പതിപ്പള്ളിയിൽ കവർച്ചാ സംഘങ്ങളുടെ ശല്യം രൂക്ഷം
1444095
Sunday, August 11, 2024 9:46 PM IST
മൂലമറ്റം: പതിപ്പള്ളി മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ആശങ്കയിലായി. കഴിഞ്ഞ ദിവസം മേഖലയിൽ എത്തിയ മോഷ്ടാവ് വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചു. സമീപത്തെ മറ്റൊരു വീട്ടിലെ ഫ്യൂസൂരിയതോടെ താമസക്കാർ ഇരുട്ടിലായി. പതിപ്പള്ളി വനിത ശിശുക്ഷേമ വകുപ്പിന്റെ കെട്ടിടത്തിൽനിന്ന് 250 മീറ്റർ അകലെയുള്ള വീടുകളിലാണ് മോഷ്ടാവെത്തിയത്. ഇവിടെ പിഡബ്ല്യുഡി റോഡിനോട് ചേർന്നുള്ള സ്ത്രീകൾ മാത്രമുള്ള വീട്ടിലാണ് ആദ്യം എത്തിയത്. കുട്ടികളുള്ളതിനാൽ ഇവർ നേരത്തേതന്നെ വീടിന് പുറത്തെ വെളിച്ചം അണച്ചിരുന്നു. പിന്നീട് 11 ഓടെ മുറിയിലെ വെളിച്ചവും അണച്ച് വീട്ടുകാർ ഉറങ്ങാൻ കിടന്നു.
ഈ സമയം ഫോണ് ബെല്ലടിച്ചതിനെത്തുടർന്ന് എഴുനേറ്റ വീട്ടമ്മയാണ് മോഷ്ടാവിന്റെ ശബ്ദം കേട്ടത്. പലതവണ വാതിലിൽ മുട്ടിയതോടെ ലൈറ്റിടാതെ പുറത്തേക്ക് നോക്കിയപ്പോൾ ആളെ കണ്ടു. ഭയന്ന് പോയതിനാൽ ഇവർ അമ്മയെ വിളിച്ച് വരുത്തി വീടിന് ചുറ്റും ലൈറ്റിട്ടു. ഈ സമയം വീടിന്റെ സിറ്റൗട്ടിന് സമീപത്തെ ജനലിന് താഴെ ഒളിച്ചിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊക്കം കുറഞ്ഞ മെലിഞ്ഞയാളാണെന്നും ബർമുഡയും ടീ ഷർട്ടും ആണ് വേഷമെന്നും ഇരുവരും പറയുന്നു. വീടിന്റെ ജനലുകൾ തുറക്കാനും മോഷ്ടാവ് ശ്രമിച്ചിട്ടുണ്ട്. ഇതിനൊപ്പം വീടിനു സമീപത്ത് കൃഷകളും ചവിട്ടി നശിപ്പിച്ചിട്ടുമുണ്ട്. മണിക്കൂറുകളോളം മോഷ്ടാവ് ഇവിടെ ചെലവഴിച്ചതായാണ് സംശയം.
ഇവിടെനിന്ന് താഴേക്ക് ഓടിയ മോഷ്ടാവ് പിന്നീട് റോഡിൽനിന്ന് 200 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള വീട്ടിലെത്തി. വീടിനു സമീപത്തൂടെ ആരോ നടക്കുന്നത് തിരിച്ചറിഞ്ഞ വീട്ടുകാർ പുറത്തെ ലൈറ്റിട്ടു. ഇവിടെ നായ ഉണ്ടായിരുന്നെങ്കിലും ഇതിനെ തല്ലിയോടിച്ചു. പിന്നാലെ മീറ്ററിന് സമീപമുള്ള ഫ്യൂസൂരി എടുത്ത കള്ളൻ ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെ രാത്രി മുഴുവൻ ഉറങ്ങാതെ കവർച്ചക്കാർ വരുമോ എന്ന ഭയത്തിൽ വീട്ടുകാർക്ക് ഇരുട്ടിൽ കഴിയേണ്ടി വന്നു. സംഭവമറിഞ്ഞ് അയൽവാസികൾ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.