സഹ. ബാങ്കിലെ തട്ടിപ്പ് മാനേജർ അറസ്റ്റിൽ
1452278
Tuesday, September 10, 2024 10:46 PM IST
കുമളി: നെടുങ്കണ്ടം ആസ്ഥാനമായുള്ള ഇടുക്കി ഡിസ്ട്രിക്ട് ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് കുമളി ശാഖയിലടക്കം രണ്ട് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുമളി ശാഖാ മാനേജരെ ക്രൈം ബ്രാഞ്ച് സാന്പത്തിക വിഭാഗം അറസ്റ്റ് ചെയ്തു. കുമളി കുങ്കിരിപ്പെട്ടി തുണ്ടത്തിൽ വൈശാഖ് മോഹൻ (38) ആണ് പിടിയിലായത്. ഇയാൾ ഒളിവിലായിരുന്നു.
രണ്ട് മാസം മുൻപ് ബാങ്ക് അധികൃതരുടെ പരാതിയെത്തുടർന്ന് കുമളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുമളി ബ്രാഞ്ചിൽ 1 .49 കോടിയും കട്ടപ്പന ബ്രാഞ്ചിൽ 50 ലക്ഷം രൂപയുമാണ് ഇയാൾ തിരിമറി നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ബാങ്കിന് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. 2021 മുതൽ 24 വരെ കുമളി ശാഖയിലെ മാനേജരായിരുന്നപ്പോഴാണ് വൈശാഖ് തട്ടിപ്പ് നടത്തിയത്. കട്ടപ്പനയിലും ഇതാവർത്തിച്ചു. വൈശാഖിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും ചിട്ടിയിൽനിന്നുള്ള തുക തിരിമറി നടത്തിയും നിക്ഷേപങ്ങളിലെ പണം തട്ടിയെടുത്തുമാണ് പണാപഹരണം നടത്തിയത്. വായ്പ തിരിച്ചടക്കാൻ നൽകിയ തുക മരിച്ചയാൾക്ക് ചിട്ടിപ്പണമായി നൽകിയെന്ന് രേഖയുണ്ടാക്കി. പലരുടെയും ഫിക്സഡ് ഡിപ്പോസിറ്റ് തുകയും തട്ടിയെടുത്തു. പുതിയ ഭരണ സമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
ലക്ഷങ്ങൾ നിക്ഷേപിച്ച സാധാരണക്കാർ പണം തിരികെ ലഭിക്കാൻ ബാങ്കിൽ കയറിയിറങ്ങുകയാണ്. പ്രതിയെ ഇന്നലെ കുമളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.