ഓണം: ആനയാടിക്കുത്തിൽ ആഘോഷം അലയടിച്ചു
1454179
Wednesday, September 18, 2024 11:36 PM IST
തൊമ്മൻകുത്ത്: ഓണം ആഘോഷിക്കാൻ ആനയാടിക്കുത്ത് വെള്ളച്ചാട്ടത്തിൽ എത്തിയത് നൂറുകണക്കിന് സന്ദർശകർ. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിനു താഴെ അപകടരഹിതമായി കുട്ടികൾക്കു പോലും ഇറങ്ങാമെന്നതാണ് ഇവിടേക്ക് കുടുംബങ്ങളെ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകർഷിക്കാൻ കാരണം. ഓണനാളുകളിൽ രാവിലെ മുതൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. കാട്ടുചോലയുടെ തണലിൽ പാറക്കെട്ടുകളിൽ കൂടി അപകടമില്ലാതെ അനായാസം നടക്കാമെന്നതും ആനയാടിക്കുത്തിന്റെ പ്രത്യേകത. ഒട്ടേറെ കുടുംബങ്ങളാണ് ഇവിടെയെത്തി വെള്ളത്തിലിറങ്ങിയും കുളിച്ചും അവധി ആഘോഷിച്ചത്.
ആനയാടിക്കുത്തിലൂടെ ഒഴുകുന്ന വെള്ളാരംതോട് തൊമ്മൻകുത്തിലെ കണ്ണാടിപ്പുഴയുടെ കൈവഴിയാണ്. ഇത് തൊമ്മൻകുത്ത് ചപ്പാത്തിന് ഒരു കിലോമീറ്റർ താഴെ കണ്ണാടിപ്പുഴയിൽ ചേർന്ന് പിന്നീട് കാളിയാർ പുഴയായി ഒഴുകും. എന്നാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഏറെ സാധ്യതയുണ്ടായിട്ടും ഇത് പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ പഞ്ചായത്തോ വിനോദ സഞ്ചാര വകുപ്പോ യാതൊരു വിധ പദ്ധതികളും ഏറ്റെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനംവകുപ്പും ഇവിടെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. വികസന പ്രവർത്തനത്തിനും വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ തിരിച്ചടിയാണ്.
എന്നാൽ ജണ്ടയിട്ടു തിരിച്ച് വനവും കൃഷിഭൂമിയും വേർതിരിച്ചിരിക്കുന്നതിനാൽ ജനവാസമേഖലയിലുള്ള വനം വകുപ്പിന്റെ കടന്നുകയറ്റം അംഗീകരിക്കാൻ പ്രദേശവാസികൾ തയാറല്ല. പഞ്ചായത്തോ വിനോദ സഞ്ചാരവകുപ്പോ ആനയാടിക്കുത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
വെള്ളാരംതോടിനു കുറുകെ മുണ്ടയ്ക്കൽ കടവിൽ തൂക്കുപാലവും പാറക്കെട്ടു വഴികയറിപ്പോകാൻ നടപ്പാതയും പണിയണമെന്ന ആവശ്യവും ഏറെ നാളായി ഉന്നയിക്കുന്നുണ്ട്. നെയ്യശേരി -തോക്കുന്പൻ സാഡിൽ റോഡ് കടന്നു പോകുന്നത് ആനയാടികുത്തിന് 150 മീറ്റർ മാത്രം മാറിയാണ്. റോഡു നിർമാണം പൂർത്തിയായി ബസ് സർവീസ് ആരംഭിച്ചാൽ ഇവിടേക്കു സന്ദർശകരുടെ പ്രവാഹമാകും. സഞ്ചാരികൾക്ക് വലിയ വാഹനങ്ങളിൽ ഇവിടെ എത്താനും കഴിയും.