോരം കെട്ടി ഭൂമി സംരക്ഷിക്കാമെന്ന ഉറപ്പിലാണ് എക്കൽ മണ്ണു കോരിയിടാൻ കർഷകൻ അനുവദിച്ചത്.
പലതവണ ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
ആകെ 80 സെന്റ് സ്ഥലമാണ് ജോസഫിനുള്ളത്. ഇതിൽ മുപ്പതു സെന്റോളം സ്ഥലത്താണ് എക്കൽ മണ്ണു കിടക്കുന്നത്. കാടുമൂടി കിടക്കുന്ന ഇത്രയും സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
2018-19 വർഷത്തിൽ ഉണ്ടായ പ്രളയത്തിലാണ് ചിന്നാർ പുഴയുടെ ഈ ഭാഗത്ത് വൻ തോതിൽ മണ്ണും മണലും ഉൾപ്പെടെയുള്ള എക്കൽ അടിഞ്ഞു കൂടിയത്. ഇത് സ്വാഭാവിക നീരൊഴുക്കിന് തടസമായി. തുടർന്നാണ് പുഴയെ വീണ്ടെടുക്കാൻ എക്കൽ മണ്ണ് കോരി മാറ്റാൻ നദീ സംരക്ഷണവകുപ്പിന് സർക്കാർ ഉത്തരവ് നൽകിയത്.
മണ്ണ് കോരിയിടാൻ ജോസഫിന്റെ സ്ഥലം പ്രയോജനപ്പെടുത്തി. ഉടൻ മണ്ണു മാറ്റാമെന്നും കരുതൽ പദ്ധതിയുടെ ഭാഗമായി സ്ഥലവും പുയയുടെ തീരവും പങ്കിടുന്ന ഭാഗം സംരക്ഷണഭിത്തി നിർമിച്ചുനൽകാമെന്നും ഉറപ്പു നൽകുകയും ചെയ്തിരുന്നു. സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിലും തന്റെ ഭൂമിയിൽ കോരിയിട്ട എക്കൽ മണ്ണു നീക്കി കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് ജോസഫിന്റെ ആവശ്യം.