കുത്തകപ്പാട്ട ഭൂ ഉടമയ്ക്ക് കുടിയിറക്ക് നോട്ടീസ്: റവന്യുവകുപ്പ് പണിതുടങ്ങി
1442007
Sunday, August 4, 2024 10:37 PM IST
നെടുങ്കണ്ടം: ഏലം കുത്തകപ്പാട്ട ഭൂ ഉടമയ്ക്ക് റവന്യു വകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്. പാമ്പാടുംപാറ കോട്ടപ്പുറത്ത് ചാക്കോ ചാണ്ടിക്കാണ് ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാര്‍ കുടിയിറക്ക് നോട്ടീസ് നല്‍കിയത്.
ഏലം കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് മുന്നോടിയായുള്ള നോട്ടീസ് ചാക്കോയ്ക്ക് നല്‍കിയത്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം കേരള ഭൂ സംരക്ഷണ നിയമപ്രകാരം ക്രിമിനല്‍ കേസ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍, തനിക്ക് ആകെയുള്ള ഭൂമിയും കിടപ്പാടവുമാണ് ഇതെന്ന് ചാക്കോ പറഞ്ഞു.
1997ലാണ് ചാക്കോ പാമ്പാടുംപാറ ടൗണിനോട് ചേര്‍ന്നു 90 സെന്റ് ഭൂമി വാങ്ങിയത്.
തൊട്ടടുത്ത വര്‍ഷം ഇവിടെ വീടും ഇതിനോടു ചേര്‍ന്നുതന്നെ മൂന്ന് ഷട്ടര്‍ മുറികളും പണിതു.
ഇതില്‍നിന്നുള്ള വരുമാനവും കൃഷിയുംകൊണ്ടാണ് ചാക്കോ ഉപജീവനം നടത്തുന്നത്. കുത്തകപ്പാട്ട ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചത് വ്യവസ്ഥയുടെ ലംഘനമാണെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
എന്നാല്‍, 1998 ല്‍ നിര്‍മിച്ച കെട്ടിടത്തിന് കാല് നൂറ്റാണ്ടിന് ശേഷം നോട്ടീസ് നല്‍കിയതിന് പിന്നില്‍ ദുരൂഹതയുള്ളതായി കര്‍ഷകര്‍ പറയുന്നു.
ഉടുമ്പന്‍ചോല താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളും കുത്തകപ്പാട്ട ഭൂമിയാണ്. മുമ്പ് ഏക്കറുകണക്കിന് കുത്തകപ്പാട്ട ഭൂമിയുണ്ടായിരുന്ന തമിഴര്‍ ഇവ ചില്ലറയായി മുറിച്ച് കര്‍ഷകര്‍ക്ക് വില്‍ക്കുകയായിരുന്നു.
കുത്തകപ്പാട്ട ഭൂമിയില്‍തന്നെ നിരവധി കെട്ടിടങ്ങളും വീടുകളും സ്ഥാപനങ്ങളും നിലവിലുണ്ട്.
ഇത്തരത്തിലുള്ളവരെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം വലിയ പ്രതിഷേധത്തിനു കാരണമാകുകയാണ്.