മാർച്ചും ധർണയും നടത്തി
1338506
Tuesday, September 26, 2023 11:04 PM IST
ചെറുതോണി: ട്രഷറികൾ പൂട്ടിയും ബില്ലുകൾ തടഞ്ഞുവച്ചും കരാറുകാരെ സർക്കാർ ദ്രോഹിക്കുന്നതായി ആരോപിച്ച് ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈനാവ് സബ് ട്രഷറിക്കു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഓണത്തിനുപോലും ബിൽതുക നൽകാതെ കരാറുകാരെ സർക്കാർ ദ്രോഹിച്ചു.
പൂർത്തിയാക്കിയ കരാർ ജോലികളുടെ ബില്ലുകൾ മാറി പണം നൽകാൻ തയാറാകാതെ സർക്കാർ കരാറുകാരെ വഞ്ചിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും കാഴ്ചപ്പാടില്ലാത്ത പ്രവർത്തനങ്ങളാണ് നാടിന്റെ നാശത്തിനു കാരണം.
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മന്ത്രിമാരെ ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണത്തിന് കളമൊരുക്കുന്നതാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകരാൻ കാരണമെന്നും നേതാക്കൾ ആരോപിച്ചു.
സമരം ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി മാരിയിൽ അധ്യക്ഷത വഹിച്ചു.ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.സി. ജോൺസൺ, കെ.ആർ. സുരേഷ്, എം.എ. അൻസാരി, എം.വി. ബേബി, ഷൈൻ ജോസഫ്, സിബി കട്ടപ്പന, രാജു കണ്ണംകോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.