60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ; ഒരാള്‍ രക്ഷപ്പെട്ടു
1453378
Saturday, September 14, 2024 11:48 PM IST
കുമളി: കുമളിയില്‍ വാഹനപരിശോധനയില്‍ 60 ഗ്രാം എംഡിഎംഎയുമായി കാറില്‍ വന്ന രണ്ടു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കുമളി കൊല്ലംപട്ടട പറങ്ങാട്ടുവീട്ടില് ബിക്കു (42), കുമളി പഴയ എക്സ്ചേഞ്ച്പടി ഭാഗത്ത് ചെമ്പാനയില് അനൂപ് വര്‍ഗീസ് (37) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 1.30ഓടെ ഒന്നാംമൈലിനു സമീപം കുമളി എസ്ഐ ലിജോ പി. മണിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പോലീസ് കാറിനു കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്തി ഒരാള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
വാഹനത്തിന്റെ ഡാഷ് ബോഡില്‍ കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പ്രതികളുടെ മൊഴിയെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുമളി അഡീഷണല്‍ എസ്ഐ പി.കെ. സുനില്‍, സിപിഒ സനല്‍ സോമന്, എ.ആര്. ജിബിന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.